ഐപിഎല്‍ തുടങ്ങും മുന്‍പ് ദില്ലി ടീമിന് വന്‍ തിരിച്ചടി; ബൗളര്‍ റബാഡ പുറത്ത്

Posted By: rajesh mc
ദക്ഷിണാഫ്രിക്കൻ ബൗളർ റബാഡ IPLൽ നിന്ന് പുറത്ത് | Oneindia Malayalam

ദില്ലി: ഐപിഎല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ദില്ലി ഡെയര്‍ ഡെവിള്‍സിന് കനത്ത തിരിച്ചടിയായി മുഖ്യ ബൗളര്‍ കാഗിസോ റബാഡ പുറത്ത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് 2018ലെ ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നത്. 4.2 കോടി രൂപയ്ക്കാണ് ലോക ഒന്നാം നമ്പര്‍ ബൗളറെ ദില്ലി ടീമിലെത്തിച്ചത്.

റബാഡയ്ക്ക് മൂന്നുമാസം കളിക്കളത്തില്‍ നിന്നും പുറത്തിരിക്കേണ്ടി വരുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഒരു മാസം പൂര്‍ണ വിശ്രമം ആവശ്യമാണ്. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമേ ഇനി താരത്തിന് കളിക്കാന്‍ കഴിയുകയുള്ളൂവെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി.

kagiso

അടുത്തിടെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിനെതിരെയും, ഓസ്‌ട്രേലിയന്‍ ടീമിനെതിരെയും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് റബാഡ. രണ്ടു പരമ്പരകളും സ്വന്തമാക്കാന്‍ റബാഡയുടെ പ്രകടനം ടീമിന് തുണയായി. ജൂലൈയില്‍ രണ്ട് ടെസ്റ്റുകളും, അഞ്ച് ഏകദിന മത്സരങ്ങളും, ഒരു ടി20യും ദക്ഷിണാഫ്രിക്ക ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്.

റബാഡയുടെ പുറത്താകല്‍ ദില്ലി ടീമിനെയാണ് കാര്യമായി ബാധിക്കുക. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുന്ന ദില്ലിയുടെ മുഖ്യ ബൗളറാണ് റബാഡ. റബാഡയുടെ അഭാവത്തില്‍ ഇന്ത്യന്‍താരം മുഹമ്മദ് ഷമി ദില്ലിയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 6, 2018, 8:26 [IST]
Other articles published on Apr 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍