ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു 'തീര്‍ത്തു'... കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഡല്‍ഹി നാണംകെട്ടു

Posted By: Mohammed shafeeq ap

കൊല്‍ക്കത്ത: തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരവേറ്റത് തല്ലിതകര്‍ത്തും എറിഞ്ഞൊതുക്കിയും. ബാറ്റ്‌സ്മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിനു ശേഷം ബൗളര്‍മാരും ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത കെകെആര്‍ 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും ആഘോഷിച്ചു. കൊല്‍ക്കത്ത ഒമ്പത് വിക്കറ്റിന് 200 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ഡല്‍ഹിയുടെ മറുപടി 14.2 ഓവറില്‍ 129 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ സീസണിലെ രണ്ടാം ജയവും ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത തങ്ങളുടെ പേരിലാക്കി.

1

ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപ്റ്റന്‍ ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനിലേക്ക് കൊല്‍ക്കത്ത വരവേറ്റത് ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിലൂടെയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിന്നാലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയും വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. അവസാന ഓവറുകളില്‍ തല്ലിതകര്‍ത്ത റസ്സല്‍ 12 പന്തില്‍ നിന്ന് ആറ് പടുകൂറ്റന്‍ സിക്‌സറോടെ 41 റണ്‍സാണ് അടിച്ചുകൂട്ടിയത്. റസ്സലിനെ കൂടാതെ അര്‍ധസെഞ്ച്വറിയുമായി നിതിഷ് റാണെയും (59) തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് റാണെയുടെ ഇന്നിങ്‌സ്.

2

റോബിന്‍ ഉത്തപ്പ 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 35 റണ്‍സെടുത്തു. ക്രിസ് ലിന്‍ 29 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 31 റണ്‍സ് കണ്ടെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 19 റണ്‍സ് നേടി. ഡല്‍ഹിക്കു വേണ്ടി രാഹുല്‍ ടെവാട്ടിയ മൂന്നും ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഡല്‍ഹി കെകെആറിനെ ബാറ്റിങിനയക്കുകയായിരുന്നു.

3

മറുപടിയില്‍ മധ്യനിരയില്‍ റിഷഭ് പന്തും (43) ഗ്ലെന്‍ മാക്‌സ് വെല്ലും (47) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഡല്‍ഹിയെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഇരുവര്‍ക്കും പുറമേ മറ്റു ഡല്‍ഹി താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാന്‍ പോലും കഴിഞ്ഞില്ല. ഗംഭീറിന് എട്ടു റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവുമാണ് ഡല്‍ഹി ബാറ്റിങ് നിരയെ തകര്‍ത്തത്. പിയൂഷ് ചൗള, റസ്സല്‍, ശിവാം മാവി, ടോം ഖുറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം തോല്‍വി കൂടിയാണിത്.
നീണ്ടക്കാലം ഈഡന്‍ ഗാര്‍ഡനിനും കൊല്‍ക്കത്തന്‍ ആരാധകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന ഇടംകൈ ബാറ്റ്‌സ്മാന്‍. എതിരാളിയായി വരുമ്പോഴും ആ പ്രിയം ഇപ്പോഴും ഈഡന്‍ ഗാര്‍ഡന്‍ കാത്തുസൂക്ഷിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്. എന്നാല്‍, കൊല്‍ക്കത്തന്‍ ടീമിന്റെ ഓള്‍റൗണ്ട് പ്രകടനം ഗംഭീറിന്റെ ഈഡന്‍ ഗാര്‍ഡനിലേക്കുള്ള വരവ് വന്‍ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 16, 2018, 19:22 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍