ശ്രീശാന്തിന്റെ കേസില്‍ ഉടന്‍ തീരുമാനമെടുക്കണം; ഹൈക്കോടതിയോട് സുപ്രീംകോടതി

Posted By: rajesh mc

ദില്ലി: മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ദില്ലി പോലീസിന്റെ അപ്പീലില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ദില്ലി ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ അവസാനത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ കളിക്കാരെ 2013ലെ ഐപിഎല്‍ സീസണ്‍ നടന്നുകൊണ്ടിരിക്കെയാണ് ദില്ലി പോലീസ് ക്രിക്കറ്റ് വാതുവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദില്ലി പാട്യാല കോടതിയില്‍ നടന്ന വിചാരണയ്ക്കുശേഷം കളിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ ദില്ലി പോലീസ് നല്‍കിയ അപ്പീല്‍ വൈകുന്നതിനെതിരെയാണ് സുപ്രീംകോടതി ഇടപെട്ടത്.

sreesanth23

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന് കളിക്കളത്തില്‍ തുടരാന്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് അനുവദിച്ചിരുന്നില്ല. വിലക്കിനെതിരെ ശ്രീശാന്ത് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായി. എന്നാല്‍, ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ശ്രീശാന്തിന്റെ വിലക്ക് പുന:സ്ഥാപിക്കുകയും ചെയ്തു.

ഇതിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ ദില്ലി പോലീസ് നല്‍കിയ അപ്പീലില്‍ തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ അനുവദിച്ചില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ശ്രീശാന്തിന്റെ നിലപാട്. ബിസിസിഐ ഇക്കാര്യവും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സുപ്രീംകോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായാല്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാമെന്നാണ് ഈ മുപ്പത്തിനാലുകാരന്റെ പ്രതീക്ഷ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 17:00 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍