ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കവെ പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓഫ് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ലോകകപ്പ് സ്‌ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങ്, വിക്കറ്റ് കീപ്പിങ് എന്നിവയ്‌ക്കൊപ്പം ക്യാപ്റ്റന്‍സിയിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ജയ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ റോയല്‍സ് ഒമ്പതു വിക്കറ്റിനു കശാപ്പ് ചെയ്തിരുന്നു. ഇതോടെ പ്ലേഒഫ് യോഗ്യതയ്ക്കു തൊട്ടരികിലും അവര്‍ എത്തിയിരുന്നു. ആറു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ 14 പോയിന്റോടെയാണ് റോയല്‍സ് തലപ്പത്തുള്ളത്. ഇനിയുള്ള ആറു കളിയില്‍ രണ്ടെണ്ണം മാത്രം ജയിച്ചാല്‍ റോയല്‍സിനു പ്ലേഓഫ് ടിക്കറ്റെടുക്കാം.

റോയല്‍സ് വിജയക്കുതിപ്പ് തുടരവെയാണ് എക്‌സിലൂടെ സഞ്ജുവിനെ പിന്തുണച്ച് ഹര്‍ഭജന്‍ രംഗത്തുവന്നത്. ഫോമെന്നത് ആപേക്ഷികമാണെന്നും ക്ലാസെന്നത് സ്ഥിരമാണെന്നുമുള്ളതിന്റെ തെളിവാണ് യശസ്വി ജയ്‌സ്വനാളിന്റെ ഇന്നിങ്‌സ്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടാവാന്‍ പാടില്ല. ടി20 ലോകകപ്പില്‍ സഞ്ജു സാസണ്‍ ഇന്ത്യന്‍ ടീമിലേക്കു വരണം. കൂടാതെ രോഹിത്തിനു ശേഷം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി വളര്‍ത്തിയെടുക്കുകയും വേണം. എന്തെങ്കിലും സംശയമുണ്ടോ? ഇങ്ങനെയായിരുന്നു എക്‌സില്‍ ഹര്‍ഭജന്‍ കുറിച്ചത്.
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴുമുറപ്പില്ല. റിഷഭ് പന്തായിരിക്കും ടീമിലെ ഒരു വിക്കറ്റ് കീപ്പറെന്നു ഉറപ്പായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കൂടാതെ കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരും മല്‍സരിക്കുന്നുണ്ട്. ഇവരില്‍ ഇഷാനും ജിതേഷിനും സാധ്യത തീരെ കുറവാണ്. ശേഷിച്ച മൂന്നു പേര്‍ തമ്മിലാണ് ലോകകപ്പ് ടിക്കറ്റിനായുള്ള പിടിവലി.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന വിക്കറ്റ്കീപ്പറും ക്യാപ്റ്റനുമെല്ലാം സഞ്ജുവാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 314 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്‌റ്റേി പ്ലസ് സ്‌കോറുകളുപ്പെടെയാണിത്. 62.80 ശരാശരിയും 152.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. അദ്ദേഹം കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രാഹുലാണ്. ഏഴിന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 286 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 254 റണ്‍സുമായി റിഷഭ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പല മുന്‍ താരങ്ങളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. വളരെ അഗ്രസീവായ ക്യാപ്റ്റന്‍സിയാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. തന്റെ ബൗളര്‍മാരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്യാനും പ്രതിസന്ധി ഘട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ ടീമിനെ നയിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ടീമിന്റെ കുതിപ്പിനു പ്രധാന കാരണങ്ങളിലൊന്നും ഇതാണ്.
സീനിയര്‍ താരങ്ങളെും യുവതാരങ്ങളെയും ഒറ്റക്കെട്ടായി ഒരുമിച്ചു മുന്നോട്ടു പോവാന്‍ സാധിക്കുന്നുവെന്നതാണ് സഞ്ജുവിന്റെ പ്രധാന വിജയ രഹസ്യം. സീനിയര്‍ താരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുന്ന അദ്ദേഹം അവരില്‍ നിന്നും അവശ്യഘട്ടത്തില്‍ ഉപദേശം സ്വീകരിക്കാനും മടിക്കാറില്ല. യുവതാരങ്ങള്‍ക്കും സഞ്ജു നല്‍കുന്ന പിന്തുണ വളരെ വലുതാണ്. 2020 മുതല്‍ അദ്ദേഹം റോയല്‍സിന്റെ നായകസ്ഥാനത്തുണ്ട്. 2022ല്‍ ടീമിനെ റണ്ണറപ്പാക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തു.