വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാഗ്പൂരില്‍ ഇന്ത്യക്കു നാടകീയ ജയം, ഓസീസിനെ കീഴടക്കിയത് എട്ടു റണ്‍സിന്

ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നില്‍

By Manu
നാഗ്പൂരില്‍ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിൽ വഴിത്തിരിവായത്
1
45586

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യക്കു എട്ടു റണ്‍സിന്റെ നാടകീയ വിജയം. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കു മുന്നേറിയ ഓസീസിനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിങില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ 242 റണ്‍സില്‍ കംഗാരുക്കൂട്ടത്തെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

നാലിന് 170 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എന്നാല്‍ 71 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ കടപുഴക്കി ഓസീസിനെ ഇന്ത്യ സ്തബ്ധരാക്കി. പീറ്റര്‍ ഹാന്‍ഡ്‌സോംബിനെ (48) രവീന്ദ്ര ജഡേജ തകര്‍പ്പര്‍ ത്രോയിലൂടെ റണ്ണൗട്ടാക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊയ്ത് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു. 52 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്ണിസാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ഹാന്‍ഡ്‌സോംബ് (48), ഉസ്മാന്‍ കവാജ (38), ആരോണ്‍ ഫിഞ്ച് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തുകയും ചെയ്തു. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതം കൊയ്ത ജസ്പ്രീത് ബുംറ, വിജയ് ശങ്കര്‍ എന്നിവരുമാണ് ഓസീസിന്റെ കഥ കഴിച്ചത്. രവീന്ദ്ര ജഡേജയ്ക്കും കേദാര്‍ ജാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ നായകന്റെ കളി കെട്ടഴിച്ച വിരാട് കോലിയാണ് (116) ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കോലിയുടെ 40ാം ഏകദിന സെഞ്ച്വറിയാണ് ഈ കളിയില്‍ പിറന്നത്. കോലിയൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ച്വറി നേടിയില്ല. 120 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

46 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. 41 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ശങ്കറിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ പൂജ്യത്തിനും എംഎസ് ധോണി ഗോള്‍ഡന്‍ ഡെക്കായും പുറത്തായിരുന്നു. ശിഖര്‍ ധവാന്‍ (21), രവീന്ദ്ര ജഡേജ (21), അമ്പാട്ടി റായുഡു (18), കേദാര്‍ ജാദവ് (11), കുല്‍ദീപ് യാദവ് (3), ജസ്പ്രീത് ബുംറ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആദം സാംപയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ കളിയില്‍ ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഓസീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ആഷ്ടണ്‍ ടേര്‍ണര്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ് എന്നിവര്‍ക്കു പകരം ഷോണ്‍ മാര്‍ഷ്, നതാന്‍ ലിയോണ്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലെക്‌സ് കറേ, നതാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ആദം സാംപ.

മോശം ഫോം തുടരുന്ന രോഹിത്

മോശം ഫോം തുടരുന്ന രോഹിത്

ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മോശം പ്രകടനം ഈ മല്‍സരത്തിലും തുടര്‍ന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ രോഹിത് ശര്‍മയെ ഇന്ത്യക്കു നഷ്ടമായി. നേരിട്ട ആദ്യ അഞ്ചു പന്തുകളിലും റണ്‍സ് നേടാന്‍ വിഷമിച്ച രോഹിത് ആറാം പന്തില്‍ സാംപയ്ക്കു ക്യാച്ച് നല്‍കി ക്രീസ് വിട്ടു. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിനത്തില്‍ അക്കൗണ്ട് തുറക്കാനാവാതെ രോഹിത് പുറത്താവുന്നത്.

ധവാന് രക്ഷയില്ല

ധവാന് രക്ഷയില്ല

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ധവാനും ഈ കളിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. റണ്‍സെടുക്കാന്‍ വിഷമിച്ച ധവാന്‍ 21 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. 29 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സ് നേടിയ അദ്ദേഹത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് 38.

റായുഡു നിരാശപ്പെടുത്തി

റായുഡു നിരാശപ്പെടുത്തി

ഓപ്പണര്‍മാരെപ്പോലെ തന്നെ അമ്പാട്ടി റായുഡുവും മോശം ഫോം ഈ മല്‍സരത്തില്‍ ആവര്‍ത്തിച്ചു. 18 റണ്‍സെടുക്കാനേ റായുഡുവിനായുള്ളൂ. 32 പന്തുകൡ രണ്ടു ബൗണ്ടറിയോടെ 18 റണ്‍സെടുത്ത റായുഡുവിനെ ലിയോണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇതിനെതിരേ റായുഡു റിവ്യു പോയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇന്ത്യ മൂന്നിന് 75.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

നാലാം വിക്കറ്റില്‍ കോലിക്കു കൂട്ടായി വിജയ് ശങ്കര്‍ എത്തിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശിയ ശങ്കര്‍ കോലിക്കൊപ്പം ടീമിനെ മുന്നോട്ട് നയിച്ചു. 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ ശങ്കര്‍ റണ്ണൗട്ടായത്.
കോലിയുടെ ഷോട്ട് ബൗളര്‍ സാംപയുടെ കൈവിരല്‍ തട്ടി നോണ്‍ സ്‌ട്രൈക്കറുടെ ഭാഗത്തുള്ള സ്റ്റംപില്‍ പതിക്കുമ്പോള്‍ ശങ്കര്‍ ക്രീസിന് പുറത്തായിരുന്നു.

ഹീറോസ് ഇത്തവണ ഫ്‌ളോപ്പുകള്‍

ഹീറോസ് ഇത്തവണ ഫ്‌ളോപ്പുകള്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജശില്‍പ്പികളായിരുന്ന കേദാര്‍ ജാദവിനും എംഎസ് ധോണിക്കും ഈ മല്‍സരത്തില്‍ കാര്യമായ സംഭാവന നല്‍കായില്ല. ടീം സ്‌കോര്‍ 171ല്‍ വച്ചാണ് ജാദവ് പുറത്താവുന്നത്. 12 പന്തില്‍ ഒരു ബൗണ്ടറിയോടെ 11 റണ്‍സ് നേടിയ ജാദവിനെ സാംപയുടെ ബൗളിങില്‍ ഫിഞ്ച് പിടികൂടി.
തുടര്‍ന്ന് ക്രീസിലെത്തിയ ധോണി വന്നതും പോയതും ഒരേ വേഗത്തിലായിരുന്നു. നേരിട്ട സ ആദ്യ പന്തില്‍ തന്നെ ധോണി കവാജയ്ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

കോലി- ജഡേജ കൂട്ടുകെട്ട്

കോലി- ജഡേജ കൂട്ടുകെട്ട്

ഏഴാം വിക്കറ്റില്‍ ജഡേജയെ കൂട്ടുപിടിച്ച് കോലി വീണ്ടും മുന്നോട്ട് നയിച്ചു. 67 റണ്‍സാണ് ഈ സഖ്യം ഏഴാം വിക്കറ്റില്‍ നേടിയത്. ഒരു ഘട്ടത്തില്‍ 270ന് അടുത്ത് റണ്‍സ് ഇന്ത്യ നേടമെന്ന് കരുതിയെങ്കിലും ജഡേജയെ ഔട്ടാക്കി ഓസീസ് ഈ കൂട്ടുകെട്ട് തകര്‍ത്തു. കമ്മിന്‍സാണ് ജഡേജയെ പുറത്താക്കിയത്. ടീം സ്‌കോറിലേക്ക് 10 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കോലിയും പുറത്തായി. എങ്കിലും അപ്പോഴേക്കും താരം തന്റെ 40ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
കോലി മടങ്ങിയതിനു പിന്നാലെ രണ്ടു റണ്‍സ് കൂടി നേടിയപ്പോഴേക്കും ശേഷിച്ച രണ്ടു പേരെയും പുറത്താക്കി ഓസീസ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

Story first published: Tuesday, March 5, 2019, 21:47 [IST]
Other articles published on Mar 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X