ഐപിഎല്ലിന്റെ 17ാം സീസണിനു മുമ്പ് വരെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാള്‍ ജിതേഷ് ശര്‍മയായിരുന്നു. പക്ഷെ സീസണ്‍ പകുതി പിന്നിടവെ ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് വിലയിരുത്തുമ്പോള്‍ 30 കാരനായ താരം ചിത്രത്തില്‍ പോലുമില്ലെന്നു കാണാം. പഞ്ചാബ് കിങ്‌സിനു വേണ്ടി മുന്‍ സീസണുകളില്‍ ഫിനിഷറുടെ റോളില്‍ കത്തിക്കയറിയ ജിതേഷിനു സംഭവിച്ചതെന്താണ്? ലോകകപ്പ് ടീമിലേക്കു ഇനിയൊരു വിളി അദ്ദേഹം പ്രതീക്ഷിക്കണോ ?
ജിതേഷിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. കാരണം കരിയറിലാദ്യമായി ദേശീയ ടീമിനു വേണ്ടി ഒരു ലോകകപ്പില്‍ കളിക്കാനുള്ള സുവര്‍ണാവസരമായിരുന്നു ജിതേഷിനു ഈ ഐപിഎല്‍. എന്നാല്‍ ലോകകപ്പ് സെലക്ഷനു വേണ്ടിയുള്ള ഈ പരീക്ഷയില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

എട്ടിന്നിങ്‌സുകളിലാണ് പഞ്ചാബിനു വേണ്ടി ഈ സീസണില്‍ വലംകൈയന്‍ ബാറ്റര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ആകെ നേടാനായത് വെറും 128 റണ്‍സ് മാത്രമാണ്. 19 എന്ന ദയനീയ ശരാശരിയില്‍ 125.49 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും ജിതേഷിനു കുറിക്കാനായിട്ടില്ല. കളിച്ച എട്ടിന്നിങ്‌സില്‍ ഒന്നില്‍പ്പോലും 30 റണ്‍സും താരം തികച്ചിട്ടില്ലെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. രാജസ്ഥാന്‍ റോയല്‍സുമായള്ള മല്‍സരത്തില്‍ 24 ബോളില്‍ നിന്നും നേടിയ 39 റണ്‍സാണ് ജിതേഷിന്റെ ഏറ്റവും മികച്ച പ്രകടനം.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ കളിയില്‍ ഒമ്പതു ബോളില്‍ നിന്നും ഒമ്പതു റണ്‍സുമായാണ് ജിതേഷ് തുടങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 20 ബോളില്‍ 27ഉം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒമ്പതു ബോളില്‍ ആറും ഗുജറാത്ത് ടൈറ്റന്‍സിനെതിരേ എട്ടു ബോളില്‍ ആറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 11 ബോളില്‍ 19ഉം മുംബൈ ഇന്ത്യന്‍സിനെതിരേ ഒമ്പതു ബോളില്‍ ഒമ്പതും ഏറ്റവും അവസാനമായി ഗുജറാത്തിനെതിരേ 12 ബോളില്‍ 13ഉം റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ മേയ് ആദ്യവാരം പ്രഖ്യാപിക്കാനിരിക്കവെ ജിതേഷിനു ഇനി ടീമില്‍ കയറിപ്പറ്റുക ഏറെക്കുറെ അസാധ്യം തന്നെയാണെന്നു പറയേണ്ടി വരും. കാരണം മികച്ചൊരു ഇന്നിങ്‌സ് പോലും പഞ്ചാബിനോടൊപ്പം അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനില്ല. കൂടാതെ കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി ജിതേഷിനെ ഏറെ പിന്നിലാക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയുടെ നിലവിലെ വിക്കറ്റ് കീപ്പര്‍മാരില്‍ ജിതേഷിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റായി നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടത് ലോവര്‍ ഓര്‍ഡറില്‍ ഫിനിഷറുടെ റോളില്‍ ബാറ്റ് ചെയ്യാനുള്ള മിടുക്കായിരുന്നു. രാഹുല്‍, സഞ്ജു എന്നിവരെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണെങ്കില്‍ റിഷഭിന്റെ ഫിറ്റ്‌സിന്റെ കാര്യത്തില്‍ സംശയവുമുണ്ടായിരുന്നു. കാര്യങ്ങള്‍ തനിക്കു ഇത്രയേറെ അനുകൂലമായിട്ടും ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോയിലൂടെ ജിതേഷ് എല്ലാം കളഞ്ഞുകുളിച്ചിരിക്കുകയാണ്.
ഐപിഎല്ലിനു മുമ്പ് ഇന്ത്യ അവസാനമായി കളിച്ച ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ ജിതേഷ് ടീമിന്റെ ഭാഗമായിരുന്നു. ഇവയില്‍ ഫിനിഷറായി ഭേദപ്പെട്ട പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമിലെ ആദ്യ വിക്കറ്റ് കീപ്പര്‍ ജിതേഷ് തന്നെയെന്നു ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. റിഷഭായിരിക്കും ലോകകകപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.