വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023ലെ ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യ കപ്പടിക്കും! അറിയാം കാരണങ്ങള്‍

ഇന്ത്യയിലാണ് ലോകകപ്പ് നടക്കുക

വിരാട് കോലിക്കു പകരം ഇന്ത്യന്‍ ഏകദിന ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ നിയമിച്ചതിനെതിരേ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റിനു രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്ന ബിസിസിഐയുടെ നിലപാടിനെ ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍ അതു ശരിയല്ലെന്നാണ് മറ്റു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കോലി ആരാധകര്‍ ഇപ്പോഴും കലിപ്പില്‍ തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ പുറത്താക്കിയത് അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ഇവരുടെ അഭിപ്രായം.

അടുത്ത രണ്ടു വര്‍ഷത്തിനിടെ രണ്ടു ലോകകപ്പുകളിലാണ് രോഹിത്തിന് ഇന്ത്യയെ നയിക്കേണ്ടത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പുമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളികള്‍. 2011നു ശേഷം ഇന്ത്യയിലേക്കു ഏകദിന ലോകകപ്പ് തിരിച്ചെത്തുന്ന ടൂര്‍ണമെന്റ് കൂടിയാണ് 23ലേത്. അന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തവണ രോഹിത് ടീമിനെ മറ്റൊരു ലോകകപ്പ് വിജയത്തിലേക്കു നയിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഹിറ്റ്മാനു കീഴില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള കാരണങ്ങളറിയാം.

 ബുദ്ധിമാനായ ക്യാപ്റ്റന്‍

ബുദ്ധിമാനായ ക്യാപ്റ്റന്‍

വളരെ ബുദ്ധിമാനായ ക്യാപ്റ്റനെന്നാണ് രോഹിത് ശര്‍മ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം ഐപിഎല്ലില്‍ അദ്ദേഹം ഇതു തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. അഞ്ചു തവണയാണ് ഇതിനകം മുംബൈയെ ചാംപ്യന്‍മാരാക്കിയത്. മാത്രമല്ല കോലിയുടെ അഭാവത്തില്‍ ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് തിളങ്ങിയിട്ടുണ്ട്. 2018ല്‍ ഏഷ്യാ കപ്പും നിദാഹാസ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കുമ്പോള്‍ അദ്ദേഹമായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍.
കോലി വളരെ അഗ്രസീവായ ക്യാപ്റ്റനാണെങ്കില്‍ വളരെ ശാന്തപ്രകൃതമുള്ള നായകനാണ് രോഹിത്. എല്ലായ്‌പ്പോഴും ടീമംഗങ്ങളെ പിന്തുണയ്ക്കുന്ന, മോശം സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് രോഹിത്. പക്ഷെ കോലി ഇത്രത്തോളം ടീമംഗങ്ങളെ പിന്തുണയ്ക്കാറില്ല, മാത്രമല്ല പലപ്പോഴും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്.
നിലവില്‍ ദേശീയ ടീമിലെ പ്രധാനപ്പെട്ട താരങ്ങളായി മാറിയ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം വളര്‍ത്തിക്കൊണ്ടു വന്നത് രോഹിത്താണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള അപാരമായ അറിവും ഹിറ്റ്മാനുണ്ട്. വ്യക്തമായ ഗെയിം പ്ലാന്‍ തയ്യാറാക്കിയാണ് അദ്ദേഹം ഓരോ മല്‍സരത്തിനും ഒരുങ്ങാറുള്ളത്. ഇതു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ ബോധ്യമാവും.

ഏകദിനത്തിലും ടി20യിലും ഒരേ നായകന്‍

ഏകദിനത്തിലും ടി20യിലും ഒരേ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു ഇടവേളയ്ക്കു ശേഷമാണ് രണ്ടു ക്യാപ്റ്റന്‍മാരുണ്ടാവുന്നത്. നേരത്തേ ടെസ്റ്റില്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എംഎസ് ധോണിയും ഇന്ത്യയെ നയിച്ചിരുന്നു. എന്നാല്‍ 2017ല്‍ ധോണിയൊഴിഞ്ഞതു മുതല്‍ മൂന്നു ഫോര്‍മാറ്റുകളിലും കോലിയാണ് ഇന്ത്യന്‍ നായകന്‍. ഇപ്പോള്‍ കോലി ടെസ്റ്റില്‍ മാത്രം നായകനാവുമ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ക്യാപ്റ്റനായിരിക്കുകയാണ്.
ലോക ക്രിക്കറ്റില്‍ പല ടീമുകളും പരീക്ഷിക്കുന്ന ശൈലിയാണിത്. മിക്ക ടീമുകള്‍ക്കും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരും വ്യത്യസ്ത ടീമുകളുമാണുള്ളത്.
ഏകദിനവും ടി20യും സമാനമായ ഫോര്‍മാറ്റാണ്. ഓവറുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. ടീമിലെ താരങ്ങളും ഒന്നു തന്നെയാണ്. അതുകൊണ്ടു തന്നെ രണ്ടിലും രോഹിത് നായകനായി വരുന്നത് തീര്‍ച്ചയായും ടീമിനു ഗുണം ചെയ്യും. തന്റെ ശൈലിയിലേക്കു ടീമിനെ കൊണ്ടു വരാനും പരീക്ഷണങ്ങള്‍ നടത്താനും വ്യത്യസ്ത ക്യാപ്റ്റന്‍മാരാണെങ്കില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കും. ലോകകപ്പിനായി മികച്ചൊരു സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ രോഹിത്തിന് ഇപ്പോള്‍ തന്നെ തുടങ്ങുകയും ചെയ്യാം

 ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ക്യാപ്റ്റനെന്ന നിലയിലുള്ള രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് ഇന്ത്യ നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. 10 ഏകദിനങ്ങളിലാണ് വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ എട്ടിലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. ഈ 10 മല്‍രങ്ങളില്‍ ബാറ്റിങിലും ഹിറ്റ്മാന്‍ കസറിയിരുന്നു. ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമാണ് രോഹിത് അടിച്ചെടുത്തത്.
ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡും ഗംഭീരമാണ്. കിരീടവിജയങ്ങളെടുത്താല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിക്കും മുകളിലാണ് രോഹിത്തിന്റെ സ്ഥാനം. മുംബൈ ടീമില്‍ തനിക്കു കീഴില്‍ കളിച്ച മിക്ക താരങ്ങളും ഇപ്പോള്‍ ദേശീയ ടീമിന്റെയും ഭാഗമായതിനാല്‍ രോഹിത്തിനു കാര്യങ്ങള്‍ എളുപ്പമാവും.

 ഇന്ത്യയുടെ ആതിഥേയത്വം

ഇന്ത്യയുടെ ആതിഥേയത്വം

ഏകദിന ലോകകപ്പിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ചരിത്രമെടുത്താല്‍ ആതിഥേയ ടീമുകള്‍ കിരീടം നേടാനുളള സാധ്യത കൂടുതലാണെന്നു കാണാം. 2011ലെ ഏകദിന ലോകകപ്പിനു വേദിയായ ഇന്ത്യ കിരീടം നേടിയിരുന്നു. 2015ല്‍ സംയുക്ത ആതിഥേയരായ ഓസ്‌ട്രേലിയയായിരുന്നു ചാംപ്യന്‍മാര്‍. 2019ല്‍ മറ്റൊരു ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്. ഇവ പരിഗണിക്കുമ്പോള്‍ 2023ലെ ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കാന്‍ സാധ്യത കൂടുതലാണ്.
ആരാധക പിന്തുണയും സ്വന്തം നാട്ടിലെ സാഹചര്യങ്ങളും പിച്ചുകളുമെല്ലാം ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. മാത്രമല്ല ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന വേദികളില്‍ തന്നെയാവും ലോകകപ്പെന്നത് ഇന്ത്യന്‍ താരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുകയും ചെയ്യും.

കോലിക്കു സമ്മര്‍ദ്ദമില്ലാതെ കളിക്കാം

കോലിക്കു സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ക്യാപ്റ്റന്‍സിയുടെ അമിതഭാരമോ, സമ്മര്‍ങ്ങളോ ഇല്ലാത്തതിനാല്‍ വിരാട് കോലിക്കു വളരെ കൂളായി, തന്റെ പഴയ ശൈലിയില്‍ ഈ ലോകകപ്പില്‍ ബാറ്റ് വീശാന്‍ കഴിയും. അമിത ജോലിഭാരം തനിക്കുണ്ടെന്നു കോലി തന്നെ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഈ കാരണത്താലാണ് ടി20 ടീമിന്റെയും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെയും നായകസ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഐസിസിയുടെ പല ടൂര്‍ണമെന്റുകളിലും കോലിക്കു കീഴില്‍ ഇന്ത്യ കളിച്ചെങ്കിലും കിരീടം മാത്രം നേടാനായില്ല. 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലെത്തിയതായിരുന്നു ഏറ്റവും മികച്ച പ്രകടനം. അന്നു കലാശക്കളിയില്‍ പാകിസ്താനോടു തോല്‍ക്കുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ സെമിയില്‍ തോല്‍ക്കുകയായിരുന്നു. അവസാനമായി ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ തന്നെ ടീം പുറത്താവുകയും ചെയ്തു.
ഒരു ഐസിസി കിരീടം പോലും തനിക്കു കീഴില്‍ ടീം നേടിയിട്ടില്ലെന്നത് കോലിയെ എല്ലായ്‌പ്പോഴും അലട്ടിയ കാര്യം കൂടിയായിരുന്നു. ഇത് ഓരോ ടൂര്‍ണമെന്റുകളിലും അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നായകന്റെ മുള്‍ക്കിരീടം അഴിച്ചുവച്ചതോടെ 2023ലെ ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ കോലിക്കു കഴിയും.

Story first published: Saturday, December 11, 2021, 16:21 [IST]
Other articles published on Dec 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X