മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ചിനെ ടെസ്റ്റ് ഉപദേശകനാക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ധാക്ക: മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനെ ടെസ്റ്റ് ബാറ്റിങ് ഉപദേശകനാക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുതല്‍ ബംഗാറിനെ ടീമിനൊപ്പം കൂട്ടാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നത്. ഞങ്ങള്‍ ഇക്കാര്യം സഞ്ജയുമായി സംസാരിച്ചെന്നും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി. സഞ്ജയെക്കൂടാതെ മറ്റ് ചിലരും പരിഗണനിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെഡ്‌ബോളില്‍ ബംഗ്ലാദേശ് ടീമിന്റെ പരിചയസമ്പത്ത് കുറവ് സഞ്ജയെ പരിശീലകനാക്കിയാല്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിബി. 47കാരനായ സഞ്ജയ് 2014 മുതല്‍ 2019വരെയാണ് ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചത്. കരാര്‍ പുതുക്കേണ്ട സെപ്തംബറില്‍ സഞ്ജയ്ക്ക് പകരം വിക്രം റൗത്തൂറിനെ ഇന്ത്യ നിയമിക്കുകയായിരുന്നു. സഞ്ജയ്ക്ക് കീഴില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിര പുറത്തെടുത്തത്. ഇന്ത്യക്കുവേണ്ടി 2001-2004കാലഘട്ടത്തിലാണ് അദ്ദേഹം കളിച്ചത്. 12 ടെസ്റ്റിലും 15 ഏകദിനത്തിലും അദ്ദേഹം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നെയ്ല്‍ മെക്കന്‍സിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകന്‍.

റാത്തൂറിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ബാറ്റിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ നാണംകെട്ടിരുന്നു. ഏകദിന പരമ്പര 3-0നും ടെസ്റ്റ് 2-0നും ഇന്ത്യ പരാജയപ്പെട്ടു. ബൗളര്‍മാര്‍ തിളങ്ങിയിരുന്നെങ്കിലും ബാറ്റിങ് നിരയുടെ മോശം പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. നായകന്‍ വിരാട് കോലിയടക്കമുള്ള പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 10 റണ്‍സ് താഴെ ശരാശരിയിലായിരുന്നു കോലിയുടെ ബാറ്റിങ് പ്രകടനം. നാട്ടില്‍ തിരിച്ചെത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിച്ചതിന് പിന്നാലെയാണ് കൊറോണ വൈറസ് വ്യാപിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര റദ്ദാക്കി.

ബംഗ്ലാദേശ് ടീമിന്റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ജയം ബംഗ്ലാദേശ് സ്വന്തമാക്കിയെങ്കിലും മികച്ച ടീമുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തുനില്‍ക്കുന്നത് ടീമിന് കനത്ത തിരിച്ചടിയാണ്. സിംബാബ്‌വെ പരമ്പരയ്ക്ക് പിന്നാലെ മഷറഫെ മൊര്‍ത്താസ ഏകദിന നായകസ്ഥാനം ഒഴിഞ്ഞിരുന്നു. തമീം ഇക്ബാലാണ് പുതിയ നായകന്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി മുന്നിലുള്ളത്. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത് നീണ്ടുപോകാനും ഉപേക്ഷിക്കാനുമുള്ള സാധ്യതയുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, March 19, 2020, 10:16 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X