അവരാണ് എല്ലാ അഭിനന്ദനങ്ങള്‍ക്കും അര്‍ഹര്‍, എനിക്ക് ആവിശ്യമില്ലാത്ത അംഗീകാരം ലഭിക്കുന്നു- ദ്രാവിഡ്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ജയം ടീമിന്റെ ടെസ്റ്റ് ചരിത്രത്തിലെത്തന്നെ മഹത്തായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നത് ചരിത്ര നേട്ടം തന്നെയാണ്. വിരാട് കോലിയെന്ന ബാറ്റിങ് നട്ടെല്ല് ഇന്ത്യക്കൊപ്പം ഇല്ലാതിരുന്നിട്ടും ഗാബയില്‍ സീനിയര്‍ ബൗളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തിരുന്നിട്ടും പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായി.

നാല് മത്സര പരമ്പര ഇന്ത്യ 2-1 സ്വന്തമാക്കിയതിന് പിന്നില്‍ യുവതാരങ്ങളുടെ പങ്കാണ് നിര്‍ണ്ണായകമായത്. ശുബ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ശര്‍ദുല്‍ ഠാക്കൂറെല്ലാം അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചതോടെ മുന്‍ ഇന്ത്യ എ ടീം പരിശീലകനും നിലവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായിരുന്ന ദ്രാവിഡിന്റെ പങ്ക് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ നേട്ടത്തിന് പിന്നില്‍ തനിക്ക് അംഗീകാരം നല്‍കുന്നതിനെതിരേ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡിന്റെ തുറന്ന് പറച്ചില്‍.

'ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടത്തിന് മുഴുവന്‍ അംഗീകാരവും ടീമിലെ ആണ്‍കുട്ടികള്‍ക്കാണ്. എനിക്ക് അനാവശ്യമായ അംഗീകാരം വേണ്ട' എന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ തിളങ്ങിയ യുവതാരങ്ങള്‍ ഇന്ത്യ എ ടീമിലൂടെ വളര്‍ന്നുവന്നവരാണ്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ കളിച്ചിട്ടുള്ളവരാണ് ഇതില്‍ കൂടുതല്‍ ആളുകളും. പരമ്പര നേട്ടത്തിന് പിന്നാലെ ദ്രാവിഡിന്റെ പരിശീലനം മികച്ച പ്രകടനത്തിന് സഹായിച്ചതായി പല താരങ്ങളും പറഞ്ഞിരുന്നു.

ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിനെപ്പോലൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടിട്ടില്ല. ഒരു പക്ഷെ ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്തിന്റെ താരമായിരുന്നെങ്കില്‍ ഇതിഹാസ മെന്ന നിലയിലേക്ക് ദ്രാവിഡ് മാറുമായിരുന്നു. ഇന്ത്യയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തണലില്‍ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ താരമാണ് ദ്രാവിഡ്. വിരമിച്ച ശേഷവും മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ പങ്ക് ചെറുതല്ല. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യ എ ടീമിന്റെ പരിശീലകനായി ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് താരങ്ങളുടെ പ്രകടന നിലവാരത്തില്‍ വളരെ ഉയര്‍ച്ച ഉണ്ടായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, January 24, 2021, 14:11 [IST]
Other articles published on Jan 24, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X