ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് ഡെപ്യൂട്ടി കളക്ടര്‍ ആയി നിയമിതനായി

Posted By: rajesh mc

ഹൈദരാബാദ്: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന വിജയങ്ങള്‍ സമ്മാനിച്ച കെ ശ്രീകാന്തിനെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടര്‍ ആയി നിയമിച്ചു. അമരാവതിയില്‍ നടന്ന ചടങ്ങില്‍ ആന്ധ്ര മുഖ്യമന്ത്രി കെ ചന്ദ്രബാബു നായിഡു ശ്രീകാന്തിന് നിയമന ഉത്തരവ് കൈമാറി. ശ്രീകാന്തിന്റെ കോച്ചും മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനുമായ പുല്ലേല ഗോപീചന്ദും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

2017 നവംബറില്‍ ശ്രീകാന്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗം നല്‍കുന്ന കാര്യത്തില്‍ ആന്ധ്രാ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. മന്ത്രിസഭായോഗം ശ്രീകാന്തിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാനും തീരുമാനിച്ചു. നേരത്തെ ഈവര്‍ഷം തന്നെ കെ ശ്രീകാന്തിനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

kidambisrikanth

ശ്രീകാന്തിനെ സംബന്ധിച്ചിടത്തോളം കരിയറിലെ മികച്ച വര്‍ഷമായിരുന്നു 2017. നാല് സൂപ്പര്‍സീരീസ് കിരീടങ്ങളാണ് കഴിഞ്ഞവര്‍ഷം ശ്രീകാന്ത് സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍, ഡെന്മാര്‍ക്ക് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഇന്തോനേഷ്യ ഓപ്പണ്‍ കിരീടങ്ങള്‍ ശ്രീകാന്ത് ഷോകേസിലെത്തിച്ചു. ഇതിന് പിന്നാലെയാണ് രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ലക്ഷ്യം പ്രതീക്ഷിക്കുന്ന താരംകൂടിയാണ് ശ്രീകാന്ത്.


Story first published: Friday, March 30, 2018, 9:19 [IST]
Other articles published on Mar 30, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍