IND vs NZ T20: 'കോലിയുടെ സ്ഥാനത്ത് റുതുരാജ് വരണം', ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഉത്തപ്പ

ജയ്പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജയ്പൂരില്‍ നടക്കാന്‍ പോവുകയാണ്. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ എന്നിവരുടെ കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നത്. വിരാട് കോലി,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീം കിവീസിനെതിരേ പരമ്പര നേടുമോയെന്ന് കാത്തിരുന്ന് കാണണം.

പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ നിരവധി യുവതാരങ്ങള്‍ ടീമിലേക്കുമെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഇടം പിടിക്കും?. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. റുതുരാജ് ഗെയ്ക് വാദ് തീര്‍ച്ചയായും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടണമെന്നാണ് ഉത്തപ്പ പറയുന്നത്.

'കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ വേണം. കാരണം അടുത്ത 11 മാസത്തിനുള്ളില്‍ അടുത്ത ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇവരെ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദാണ് കളിക്കേണ്ടത്. കാരണം അവന്‍ തുടര്‍ച്ചയായി റണ്‍സ് നേടിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല,സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അവന്‍ തിളങ്ങുന്നു. അതിനാല്‍ അവന്‍ ഇന്ത്യന്‍ പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യേണ്ട. മൂന്നാം നമ്പറില്‍ കളിക്കാവുന്നതാണ്'- ഉത്തപ്പ പറഞ്ഞു.

2021ലെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനുടമ റുതുരാജ് ഗെയ്ക് വാദായിരുന്നു. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടാന്‍ സിഎസ്‌കെ ഓപ്പണറായ റുതുരാജിന് സാധിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹാട്രിക് അര്‍ധ സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളിയെത്തുകയായിരുന്നു. ഇന്ത്യയുടെ അവസാന ശ്രീലങ്കന്‍ പര്യടനത്തിലും റുതുരാജ് ഉണ്ടായിരുന്നു.

'നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം നല്‍കേണ്ടത്. ഒരു വശത്ത് ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍.അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യിപ്പിക്കാം എന്നതാണ് സൂര്യയുടെ ഏറ്റവും വലിയ സവിശേഷത. ആറാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കണം. അടുത്ത ലോകകപ്പിലെ ഇന്ത്യയുടെ ഫിനിഷറാണ് റിഷഭ്'- ഉത്തപ്പ പറഞ്ഞു.

ടി20 ലോകകപ്പില്‍ റിഷഭിന് കൃത്യമായ ബാറ്റിങ് പൊസിഷനൊന്നും ഇന്ത്യ നല്‍കിയിരുന്നില്ല. മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം പരീക്ഷിച്ചു. എന്നാല്‍ അടുത്ത ടി20 ലോകകപ്പിന് മുമ്പ് റിഷഭിനെ ഇന്ത്യ ഫിനിഷര്‍ റോൡലേക്ക് വളര്‍ത്തിക്കൊണ്ടുവരണം. ഒരുകാലത്ത് എംഎസ് ധോണി ചെയ്തത് ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്.

'ഏഴാം നമ്പറില്‍ ആര്‍ അശ്വിന്‍ വേണം. അത്യാവശ്യം ബാറ്റും ചെയ്യാന്‍ കഴിവ് അശ്വിനുണ്ട്. എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനെ പരിഗണിക്കാം. കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെ മെച്ചപ്പെട്ട ബൗളര്‍മാരിലൊരാളാണ് ഹര്‍ഷല്‍ പട്ടേല്‍. ഒമ്പതാം നമ്പറില്‍ യുസ്‌വേന്ദ്ര ചഹാലിനെയാണ് തിരഞ്ഞെടുക്കുന്നത്. ലോകകപ്പ് ടീമില്‍ നിന്ന് അവന്‍ ഒഴിവാക്കപ്പെട്ടത് അത്ഭുതമായാണ് തോന്നുന്നത്. അവന്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. 10ാമനായി ഭുവനേശ്വര്‍ കുമാറിനാണ് അവസരം. പരിക്കിന് ശേഷം മടങ്ങിയെത്തിയ ഭുവിക്ക് പഴയ ഫോമിലേക്കെത്താന്‍ അല്‍പ്പം കൂടി സമയം നല്‍കണം. 11ാമനായി മുഹമ്മദ് സിറാജാണ് വേണ്ടത്. ടി20യില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട ബൗളര്‍മാരിലൊരാളാണ് സിറാജ്'- റോബിന്‍ ഉത്തപ്പ പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, November 17, 2021, 18:59 [IST]
Other articles published on Nov 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X