ആര്‍സിബിക്ക് അവസാന ചാന്‍സ്; നാണക്കേട് ഒഴിവാക്കാന്‍ ഡല്‍ഹി

Posted By: Mohammed shafeeq ap

ഡല്‍ഹി: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറും. സീസണിലെ 45ാം പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യുവ നായകന്‍ ശ്രെയാഷ് അയ്യരുടെ കീഴിലിറങ്ങുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലാണ് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള അവസാന അവസരമാണ് ആര്‍സിബിക്ക് ഇന്നത്തെ മല്‍സരം. ഇന്ന് തോറ്റാല്‍ ഡല്‍ഹിക്കു പിന്നാലെ ആര്‍സിബിയും പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. അതിനാല്‍, വിജയം മാത്രമാണ് കോഹ്‌ലിപ്പടയുടെ ലക്ഷ്യം. ഇന്നത്തെ മല്‍സരത്തിനു പുറമേ ശേഷിക്കുന്ന മൂന്നു കളികളിലും ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 10 മല്‍സരങ്ങളില്‍ മൂന്ന് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ആര്‍സിബി.

അതേസമയം, കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ച ഡല്‍ഹി ശേഷിക്കുന്ന മല്‍സരങ്ങളില്‍ വിജയിച്ച്് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുുപ്പിലാണ്. 11 മല്‍സരങ്ങളില്‍ മൂന്ന് ജയവും എട്ട് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഡല്‍ഹി. ഈ സീസണില്‍ ഇരു ടീമും രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ, ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ ആറ് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തിരുന്നു.

താളം കണ്ടെത്താനാവാതെ കോഹ്‌ലിപ്പട

താളം കണ്ടെത്താനാവാതെ കോഹ്‌ലിപ്പട

താരസമ്പന്നത കൊണ്ട് നോക്കുകായാണങ്കില്‍ ടൂര്‍ണമെന്റിലെ കരുത്തുറ്റ ടീമുകളിലൊന്നാവേണ്ടതാണ് ആര്‍സിബി. കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് എന്നീ രണ്ട് ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ ആര്‍സിബിക്കുണ്ട്. പക്ഷേ, ഇതൊന്നും ആര്‍സിബിക്ക് ഇത്തവണയും രക്ഷപ്പെടാനുള്ള വഴി തെളിയിച്ചിട്ടില്ല.

അനിവാര്യ ഘട്ടങ്ങളില്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും പതറുന്നതാണ് ആര്‍സിബിയുടെ പ്രധാന പോരായ്മ. ഈ പോരായ്മ ആര്‍സിബിയെ പ്ലേ ഓഫ് കാണാതെ പുറത്താവാനുള്ള ഘട്ടത്തില്‍ വരെ എത്തിച്ചിരിക്കുകയാണ്. ആര്‍സിബിയുടെ ഏറ്റവും വലിയ തലവേദന ഫീല്‍ഡിങാണ്. നിര്‍ണായക സമയത്ത് താരങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്ന അവസ്ഥ പല മല്‍സരങ്ങളിലും ആര്‍സിബിക്കുണ്ടായി. തുടര്‍ച്ചയായ രണ്ട് തോല്‍വിക്കു ശേഷമാണ് ആര്‍സിബി ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

ഹാട്രിക്ക് തോല്‍വി ഒഴിവാക്കാന്‍ ഡല്‍ഹി

ഹാട്രിക്ക് തോല്‍വി ഒഴിവാക്കാന്‍ ഡല്‍ഹി

ഗൗതം ഗംഭീറിനു പകരം പുതിയ ക്യാപ്റ്റനായി ശ്രെയാഷ് വന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ഡല്‍ഹി. പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ഡല്‍ഹി ഹാട്രിക്ക് തോല്‍വി കൂടി അഭിമുഖീകരിക്കുകയാണ്. അവസാന രണ്ട് മല്‍സരങ്ങളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് ഡല്‍ഹി പരാജയപ്പെട്ടത്.

അവസാന മല്‍സരത്തില്‍ റിഷാഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുണ്ടായിട്ടും ഹോംഗ്രൗണ്ടില്‍ ഹൈദരാബാദിനോട് ഒമ്പത് വിക്കറ്റിന് തോല്‍ക്കാനായിരുന്നു ഡല്‍ഹിയുടെ വിധി. പന്തിനു പുറമേ ബാറ്റിങില്‍ നായകന്‍ ശ്രെയാഷും മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍, മറ്റു താരങ്ങളില്‍ നിന്ന് ബാറ്റിങിലും ബൗളിങിലും പ്രതീക്ഷയ്‌ക്കൊത്ത പിന്തുണ ലഭിക്കാത്തത് ഡല്‍ഹിയെ പരാജയത്തിലേക്ക് തള്ളിയിടുകയാണ്.

ടീം

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്:

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്:

പൃഥ്‌വി ഷോ, ജേസന്‍ റോയ്/കോളിന്‍ മണ്‍റോ, ശ്രെയാഷ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷാഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിജയ് ശങ്കര്‍, ലിയാം പ്ലാന്‍കെറ്റ്, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, ശഹ്ബാസ് നദീം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:

മനന്‍ വോഹ്‌റ, പാര്‍ഥീവ് പട്ടേല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, മന്‍ദീപ് സിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം/സര്‍ഫ്രാസ് ഖാന്‍, മോയിന്‍ അലി/വാഷിങ്ടണ്‍ സുന്ദര്‍, ടിം സോത്തി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, May 12, 2018, 14:19 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍