ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കവെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു മല്‍സരം മുറുകുകയാണ്. നിലവില്‍ പ്രധാനമായും നാലു പേരാണ് ഈ റോളിനായി രംഗത്തുള്ളത്. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരും ലോകകപ്പ് ടിക്കറ്റ് മോഹിക്കുന്നുണ്ടെങ്കിലും ഇവര്‍ ടീമിലെത്താനുള്ള സാധ്യത തീരെ കുറവാണ്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നീ നാലു പേര്‍ തമ്മിലാണ് തീപാറും പോര്. ഇക്കൂട്ടത്തിലെ സര്‍പ്രൈസ് താരം ഡിക്കെ തന്നെയാണെന്നു ഉറപ്പിച്ചു പറയാം.
ലോകകപ്പ് ടീമിലേക്കു ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന താരമായിരുന്നു ഡിക്കെ. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു 38ാം വയസ്സില്‍ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. 2022ലെ അവസാന ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്ന ഡിക്കെ വീണ്ടുമൊരു ലോകകപ്പ് കൂടി കളിച്ച് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാമെന്നു സ്വപ്‌നം കാണുകയാണ്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന കളിയിലും റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവുനായി മോശമല്ലാത്ത പ്രകടനം നടത്താന്‍ കാര്‍ത്തിക്കിനായിരുന്നു. റണ്‍ചേസില്‍ 18 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 25 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 138.89 സ്‌ട്രൈക്ക് റേറ്റോടെയാണിത്. കളിയില്‍ ആര്‍സിബി ഒരു റണ്‍സിനു തോറ്റെങ്കിലും ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ റേസില്‍ തന്റെ അവകാശവാദം ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് കാര്‍ത്തിക്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഇത്തവണ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെടുത്തവരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന റിഷഭ് പന്തുമായുള്ള അകലം കുറച്ചിരിക്കുകയാണ് ഡിക്കെ. ഇരുവരും തമ്മില്‍ ഇപ്പോള്‍ വെറും മൂന്നു റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ എട്ടു മല്‍സരങ്ങളില്‍ നിന്നും റിഷഭിന്റെ സമ്പാദ്യം 254 റണ്‍സാണെങ്കില്‍ ഡിക്കെ 251 റണ്‍സും സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലുമെല്ലാം റിഷഭിനേക്കാള്‍ ഏറെ മുന്നിലുമാണ് വെറ്ററന്‍ താരം. റിഷഭിന്റെ ശരാശരി 36.28ഉം സ്‌ട്രൈക്ക് റേറ്റ് 150.29ഉം ആണ്. എന്നാല്‍ ഡിക്കെയ്ക്കു 62.75 ശരാശരിയും 196.09 സ്‌ട്രൈക്ക് റേറ്റുമുണ്ട്.
റണ്‍വേട്ടയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ രാഹുലും സഞ്ജുവുമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ സീസണിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും ഇപ്പോള്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. ഏഴു മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 286 റണ്‍സാണ്. 40.85 ശരാശരിയില്‍ 143 സ്‌ട്രൈക്ക് റേറ്റിലാണിത്. അദ്ദേഹത്തേക്കാള്‍ അധികം പിറകിലല്ല രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു. 10 റണ്‍സ് മാത്രം പിറകിലായി മലയാളി താരമുണ്ട്.

ഏഴു മല്‍സരങ്ങളില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം 276 റണ്‍സാണ്. 55.20 ശരാശരിയും 155.05 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഇന്ത്യയുടെ ടോപ്പ് ഫോര്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അവരില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയിരിക്കുന്നത് സഞ്ജുവാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബാക്കിയുള്ള മൂന്നു പേരും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മാത്രമേ നേടിയിട്ടുള്ളൂ.
വിക്കറ്റിനു പിറകിലെ പ്രകടനം നടത്തിയാല്‍ അവിടെ റിഷഭാണ് ബെസ്റ്റ്. 11 പുറത്താത്തലുകള്‍ അദ്ദേഹം നടത്തിക്കഴിഞ്ഞു. രാഹുല്‍ ഒമ്പത് പുറത്താവലുകള്‍ നടത്തിയപ്പോള്‍ സഞ്ജുവിന്റെ പേരില്‍ അഞ്ചെണ്ണമുണ്ട്. റിഷഭിനാണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രഥമ പരിഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കപ്പ് വിക്കറ്റ് കീപ്പറായി രാഹുല്‍, സഞ്ജു, ഡിക്കെ എന്നിവരിലൊരാളും ടീമിന്റെ ഭാഗമാവും.