ഒന്നാം ട്വന്റി-20: ഇന്ത്യയ്ക്ക് ആധികാരിക ജയം, ലങ്ക 126 റണ്‍സിന് പുറത്ത്

കൊളംബോ: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 38 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 126 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റു വീണതാണ് ആതിഥേയര്‍ക്ക് വിനയായത്.

ലങ്കന്‍ നിരയില്‍ ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. താരം 26 പന്തില്‍ 44 റണ്‍സ് കുറിച്ചു. 3 വീതം സിക്‌സും ഫോറും ഇദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ട്. 16 ആം ഓവറില്‍ അസലങ്കയെ ദീപക് ചഹര്‍ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിക്കുമായി. ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിയൊഴികെ മറ്റെല്ലാവരും വിക്കറ്റു കണ്ടെത്തി. ഭുവനേശ്വര്‍ കുമാറിന് 4 വിക്കറ്റുണ്ട്. ദീപക് ചഹറിന് രണ്ടും. ക്രുണാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.

ആദ്യ രണ്ടോവറില്‍ 20 പിന്നിട്ട ശ്രീലങ്കയ്ക്ക് ആദ്യം കടിഞ്ഞാണിട്ടത് ക്രുണാല്‍ പാണ്ഡ്യയാണ്. പേസര്‍മാര്‍ റണ്‍ വഴങ്ങുന്നതുകൊണ്ട് ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറായ ക്രുണാലിനെ ധവാന്‍ അവതരിപ്പിച്ചു. ഈ നീക്കം ഫലം കാണുകയും ചെയ്തു. ഓവറിലെ മൂന്നാം പന്തില്‍ ഭാനുകയെ (7 പന്തില്‍ 10) സൂര്യകുമാര്‍ യാദവ് പിടിച്ചെടുത്തു. ഏഴാം ഓവറിലാണ് ലങ്കയുടെ രണ്ടാമത്തെ വീഴ്ച. ഡിസില്‍വയുടെ (10 പന്തില്‍ 9) വിക്കറ്റുംകൊണ്ടു യുസ്‌വേന്ദ്ര ചഹല്‍ പാഞ്ഞു.

എട്ടാം ഓവറില്‍ അപകടകാരിയ അവിഷ്‌കോ ഫെര്‍ണാഡോയെ (23 പന്തില്‍ 26) ഭുവനേശ്വര്‍ കുമാറും കുടുക്കിയതോടെ ലങ്ക പതറി. ആഷന്‍ ബണ്ടാരയ്ക്കും (19 പന്തില്‍ 9) സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന ചെയ്യാനായില്ല. ഇതിനിടെ ചരിത് അസലങ്കയുടെ തകര്‍പ്പനടി ഇന്ത്യന്‍ ക്യാംപിലും ആശങ്ക പരത്തി.

30 പന്തില്‍ 58 റണ്‍സ് നില്‍ക്കെ ദീപക് ചഹറിന് പന്തേല്‍പ്പിക്കാനുള്ള ധവാന്റെ തീരുമാനം മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവായി. 16 ആം ഓവറിലെ മൂന്നാം പന്തില്‍ അസലങ്ക പൃഥ്വി ഷായുടെ കൈകളില്‍ ഒതുങ്ങി. ഇഷ്ടയിടമായ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പന്തിനെ ഉയര്‍ത്തിയടിക്കാന്‍ അസലങ്ക നടത്തിയ ശ്രമം ചഹറിന്റെ സ്ലോ ബോളില്‍ പാളി. അസലങ്കയ്ക്ക് ശേഷമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് ലങ്കയ്ക്കുണ്ടായില്ല. വാലറ്റത്ത് ഹസരംഗ, കരുണരത്‌നെ, ഉഡാന, ചമീര എന്നിവരെല്ലാം ഒറ്റ സംഖ്യയില്‍ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് സ്‌കോര്‍ബോര്‍ഡില്‍ 164 റണ്‍സ് കണ്ടെത്തിയത്. ഇന്നിങ്‌സിനിടെ 5 വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി.

34 പന്തില്‍ 50 തികച്ച സൂര്യകുമാര്‍ യാദവും 36 പന്തില്‍ 46 റണ്‍സ് കുറിച്ച ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ നിരയിലെ റണ്‍വേട്ടക്കാര്‍. സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ 2 സിക്‌സും 5 ഫോറും ആരാധകര്‍ കണ്ടു. 1 സിക്‌സും 4 ഫോറും ധവാന്റെ ബാറ്റില്‍ നിന്നും പിറന്നു. മലയാളി താരം സഞ്ജു സാംസണ്‍ 20 പന്തില്‍ 1 സിക്‌സും 2 ഫോറുമടക്കം 27 റണ്‍സാണ് അടിച്ചത്.

ലങ്കയ്ക്കായി 6 പേരാണ് പന്തെടുത്തത്. വാനിഡു ഹസരംഗയ്ക്കും ദുഷ്മന്ത ചമീരയ്ക്കും 2 വിക്കറ്റ് വീതമുണ്ട്. ചാമിക കരുണരത്‌നെ 1 വിക്കറ്റു കുറിച്ചു. ട്വന്റി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായെ (0) ആദ്യ പന്തില്‍ പുറത്താക്കിയാണ് ലങ്ക തുടങ്ങിയത്. ഫുള്‍ ലെങ്തില്‍ ചമീര തൊടുത്ത ഔട്ട്‌സ്വിങ്ങറില്‍ പൃഥ്വി ഷാ കുടുങ്ങുകയായിരുന്നു. ഓഫ് സ്റ്റംപിന് വെളിയിലൂടെ പാഞ്ഞ പന്തില്‍ ബാറ്റുവെച്ച താരം കീപ്പര്‍ ക്യാച്ചിലൂടെ വന്നതിലും വേഗത്തില്‍ മടങ്ങി.

തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു സാംസണ്‍, നായകന്‍ ശിഖര്‍ ധവാനുമൊത്ത് ഇന്നിങ്‌സ് സാവധാനം പടുത്തുയര്‍ത്തി. 6 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കുറിച്ചു. ഏഴാം ഓവറിലാണ് സഞ്ജുവിന്റെ (20 പന്തില്‍ 27) പുറത്താകല്‍. പിച്ചില്‍ കുത്തിയ ശേഷം പാഞ്ഞെത്തിയ ഹസരംഗയുടെ വേഗമേറിയ ഡെലിവറില്‍ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി.

തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച സൂര്യകുമാര്‍ യാദവ് ധവാനൊപ്പം അടിച്ചുതകര്‍ത്തു. രണ്ടിന് 78 റണ്‍സെന്ന നിലയിലാണ് ഇന്ത്യ 10 ഓവര്‍ തികച്ചത്. 15 ആം ഓവര്‍ വരെ ധവാന്‍ - സൂര്യകുമാര്‍ കൂട്ടുകെട്ട് ക്രീസില്‍ നിലകൊണ്ടു. 15 ആം ഓവറിലെ ആദ്യ പന്തില്‍ കരുണരത്‌നയെ പറത്താനുള്ള ശ്രമമാണ് ധവാന്റെ (36 പന്തില്‍ 46) വിക്കറ്റില്‍ കലാശിച്ചത്. ലെങ്ത് ബോളിനെ കടന്നാക്രമിച്ച ധവാനെ ഡീപ്പ് ബാക്ക് വാര്‍ഡ് സ്‌ക്വയറില്‍ ആഷന്‍ ബണ്ഡാര കൈപ്പിടിയിലാക്കി. ഇതോടെ ഇന്ത്യന്‍ നായകന്റെ നിസ്വാര്‍ത്ഥമായ ഇന്നിങ്‌സിനും തിരശ്ശീല വീണു.

ടോപ് ഗിയറിലേക്ക് കടന്ന സൂര്യുകുമാര്‍ യാദവിനെ (34 പന്തില്‍ 50) ഹസരംഗയാണ് പറഞ്ഞയച്ചത്. 16 ആം ഓവറിലെ രണ്ടാം പന്തും സിക്‌സിന് പറത്താനുള്ള സൂര്യകുമാര്‍ യാദവിന്റെ ശ്രമം ഹസരംഗ നിഷ്ഫലമാക്കി. ലെഗ് ബ്രേക്കിനെതിരെ രണ്ടു ചുവടിറങ്ങി വീശാനുള്ള സൂര്യകുമാര്‍ യാദവിന്റെ നീക്കം പാളി. പന്ത് കൃത്യമായി ലോങ് ഓഫില്‍ സബ്സ്റ്റിറ്റിയട്ടായി നിന്ന രമേഷ് മെന്‍ഡിസിന്റെ കൈകളില്‍ താണിറങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചെങ്കിലും നടന്നില്ല. 19 ആം ഓവറിലെ നാലാം പന്തില്‍ ഹസരംഗ താരത്തെ പുറത്താക്കി. 1 സിക്‌സും 1 ഫോറുമടക്കം 14 പന്തില്‍ 20 റണ്‍സുമായി ഇഷന്‍ കിഷനും 3 പന്തില്‍ 3 റണ്‍സുമായി ക്രൂണാല്‍ പാണ്ഡ്യയുമാണ് ഇന്ത്യന്‍ സ്‌കോര്‍ 164 റണ്‍സില്‍ എത്തിച്ചത്.

ഇരു ടീമുകളുടെയും അന്തിമ ഇലവനെ ചുവടെ കാണാം.

ഇന്ത്യ:
ശിഖര്‍ ധവാന്‍ (നായകന്‍), പൃഥ്വി ഷാ, ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക:
അവിഷ്‌ക ഫെര്‍ണാഡോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, ചരിത് അസലന്‍ക, ദശുന്‍ ശനക (നായകന്‍), ആഷന്‍ ബണ്ഡാര, വാനിഡു ഹസരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: india sri lanka cricket
Story first published: Sunday, July 25, 2021, 20:19 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X