സംഭവബഹുലമായി അമേരിക്കന്‍ ലോകകപ്പ്... ബ്രസീലിന്റെ നാലാം ലോക കിരീടവും...

Posted By: Mohammed shafeeq ap

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

അപ്രതീക്ഷിതമായാണ് 15ാമത് ഫിഫ ലോകകപ്പിന് അമേരിക്കയ്ക്ക് നറുക്ക് വീണത്. വിവാദങ്ങളും റെക്കോഡുകളും കാണികളുടെ തള്ളിക്കയറ്റവും ബ്രസീലിന്റെ നാലാം കിരീട നേട്ടവും അമേരിക്കയില്‍ ആദ്യമായി വിരുന്നെത്തിയ ഫിഫ ലോകപ്പിനെ ശ്രദ്ധേയമാക്കി. 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്, ആതിഥേയരായ യുനൈറ്റഡ് സ്റ്റേറ്റ്‌സ് (അമേരിക്ക), റൊമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കൊളംബിയ എന്നിവരായിരുന്നു ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരുന്നത്.

ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, സ്വീഡന്‍, റഷ്യ, കാമറൂണ്‍ എന്നിവരും ഗ്രൂപ്പ് സിയില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബൊളീവിയ ടീമുകളും ഗ്രൂപ്പ് ഡിയില്‍ മുന്‍ ജേതാക്കളായ അര്‍ജന്റീന, നൈജീരിയ, ബള്‍ഗേറിയ, ഗ്രീസ് എന്നിവരും പോരടിച്ചു. ഗ്രൂപ്പ് ഇയില്‍ മുന്‍ ജേതാക്കളായ ഇറ്റലി, മെക്‌സിക്കോ, അയര്‍ലന്‍ഡ്, നോര്‍വെ ഗ്രൂപ്പ് എഫില്‍ ഹോളണ്ട്, സൗദി അറേബ്യ, ബെല്‍ജിയം, മൊറോക്കോ എന്നിവരും കൊമ്പുകോര്‍ത്തു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു പുറമേ മികച്ച ആദ്യ നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഉത്തേജകത്തില്‍ കുടുങ്ങി മറഡോണ...

ഉത്തേജകത്തില്‍ കുടുങ്ങി മറഡോണ...


അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഇത്തേജക വിവാദത്തില്‍ അകപ്പെട്ട ലോകകപ്പായിരുന്നു അമേരിക്കയിലേത്. ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷമാണ് ഉത്തേജക പരിശോധനയില്‍ ഇതിഹാസ താരം കൂടുങ്ങിയത്. ഇതോടെ ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് താരത്തെ വിലക്കേര്‍പ്പെടുത്തുകയും അത് മറഡോണയുടെ കരിയറിന് തന്നെ തിരശ്ശീല വീഴ്ത്തുകയും ചെയ്തു. മറഡോണയുടെ നായകത്വത്തില്‍ കളിച്ച ഗ്രൂപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും അര്‍ജന്റീന വെന്നിക്കൊടി നാട്ടിയിരുന്നു. ആദ്യ മല്‍സരത്തില്‍ ഗ്രീസിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് കൊണ്ടാണ് അര്‍ജന്റീന അമേരിക്കന്‍ ലോകകപ്പില്‍ തുടക്കമിട്ടത്. സൂപ്പര്‍താരം ഗാബ്രിയേല്‍ ബാറ്റിസ്റ്റ്യുറ്റയുടെ ഹാട്രിക്കായിരുന്നു അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. നാലാം ഗോള്‍ മറഡോണയുടെ വകയായിരുന്നു. ടൂര്‍ണമെന്റില്‍ മറഡോണയുടെ ഏക ഗോളും ഇതായിരുന്നു.

രണ്ടാം മല്‍സരത്തില്‍ പോള്‍ കാനിഗ്ഗിയയുടെ ഇരട്ട ഗോളിന്റെ മികവില്‍ നൈജീരിയയെ 1-2ന് തോല്‍പ്പിച്ച അര്‍ജന്റീനയ്ക്ക് മൂന്നാമങ്കത്തിലാണ് തിരിച്ചടിയേറ്റു തുടങ്ങിയത്. ബള്‍ഗേറിയക്കെതിരായ മല്‍സരത്തിന് മുന്നോടിയായി ഉത്തേജകത്തില്‍ കുടുങ്ങിയ മറഡോണയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. മറഡോണയുടെ അഭാവത്തില്‍ ബള്‍ഗേറിയയോട് 2-0ന് അര്‍ജന്റീന പരാജയപ്പെടുകയും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എങ്കിലും ബെസ്റ്റ് ഓഫ് ത്രീകളിലൊന്നായി പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന മറഡോണയില്ലാത്ത തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പരാജയത്തിലേക്ക് വീഴുകയായിരുന്നു. റൊമാനിയയോട് 3-2ന് തോറ്റതോടെ അര്‍ജന്റീന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.

ഗ്രൂപ്പ്ഘട്ടത്തില്‍ കാമറൂണിനെതിരേ ഓലേഗ് സാലെങ്കോ റഷ്യക്കു വേണ്ടി ഗോള്‍ നേട്ടത്തില്‍ റെക്കോഡിട്ടതും ഈ ടൂര്‍ണമെന്റിലായിരുന്നു. 75 മിനിറ്റിനുള്ളില്‍ അഞ്ച് ഗോള്‍ നേടിയ ആദ്യ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

16ല്‍ നിന്ന് അവസാന എട്ടിലേക്ക്... ക്വാര്‍ട്ടറില്‍ നിന്ന് സെമിയിലേക്ക്...

16ല്‍ നിന്ന് അവസാന എട്ടിലേക്ക്... ക്വാര്‍ട്ടറില്‍ നിന്ന് സെമിയിലേക്ക്...


പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന മാത്രമാണ് അട്ടിമറി തോല്‍വിയോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ പ്രമുഖ ടീ. മറ്റു പ്രമുഖരെല്ലാം വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തിരുന്നു. ബ്രസീല്‍ ആതിഥേയരായ അമേരിക്കയെ 1-0നും ജര്‍മനി 3-2ന് ബെല്‍ജിയത്തിനെയും ഇറ്റലി 2-1ന് നൈജീരിയയെയും സ്‌പെയിന്‍ 3-0ന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും സ്വീഡന്‍ 3-1ന് സൗദി അറേബ്യയെയും ഹോളണ്ട് 2-0ന് അയര്‍ലന്‍ഡിനെയും ബള്‍ഗേറിയ ഷൂട്ടൗട്ടിലൂടെ 3-1ന് മെക്‌സിക്കോയെയുമാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

ക്വാര്‍ട്ടറില്‍ ഇറ്റലി 2-1ന് സ്‌പെയിനിനെയും ബ്രസീല്‍ 3-2ന് ഹോളണ്ടിനെയും തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ അട്ടിമറിയോടെ കഴിഞ്ഞ ലോകകപ്പിലെ ചാംപ്യന്‍മാരായ ജര്‍മനിക്ക് അടിതെറ്റുകയായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷം മൂന്ന് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ വഴങ്ങിയ ജര്‍മനി 1-2ന് ബള്‍ഗേറിയയോട് അടിയറവ് പറഞ്ഞാണ് പുറത്തായത്. മറ്റൊരു മല്‍സരത്തില്‍ ഷൂട്ടൗട്ടിനൊടുവില്‍ സ്വീഡന്‍ 5-4ന് റൊമാനിയയെ പരാജയപ്പെടുത്തുകയായിരുന്നു.

ഷൂട്ടൗട്ടില്‍ അസൂറികളെ വീഴ്ത്തി ബ്രസീല്‍...

ഷൂട്ടൗട്ടില്‍ അസൂറികളെ വീഴ്ത്തി ബ്രസീല്‍...


സെമിഫൈനലില്‍ സ്വീഡന്‍ ബ്രസീലിന്റെ എതിരാളികളായപ്പോള്‍ ഇറ്റലി ബള്‍ഗേറിയയെയാണ് നേരിട്ടത്. സൂപ്പര്‍താരമായ റൊമാരിയയുടെ ഏക ഗോളിന്റെ പിന്‍ബലത്തില്‍ മഞ്ഞപ്പട സ്വീഡനെ തോല്‍പ്പിച്ചപ്പോള്‍ ഇറ്റലി ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ടോ ബാഗ്ഗിയോയുടെ മികവില്‍ 2-1ന് ബള്‍ഗേറിയയെ മറികടക്കുകയായിരുന്നു. അങ്ങനെ 1970 ലോകകപ്പിന് സമാനമായി ബ്രസീലും ഇറ്റലിയും വീണ്ടും കിരീടപ്പോരില്‍ മുഖാമുഖം വരുകയും ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമിനും ഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ ബ്രസീല്‍-ഇറ്റലി മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. അങ്ങനെ ലോകകപ്പ് ചരിത്രത്തിലാദ്യമായി നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ 3-2ന് ഇറ്റലിയെ വീഴ്ത്തുകയും നാലാം ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. 1970നു പിന്നാലെ അമേരിക്കന്‍ ലോകകപ്പിലും അസൂറികള്‍ക്ക് കലാശപ്പോരില്‍ ബ്രസീലിന് മുന്നില്‍ കിരീടം കൈവിടേണ്ടിവരുകയും ചെയ്തു. 1970ലായിരുന്നു ബ്രസീല്‍ ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അവസാനമായി കിരീടം ചൂടിയതും. ആറ് ഗോള്‍ നേടിയ ബള്‍ഗേറിയയുടെ ഹ്രിസ്‌റ്റോ സ്ലോയിക്കോവയും റഷ്യയുടെ ഓലേഗ് സാലെങ്കോയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഷൂ പങ്കിട്ടു. ബ്രസീലിനെ കിരീടത്തില്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊമാരിയക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. അഞ്ച് ഗോളുകളാണ് ടൂര്ണമെന്റില്‍ റൊമാരിയോ നേടിയത്.

അമേരിക്കന്‍ ലോകകപ്പ് വിജയമാക്കി കാണികള്‍... ദുരന്തമായി എസ്‌കോബാറിന്റെ ദാരുണ അന്ത്യം...

അമേരിക്കന്‍ ലോകകപ്പ് വിജയമാക്കി കാണികള്‍... ദുരന്തമായി എസ്‌കോബാറിന്റെ ദാരുണ അന്ത്യം...


കാണികളുടെ തള്ളിക്കയറ്റം കൊണ്ട് വിമര്‍ശകരുടെ വായടിപ്പിച്ച ലോകകപ്പായിരുന്നു അമേരിക്കയിലേത്. 36 ലക്ഷത്തോളം കാണികളാണ് മല്‍സരം വീക്ഷിക്കാനായി ഗ്രൗണ്ടിലെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു വാസ്തവത്തില്‍ അമേരിക്കന്‍ ലോകകപ്പിനെ വന്‍ വിജയമാക്കി മാറ്റിയത്.

അമേരിക്കന്‍ ലോകകപ്പ് കൊളംബിയയുടെ ആന്ദ്രെ എസ്‌കോബാറിന്റെ ദാരുണ അന്ത്യത്തിനും വഴിവച്ചു. അമേരിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ സെല്‍ഫ് ഗോളടിച്ചതാണ് എസ്‌കോബാറിന്റെ ദാരുണ അന്ത്യത്തിന് ഇടയാക്കിയത്. മല്‍സരം കഴിഞ്ഞ് 10 ദിവസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ എസ്‌കോബാറിനെ കൊളംബിയയില്‍ വച്ച് അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇതോടെ എസ്‌കോബര്‍ മാറുകയും ചെയ്തു.

Story first published: Thursday, May 17, 2018, 18:27 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍