കോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡലില്ലെങ്കിലും അഭിമാനമായി മുഹമ്മദ് അനസിന്റെ നാലാം സ്ഥാനം

Posted By: Mohammed shafeeq ap
mohammed anas

ഗോള്‍ഡ് കോസ്റ്റ്: മെഡല്‍ നേടാനായില്ലെങ്കിലും ഇന്ത്യയുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് അനസ്. 400 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ മില്‍ഖാ സിങ് കഴിഞ്ഞ് അമ്പതാണ്ടിനുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനല്‍ പ്രവേശിക്കുന്ന ആദ്യ താരമെന്ന ബഹുമതി നേടിയ അനസ് ഫൈനല്‍ റൗണ്ടില്‍ അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍, നാലാം സ്ഥാനം കൊണ്ട് അനസിന് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

ആറാം ലെയ്‌നില്‍ ഓട്ടം തുടങ്ങിയ അനസ് അവസാന 50 മീറ്ററില്‍ മികച്ച കുതിപ്പാണ് നടത്തിയത്. ഇതാണ് താരത്തിന് നാലാമത് ഫിനിഷ് ചെയ്യാന്‍ സഹായിച്ചത്. 45.31 സെക്കന്‍ഡില്‍ മല്‍സരം ഫിനിഷ് ചെയ്ത അനസ് തന്റെ പേരിലുള്ള ദേശീയ റെക്കോഡ് തിരിത്തുകയും ചെയ്തു. കഴിഞ്ഞ ഏഷ്യന്‍ ഗ്രാന്റ്പ്രീ അത്‌ലറ്റിക്‌സില്‍ കുറിച്ച 45.32 സെക്കന്‍ഡെന്ന ദേശീയ റെക്കോഡാണ് താരം ഇന്ന് തിരുത്തിയത്. 1958 കാര്‍ഡിഫിലാണ് അനസിനു മുമ്പ് 400 മീറ്ററില്‍ മില്‍ഖാ സിങ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്.

മില്‍ഖാ സിങിനും കെഎം ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതി നേരത്തെ അനസ് സ്വന്തമാക്കിയിരുന്നു.

ബോട്‌സ്വാനന്‍ താരങ്ങള്‍ക്കാണ് മല്‍സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലഭിച്ചത്. 44.35 സെക്കന്‍ഡ് കൊണ്ട് മല്‍സരം ഫിനിഷ് ചെയ്ത ഐസക്ക് മാക്വാല സ്വര്‍ണവും 45.09 സെക്കന്‍ഡില്‍ ഓടിയെത്തിയ ബബൊലോക്കി തെബെയ്ക്ക് വെള്ളിയും കരസ്ഥമാക്കുകയായിരുന്നു. ജമൈക്കയുടെ ജാവോന്‍ ഫ്രാന്‍സിസാണ് അനസിനെ മറികടന്ന് വെങ്കലം കഴുത്തിലണിഞ്ഞത്. 45.11 സെക്കന്‍ഡ് കൊണ്ട് ഫ്രാന്‍സിസ് മല്‍സരം പൂര്‍ത്തിിയാക്കിയത്.

Story first published: Tuesday, April 10, 2018, 19:49 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍