ലങ്കാദഹനം പോലെ എളുപ്പമാവില്ല, കംഗാരുവധം... സൂചന നല്‍കി സന്നാഹം

Written By:

ചെന്നൈ: ശ്രീലങ്കയെ അവരുടെ നാട്ടില്‍ പോയി കശാപ്പ് ചെയ്ത് മടങ്ങിയെത്തിയ ടീം ഇന്ത്യക്ക് അടുത്ത പരമ്പര എളുപ്പമാവില്ല. ക്രിക്കറ്റിലെ അതികായന്‍മാരായ ഓസ്‌ട്രേലിയയുമാണ് ഇനി ഇന്ത്യയുടെ അങ്കം. ഏകദിന, ടി ട്വന്റി പരമ്പരകളിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. അഞ്ച് ഏകദിനങ്ങളും മൂന്നു ടി ട്വന്റികളുമാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക.

1

പരമ്പര സ്വന്തം നാട്ടിലാണെന്നു കരുതി തങ്ങളെ തീര്‍ത്തു കളയാമെന്ന് ഇന്ത്യക്ക് മോഹമുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞേക്ക് എന്ന് മുന്നറിയിപ്പ് നല്‍കി ഏക സന്നാഹ മല്‍സരത്തില്‍ ഓസീസ് 103 റണ്‍സിന്റെ വമ്പന്‍ വിജയം കൊയ്തു. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെയാണ് ഓസീസ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 347 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരവിധി നിര്‍ണയിക്കപ്പെട്ടിരുന്നു. മാര്‍ക്കസ് സ്റ്റോണിസ് (76), ട്രാവിസ് ഹെഡ് (65), ഡേവിഡ് വാര്‍ണര്‍ (64), കാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (55) എന്നിവര്‍ സന്ദര്‍ശകര്‍ക്കായി കസറി.

2

മറുപടിയില്‍ വിജയിക്കാനുള്ള ഒരു ശ്രമവും നടത്താതിരുന്ന പ്രസിഡന്റ്‌സ് ഇലവന്‍ മുഴുവന്‍ ഓവര്‍ പോലും കളിക്കാന്‍ നില്‍ക്കാതെ ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. 48.2 ഓവറില്‍ 244 റണ്‍സിന് ഇന്ത്യന്‍ ഇലവന്‍ പുറത്തായി. ആതിഥേയ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. നാലു വിക്കറ്റ് പിഴുത ആഷ്ടന്‍ ഏഗറുടെ ബൗളിങാണ് ഇന്ത്യന്‍ ഇലവനെ തകര്‍ത്തത്. ഞായറാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമല്‍സരം.

Story first published: Wednesday, September 13, 2017, 16:33 [IST]
Other articles published on Sep 13, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍