ഐപിഎല്‍: വന്നു, കണ്ടു, കീഴടക്കി!! 'മണ്ണും ചാരി നിന്ന്' ഹീറോയായി മാറിയവര്‍... ഇതാണ് ലോട്ടറി

Written By:

മുംബൈ: മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടും പോയെന്ന പഴഞ്ചൊല്ല് വളരെ പ്രശസ്തമാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തിലും ഇതുപോലെ ചിത്രത്തില്‍ പോലുമില്ലാത്ത താരങ്ങള്‍ അപ്രതീക്ഷിതമായി ടീമിലെത്തി അവിസ്മരണീയ പ്രകടനത്തോടെ കൈയടിവാങ്ങിയതായി കാണാം. ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് നിരാശരായവര്‍ക്കാണ് ഇത്തരത്തില്‍ ചിലപ്പോള്‍ ലോട്ടറിയടിക്കുന്നത്.

പരിക്കുമൂലം ഏതെങ്കിലും താരം പുറത്തായാല്‍ ലേലത്തില്‍ പിന്തള്ളപ്പെട്ട ഏതെങ്കിലുമൊരു താരത്തെയാണ് ഈ ടീം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കു പകരക്കാരായി കൊണ്ടു വരാറുള്ളത്. ഇത്തരത്തില്‍ പകരക്കാരായി വന്നു മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കിയ അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ലേലത്തില്‍ ഒരിക്കല്‍ ആരും വാങ്ങാത്ത അവസ്ഥയുണ്ടായിരുന്നു. 2012ലെ സീസണിലായിരുന്നു ഇത്. എന്നാല്‍ മറ്റൊരു ഓസീസ് താരം മിച്ചെല്‍ മാര്‍ഷിനു പരിക്കേറ്റതിനെ തുടര്‍ന്ന് പൂനെ വാരിയേഴ്‌സ് സ്മിത്തിനെ പകരക്കാരനായി ടീമിലെത്തിച്ചു.
ടീം മാനേജ്‌മെന്റിന്റെ തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 15 മല്‍സരങ്ങളില്‍ നിന്നായി 2012 സീസണില്‍ 40.22 ശരാശരിയില്‍ സ്മിത്ത് 362 റണ്‍സ് അടിച്ചുകൂട്ടി. 135.58 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സീസണിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്ന് സ്മിത്തിനെ തൊട്ടടുത്ത സീസണിലും പൂനെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഐപിഎല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു വെടിക്കെട്ട് ഓപ്പണറും ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്ല്‍. 16 കളികളില്‍ നിന്നായി 463 റണ്‍സ് നേടിയിട്ടും താരത്തെ കൊല്‍ക്കത്ത നിലനിര്‍ത്തിയില്ല. 2013ലെ ലേലത്തില്‍ നാലു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഗെയ്‌ലിനെ വാങ്ങാന്‍ ഒരു ടീമും താല്‍പ്പര്യം പ്രകടിപ്പിച്ചല്ലെന്നത് ക്രിക്കറ്റ് പ്രേമികളെ പോലും അമ്പരപ്പിച്ചു.
എന്നാല്‍ ഓസീസ് താരം ഡിര്‍ക് നാനസിനേറ്റ പരിക്ക് ഗെയ്‌ലിന് വീണ്ടും ഐപിഎല്ലിലേക്കു വഴി തുറന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സൂപ്പര്‍ താരത്തെ പകരക്കാരനായി ടീമിലേക്കു കൊണ്ടുവന്നത്.
അത്യുജ്ജ്വലമായിരുന്നു സീസണില്‍ ഗെയ്‌ലിന്റെ പ്രകടനം. 12 മല്‍സരങ്ങളില്‍ നിന്നും 67.55 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 608 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു. ഈ പ്രകടനത്തോടെ ബാംഗ്ലൂര്‍ ടീമിന്റെ അവിഭാജ്യ ഘടകമായി ഗെയ്ല്‍ പിന്നീട് മാറുകയായിരുന്നു.

ലെന്‍ഡ്ല്‍ സിമ്മണ്‍സ്

ലെന്‍ഡ്ല്‍ സിമ്മണ്‍സ്

2014ലെ ഐപിഎല്‍ ലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ലെന്‍ഡ്ല്‍ സിമ്മണ്‍സിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. 50 ലക്ഷമായിരുന്നു ലേലത്തില്‍ താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു സിമ്മണ്‍സിനു വിളി വന്നു. ജലജ് സക്‌സേന കൈവിരലിനേറ്റ പരിക്കു മൂലം പിന്‍മാറിയതാണ് താരത്തിനു തുണയായത്.
മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ സിമ്മണ്‍സ് കാഴ്ചവച്ചത്. എട്ടു കളികളില്‍ നിന്നും 56.28 ശരാശരിയില്‍ താരം 394 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെട്ടിരുന്നു.
മികച്ച പ്രകടനത്തെ തുടര്‍ന്നു തൊട്ടടുത്ത സീസണിലും സിമ്മണ്‍സിനെ മുംബൈ നിലനിര്‍ത്തി. ഈ സീസണിലും താരം കസറി. 13 കളികളില്‍ നിന്നും നേടിയത് 540 റണ്‍സാണ്. മുംെൈബയെ രണ്ടാം ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും ഇതുപോലെ പകരക്കാരനായെത്തി കസറിയ താരമാണ്. 2017ലെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 50 ലക്ഷം മാത്രമായിരുന്നു അടിസ്ഥാന വിലയെങ്കിലും താഹിറിനെ ഒരു ടീമും വാങ്ങാന്‍ തയ്യാറായില്ല. ഇതിനിടെയാണ് മിച്ചെല്‍ മാര്‍ഷ് തോളിനേറ്റ പരിക്കു മൂലം പിന്‍മാറിയതിനെ തുടര്‍ന്ന് പൂനെ ജയന്റ്‌സ് താഹിറിനെ പകരക്കാരനായി ടീമിലേക്കു കൊണ്ടുവന്നത്.
ലഭിച്ച അവസരം താഹിര്‍ ശരിക്കും മുതലെടുക്കുകയും ചെയ്തു. വെറും 12 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. പൂനെയെ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച താരങ്ങളില്‍ ഒരാളായിരുന്നു താഹിര്‍.

ശ്രീനാഥ് അരവിന്ദ്

ശ്രീനാഥ് അരവിന്ദ്

2011ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് കര്‍ണാടക പേസര്‍ കൂടിയായ ശ്രീനാഥ് അരവിന്ദ് ആദ്യമായി കളിക്കുന്നത്. ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളുമായി ടീമിന്റെ വിക്കറ്റ് വേട്ടക്കാരനായി താരം മാറുകയും ചെയ്തു. 2013ല്‍ ശ്രീനാഥിനെ ബാംഗ്ലൂര്‍ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു.
2015ലെ ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും താരത്തെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. സീസണിനിടെ ബാംഗ്ലൂര്‍ ടീമിന്റെ പേസറായ ആദം മില്‍നെയ്ക്കു പരിക്കേറ്റു. തുടര്‍ന്നാണ് തങ്ങളുടെ മുന്‍ പേസറായ ശ്രീനാഥിനെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചത്. അഞ്ചു കളികളില്‍ നിന്നും എട്ടു വിക്കറ്റുകളുമായി പേസര്‍ വീണ്ടും തിളങ്ങുകയും ചെയ്തു.

Story first published: Saturday, February 10, 2018, 11:04 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍