യൂണിവേഴ്‌സ് ബോസ് വന്തിട്ടേന്ന് സൊല്ല്; ക്രിസ് ഗെയില്‍ ചെന്നൈ ടീമിനോട്

Posted By: rajesh mc

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ തിരികെ എത്തിയതിന്റെ സന്തോഷം അടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വെസ്റ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍. ആ സന്തോഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തീര്‍ത്തപ്പോള്‍ ഒരു ഓവറെങ്കിലും വിശ്രമിക്കാന്‍ കനിവുണ്ടാകണം എന്ന് ചെന്നൈയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോലും പ്രതികരിച്ച് പോയി. ഇക്കുറി ഗെയിലിന്റെ വെടിക്കെട്ടിന്റെ ഒരു പകരംവീട്ടലിന്റെ മധുരം കൂടിയുണ്ട്. അത് തികയാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മത്സരം വരെ കാത്തിരിക്കണം.

വര്‍ഷങ്ങളായി ബാംഗ്ലൂര്‍ ടീമിലായിരുന്ന ഗെയിലിനെ ഇക്കുറി അവര്‍ ഏറ്റെടുത്തില്ല. ഇതോടെ താരലേലത്തിലെത്തിയ താരത്തെ 2 കോടിക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചത്. എന്നാല്‍ അപ്പോഴും ടീം മാനേജ്‌മെന്റ് ഇദ്ദേഹത്തെ ടീമിലിറക്കാന്‍ അമാന്തം കാണിച്ചു. ഒടുവില്‍ ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അവസരം നല്‍കിയതോടെ 33 പന്തില്‍ നിന്നും നാല് സിക്‌സും, ഏഴ് ഫോറുമായി 63 റണ്ണടിച്ച് കൂട്ടിയാണ് ഗെയില്‍ ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

chrisgayle

നാല് റണ്ണിന് മത്സരത്തില്‍ പഞ്ചാബ് ജയിക്കുകയും ചെയ്തു. ഇതോടെയാണ് ഗെയിലിനോട് ഒരു ഓവറെങ്കിലും ഒന്ന് വിശ്രമിക്കണമെന്ന് ചെന്നൈ ട്വിറ്റര്‍ ഹാന്‍ഡില്‍ അഭ്യര്‍ത്ഥിച്ചത്. മത്സരത്തിന് ശേഷം തന്നെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്ന് മാനേജ്‌മെന്റിനോട് താരം ആവശ്യപ്പെടുകയും ചെയ്തു. 'പ്രായം 25 ആണെന്നാണ് ഇപ്പോഴും തോന്നുന്നത്. അന്തിമ ഇലവനില്‍ ഇടമുണ്ടെന്ന് മത്സരത്തിന്റെ രാവിലെയാണ് അറിഞ്ഞത്. ലഭിച്ച അവസരം ഉപയോഗപ്പെടുത്തി, ഫാന്‍സിന് യൂണിവേഴ്‌സ് ബോസിനെ തിരികെ നല്‍കി', ഗെയില്‍ വ്യക്തമാക്കി.

തന്റെ ബാറ്റിംഗ് ശൈലിയും, ജീവിതരീതികളും കൊണ്ടാണ് ഗെയില്‍ സ്വയം യൂണിവേഴ്‌സല്‍ ബോസ് എന്നി വിശേഷിപ്പിക്കുന്നത്. ആത്മവിശ്വാസം ഒരിക്കലും തന്നെ വിട്ട് പോകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒരുകാര്യം കൂടി കൂട്ടിച്ചേര്‍ത്തു മരിച്ച് പോകുംവരെ അത് കൂടെയുണ്ടാകുമെന്ന്!

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 8:22 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍