പൂരപ്പറമ്പില്ലാതെ എന്ത് ക്രിക്കറ്റ് പൂരം? ഐപിഎല്‍ ആണെങ്കില്‍ ഇവിടെ നിന്നു തന്നെ കാണണം... മാരക ഫീല്‍

Written By:

മുംബൈ: കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ക്രിക്കറ്റ് പൂരം വന്നെത്തി. ഐപിഎല്ലിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. വിലക്ക് കഴിഞ്ഞ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മടങ്ങിയെത്തുന്നതും ഈ സീസണിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്.

എട്ടു ടീമുകളാണ് ഐപിഎല്‍ കിരീടം മോഹിച്ച് പാഡണിയുന്നതെങ്കിലും 10 വേദികള്‍ ടൂര്‍ണമെന്റിനു വേദിയാവുന്നുണ്ട്. ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജയ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, ചെന്നൈ, പൂനെ എന്നിവയാണ് വേദികള്‍. ഇവയില്‍ ഏറ്റവും പ്രശസ്തമായ അഞ്ചു സ്റ്റേഡിയങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

ബോളിവുഡ് ബാദ്ഷാ ഷാഖൂഖ് ഖാന്റെ ടീമും മുന്‍ ചാംപ്യന്മാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹോംഗ്രൗണ്ടാണ് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം. ഐപിഎല്ലിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന്റെ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു ഇവിടെ വേദിയായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്റ്റേഡിയം കൂടിയാണിത്. 68,000 കാണികളെ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷി ഈഡന്‍ ഗാര്‍ഡന്‍സിനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയം കൂടടിയാണിത്.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് ശരിക്കുമൊരു ഉല്‍സവത്തിന്റെ പ്രതീതിയിലാവും. കോര്‍ബോ ലോര്‍ബോ ജീത്ത് ബോല്‍ എന്ന് ആരാധകരുടെ ആര്‍പ്പുവിളി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ടീം വിട്ടെങ്കിലും പുതിയ നായകന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ പുതിയ സീസണിലും കൊല്‍ക്കത്തയ്ക്കു പ്രചോദനമേകാന്‍ ആരാധകര്‍ ഒഴുകിയെത്തും.

സവായ് മാന്‍സിങ് സ്‌റ്റേഡിയം, രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടാണ് ഹോംഗ്രൗണ്ടാണ് ജയ്പൂരിലുള്ള സാവായ് മാന്‍സിങ് സ്റ്റേഡിയം. 25,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്റ്റേഡിയമാണിത്. സവായ് മാന്‍സിങ് രണ്ടാമന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സ്റ്റേഡിയമാണിത്. 2016ല്‍ സംസ്ഥാനത്തു പ്രളയമുണ്ടായപ്പോള്‍ മുംബൈ തങ്ങളുടെ ഹോംഗ്രൗണ്ടായി തിരഞ്ഞെടുത്തത് ഈ സ്‌റ്റേഡിയത്തെയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഐപിഎല്ലില്‍ റോയല്‍സ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നിശബ്ധമായ സവായ് മാന്‍സിങ് സ്‌റ്റേഡിയം ഇത്തവണ തങ്ങളുടെ ടീമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. റോയല്‍സിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ക്ക് സ്‌റ്റേഡിയം കടുംനീലയില്‍ മുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.

വാംഖഡെ സ്റ്റേഡിയം, മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എങ്ങനെ മറക്കാനാവും മുംബൈയിലെ വാംഖഡെ സ്റ്റേഡിയം. 2011ല്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് ഏകദിന ലോകകിരീടത്തില്‍ രണ്ടാം തവണ മുത്തമിട്ടത് ഇവിടെ വച്ചായിരുന്നു. കൂടാതെ തങ്ങളുടെ ഹീറോ കൂടിയായ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരിയറിലാദ്യമായി ലോകകപ്പ് നേടിയതും ഇതേ സ്റ്റേഡിയത്തില്‍ തന്നെ. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടാണ് വാംഖഡെ സ്‌റ്റേഡിയം. 33,000 കാണികള്‍ക്ക് ഇവിടെ മല്‍സരം കാണാം.
ഐപിഎല്‍ എത്തിയാല്‍ ഈ സ്റ്റേഡിയം നീലയണിയും. എവിടെ നോക്കിയാലും മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയുടെ നിറമായ നീല കാണാം.
വാംഖഡെയില്‍ വച്ച് ഒരിക്കലെങ്കിലും നേരിട്ട് മല്‍സരം കണ്ടവര്‍ തീര്‍ച്ചയായും സുഹൃത്തുക്കളോട് ശുപാര്‍ശ ചെയ്യുന്ന സ്റ്റേഡിയം കൂടിയാണിത്. അത്രയും ഗംഭീരമാണ് ഇവിടുത്തെ മല്‍സര അന്തരീക്ഷം.

ചെപ്പോക്ക് സ്‌റ്റേഡിയം, ചെന്നൈ സൂപ്പര്‍കിങ്‌സ്

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടാണ് ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയം. രണ്ടു വര്‍ഷത്തിനു ശേഷമുള്ള സൂപ്പര്‍കിങ്‌സിന്റെ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവിനെ ചെപ്പോക്ക് സ്‌റ്റേഡിയം ഇത്തവണ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല.
തലയെന്ന് ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു കീഴില്‍ സൂപ്പര്‍കിങ്‌സിന്റെ മഞ്ഞപ്പട ചെപ്പോക്കില്‍ ഇറങ്ങുമ്പോള്‍ വിസില്‍ അടിക്കാതിരിക്കാന്‍ ആരാധകര്‍ക്കാവില്ല. 39,000 കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന ശേഷിക്കാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിനുള്ളത്. ഇവിടെ നടക്കുന്ന സൂപ്പര്‍കിങ്‌സിന്റെ മല്‍സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയം ഹൗസ്ഫുള്‍ ആവാറുണ്ട്.

ചിന്നസ്വാമി സ്റ്റേഡിയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച ലോകത്തിലെ തന്നെ ആദ്യത്തെ സ്‌റ്റേഡിയമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോംഗ്രൗണ്ടായ ബെംഗളൂരുവിനെ ചിന്നസ്വാമി സ്‌റ്റേഡിയം. ഐപിഎല്‍ കാലത്ത് ഈ സ്‌റ്റേഡിയം ബാംഗ്ലൂര്‍ ആരാധകരുടെ ചുവന്ന പതാകകള്‍ കൊണ്ട് ഇളകിമറിയും. തങ്ങളുടെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡിവില്ലിയേഴ്‌സ് എന്നിവരുടെ ഷോട്ടുകള്‍ ഗാലറികളില്‍ വന്ന് പതിക്കുമ്പോള്‍ ആര്‍...സി...ബി... എന്നുള്ള ആരാധകരുടെ ആര്‍പ്പുവിളിയില്‍ സ്‌റ്റേഡിയം പൊട്ടിത്തെറിക്കും.
35,000 കാണികള്‍ക്കാണ് ചിന്നസ്വാമിയില്‍ കളി കാണാന്‍ സൗകര്യമുള്ളത്. ഏപ്രില്‍ 13നു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് ഈ ഗ്രൗണ്ടില്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ മല്‍സരം.

ഇതാ ഡാന്‍സര്‍ കോലി... അമ്പരന്ന് മക്കുല്ലവും ചഹലും, വീഡിയോ വൈറല്‍

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 14:25 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍