കോമണ്‍വെല്‍ത്ത് ഗെയിംസ്; 26 സ്വര്‍ണവുമായി മിന്നിത്തിളങ്ങി ഇന്ത്യയുടെ മടക്കം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ ഇന്ത്യന്‍ കായികരംഗം വാനോളം ഉയര്‍ന്ന ദിവസങ്ങളാണ് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കടന്നുപോയത്. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലമടക്കം ആകെ 66 മെഡലുകളുമായാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ നിന്നും മടങ്ങുന്നത്. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും താഴെ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

നാലുവര്‍ഷം മുന്‍പ് ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസിനേക്കാള്‍ മികവുറ്റതായിരുന്നു ഇക്കുറി ഇന്ത്യയുടെ പ്രകടനം. 2014ല്‍ 15 സ്വര്‍ണം, 30 വെള്ളി, 19 വെങ്കലം എന്നിങ്ങനെ 64 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. അതേസമയം, 2010ല്‍ ദില്ലിയില്‍ നടന്ന ഗെയിംസില്‍ നേടിയ 101 മെഡലുകളെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇത്തവണ കഴിഞ്ഞില്ല.

goldcoast

ഗോള്‍ഡ് കോസ്റ്റില്‍ ഷൂട്ടിങ് റേഞ്ചില്‍നിന്നാണ് ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടിയത്. ഏഴു സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വെടിവെച്ചിട്ടത്. ഗുസ്തിയില്‍ പന്ത്രണ്ടും ബോക്‌സിങ്ങിലും ഭാരോദ്വഹനത്തിലും 9 വീതവും മെഡലുകള്‍ നേടി. പുരുഷന്മാര്‍ക്കൊപ്പം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് വനിതകളും പുറത്തെടുത്തത്.

ഇന്ത്യയുടെ 28 മെഡലുകളും നേടി വനിതകള്‍ രാജ്യത്തിന്റെ അഭിമാന താരകങ്ങളായി. പുരുഷന്മാര്‍ 35 മെഡലുകളാണ് നേടിയത്. മൂന്നു മെഡലുകള്‍ ടീം ഇനത്തിലും ലഭിച്ചു. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ പുറത്തെടുത്തത്. അപൂര്‍വം ചില താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി മെഡല്‍ നഷ്ടമുണ്ടായതൊഴിച്ചാല്‍ യുവ താരങ്ങള്‍ ഉള്‍പ്പെടെ ഗെയിംസില്‍ അപൂര്‍വ നേട്ടങ്ങളുമുണ്ടായി.

Story first published: Sunday, April 15, 2018, 15:41 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍