വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ഏകദിനത്തിലും ഇന്ത്യ തന്നെ, കിവികളെ നിഷ്പ്രഭരാക്കി കോലിയും സംഘവും

90 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

By Manu
1
44081

ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ കളിയില്‍ 90 റണ്‍സിനാണ് കോലിപ്പട കിവികളെ കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 324 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മികച്ച ബൗളിങിലൂടെ കിവികളെ ഇന്ത്യ എറിഞ്ഞൊതുക്കി. 40.2 ഓവറില്‍ 234 റണ്‍സിന് ആതിഥേയരെ ഇന്ത്യ പുറത്താക്കുകയായിരുന്നു.

ഡഗ് ബ്രെസ്‌വെല്‍ (57) മാത്രമേ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. 46 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടോം ലാതം (34), കോളിന്‍ മണ്‍റോ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും നാലു വിക്കറ്റ് കൊയ്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ കസറിയത്. ഭുവനേശ്വര്‍ കുമാറിനും യുസ്‌വേന്ദ്ര ചഹലിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

നേരത്തേ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (87) ശിഖര്‍ ധവാന്റെയും (66) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അമ്പാട്ടി റായുഡു (47), ക്യാപ്റ്റന്‍ വിരാട് കോലി (43) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. അവസാന ഓവറുകളില്‍ എംഎസ് ധോണിയുടെയും (48*) കേദാര്‍ ജാദവിന്റെയും (22*) വെടിക്കെട്ട് ഇന്നിങ്‌സുകളും ഇന്ത്യക്കു കരുത്തേകി. 33 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. ജാദവ് വെറും 10 പന്തിലാണ് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 22 റണ്‍സെടുത്തത്. ന്യൂസിലാന്‍ഡിനു വേണ്ടി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

96 പന്തില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് രോഹിത് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 67 പന്തില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ആദ്യ വിക്കറ്റില്‍ രോഹിത്- ധവാന്‍ സഖ്യം 154 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ മികച്ച സ്‌കോര്‍ ഉറപ്പിച്ചിരുന്നു.

ആദ്യ ഏകദിനത്തില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മിച്ചെല്‍ സാന്റ്‌നര്‍ക്കു പകരം ഇഷ് സോധിയും ടിം സോത്തിക്കു പകരം കോളിന്‍ ഡി ഗ്രാന്‍ഡോമും കളിച്ചു.

ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, ഇഷ് സോധി,
ഡഗ് ബ്രെസ്‌വെല്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം.

ഇന്ത്യ ആഗ്രഹിച്ച തുടക്കം

ഇന്ത്യ ആഗ്രഹിച്ച തുടക്കം

ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് സ്റ്റാര്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. കിവീസിന്റെ ന്യൂബോള്‍ ആക്രമണത്തെ കൂസലില്ലാതെ നേരിട്ട ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു.
154 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഈ സഖ്യം മുന്നേറവെയാണ് ട്രെന്‍ ബോള്‍ട്ടിലൂടെ കിവീസ് കളിയിലേക്കു തിരിച്ചുവന്നത്. 66 റണ്‍സെടുത്ത ധവാനെ പുറത്താക്കി ബോള്‍ട്ട് ഇന്ത്യന്‍ കുതിപ്പിന് ബ്രേക്കിട്ടു. 67 പന്തില്‍ ആറു ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ധവാനെ ടോം ലാതം പിടികൂടുകയായിരുന്നു.

വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത്

വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത്

ധവാന്‍ പുറത്തായെങ്കിലും രോഹിത് മറ്റൊരു സെഞ്ച്വറി കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ അനാവവശ്യ ഷോട്ടിനു ശ്രമിച്ച് രോഹിത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 87 റണ്‍സെടുത്തു നില്‍ക്കവെയാണ് ലോക്കി ഫെര്‍ഗൂസന്റെ ബൗളിങില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിന് ക്യാച്ച് സമ്മാനിച്ച് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്.
96 പന്തുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

കോലിയെ വീഴ്ത്തി ബോള്‍ട്ട്

കോലിയെ വീഴ്ത്തി ബോള്‍ട്ട്

അര്‍ധസെഞ്ച്വറിയിലേക്കു കുതിച്ച കോലിയെ വീഴ്ത്തിയത് ബോള്‍ട്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് കോലി 64 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെയാണ് ബോള്‍ട്ടിലൂടെ കിവീസ് ഇന്ത്യക്കു പ്രഹരമേല്‍പ്പിച്ചത്.
45 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയോടെ 43 റണ്‍സ് നേടിയ കോലിയെ ബോള്‍ട്ടിന്റെ ബൗളിങില്‍ ഇഷ് സോധി പിടികൂടുകയായിരുന്നു. ഇന്ത്യ മൂന്നിന് 236.

റായുഡുവിന് ഫിഫ്റ്റിയില്ല

റായുഡുവിന് ഫിഫ്റ്റിയില്ല

അമ്പാട്ടി റായുഡുവിന്റെ വിക്കറ്റാണ് കളിയില്‍ ഇന്ത്യക്കു അവസാനമായി നഷ്ടമായത്. ധോണിക്കൊപ്പം ചേര്‍ന്ന് റായുഡു കിവീസ് ബൗളിങ് ആക്രമണത്തെ നേരിട്ട് മുന്നേറവെയാണ് ലോക്കി ഫെര്‍ഗൂസന്‍ കളിയില്‍ തന്റെ രണ്ടാമത്തെ വിക്കറ്റും വീഴ്ത്തിയത്. അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വച്ച് റായുഡുവിനെ ഫെര്‍ഗൂസന്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

ഭുവി തുടങ്ങി

ഭുവി തുടങ്ങി

വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാന്‍ഡിന് ഓപ്പണര്‍മാരില്‍ മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും കണിശതയാര്‍ന്ന ബൗളിങിലൂടെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും കോളിന്‍ മണ്‍റോയെയും പിടിച്ചുനിര്‍ത്തി.
ഈ കൂട്ടുകെട്ടിനെ 23 റണ്‍സ് വരെ മാത്രമേ ഇന്ത്യ ക്രീസില്‍ നിര്‍ത്തിയുള്ളൂ. ഭുവിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ഗുപ്റ്റിലിനെ (15) ഭുവി യുസ്‌വേന്ദ്ര ചഹലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

വില്ല്യംസണിന്റെ വിക്കറ്റ്

വില്ല്യംസണിന്റെ വിക്കറ്റ്

കിവീസ് നിരയില്‍ ഏറ്റവും അപകടകാരിയായ നായകന്‍ കെയ്ന്‍ വില്ല്യംസണിനെ (20) ഷമിയാണ് പുറത്താക്കിയത്. ഷമിയുടെ ഒരോവറില്‍ തുടരെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ച് വില്ല്യംസണ്‍ ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ വില്ല്യംസണിനെ ബൗള്‍ഡാക്കി ഷമി തിരിച്ചടിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് രണ്ടിന് 51.

മണ്‍റോയെ കുരുക്കി ചഹല്‍

മണ്‍റോയെ കുരുക്കി ചഹല്‍

ഓപ്പണര്‍ മണ്‍റോയാണ് മൂന്നാമനായി ക്രീസ് വിട്ടത്. സ്പിന്നര്‍ യുസ് വേന്ദ്ര ചഹലാണ് മണ്‍റോയെ പവിലയനിലേക്കു മടക്കിയത്. 41 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 31 റണ്‍സ് നേടിയ മണ്‍റോയെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് മൂന്നിന് 84.

ധോണിയുടെ സ്റ്റംപിങ് മികവ്

ധോണിയുടെ സ്റ്റംപിങ് മികവ്

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരമായ റോസ് ടെയ്‌ലറെ അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 25 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ടെയ്‌ലറെ കേദാര്‍ ജാദവാണ് മടക്കിയത്. എംഎസ് ധോണിയുടെ അത്യുജ്ജ്വല സ്റ്റംപിങ് മികവാണ് ഇന്ത്യക്കു ഈ വിക്കറ്റ് സമ്മാനിച്ചത്.
ന്യൂസിലാന്‍ഡ് സ്‌കോര്‍ 100ല്‍ നില്‍ക്കെയാണ് ടെയ്‌ലര്‍ ക്രീസ് വിട്ടത്.

കലക്കന്‍ കുല്‍ദീപ്

കലക്കന്‍ കുല്‍ദീപ്

ആദ്യ ഏകദിനത്തില്‍ നാലു വിക്കറ്റ് കൊയ്ത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവ് ഈ കളിയിലും പ്രകടനമാവര്‍ത്തിക്കുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ അഞ്ച്, ആറ്, ഏഴ്, എട്ട് വിക്കറ്റുകള്‍ കൊയ്താണ് കുല്‍ദീപ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്.
ടോം ലാതമിനെ (34) വിക്കറ്റിനു മുന്നില്‍ കുരുക്കിക്കൊണ്ട് തുടങ്ങിയ കുല്‍ദീപ് കോളിന്‍ ഡി ഗ്രാന്‍ഡോമിനെ (3) റായുഡുവിന് സമ്മാനിച്ചു. ഹെന്റി നിക്കോള്‍സ് (28) ഷമിക്കു ക്യാച്ച് നല്‍കിയപ്പോള്‍ ഇഷ് സോധിയെ കുല്‍ദീപ് ഗോള്‍ഡന്‍ ഡെക്കാക്കി.

Story first published: Saturday, January 26, 2019, 14:42 [IST]
Other articles published on Jan 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X