ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തുന്ന ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി സഹതാരം ചേതേശ്വര്‍ പൂജാര. കോലി ബാറ്റ് ഒരറ്റത്ത് ചെയ്യുന്നത് കാണുന്നതുതന്നെ മഹത്തരമാണെന്നാണ് പൂജാരയുടെ പ്രതികരണം. വിരാട് കോലിയും പൂജാരയും തമ്മില്‍ മൂന്നാം ടെസ്റ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 97 റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്‌സിലും മികവ് തുടര്‍ന്നതോടെ 103 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ 23 ടെസ്റ്റ് സെഞ്ച്വറികളും കോലിക്ക് സ്വന്തമായി. വിരേന്ദര്‍ സെവാഗ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ 23 സെഞ്ച്വറികള്‍ക്ക് ഒപ്പമെത്താനും ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞു. ഈ വര്‍ഷം ആറാമത്തെ സെഞ്ച്വറി കണ്ടെത്തിയ കോലി അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണം 58 ആക്കി ഉയര്‍ത്തി.
കോലി മഹാനായ കളിക്കാരനാണെന്ന് പൂജാര പറഞ്ഞു. കോലി കവര്‍ ഡ്രൈവ് കളിക്കുന്നതുപോലെ മറ്റൊരു താരത്തിന് കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല. പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍. കോലിയുടെ ബാറ്റിങ് ഒരറ്റത്ത് കണ്ടു നില്‍ക്കുന്നതുപോലും മഹത്തരമാണ്. ഓരോ ഷോട്ടുകളും എടുത്തുപറയേണ്ടതാണെന്നും പൂജാര പറഞ്ഞു. പരമ്പരയില്‍ നിറംമങ്ങിയ താരം മൂന്നാം ടെസ്റ്റില്‍ 72 റണ്‍സെടുത്തിരുന്നു.
സീസണില്‍ ഞാന്‍ നന്നായി തന്നെയാണ് ബാറ്റ് ചെയ്തത്. എന്നാല്‍, റണ്‍സ് കണ്ടെത്താനായില്ല. റണ്‍സ് കണ്ടെത്താനായില്ലെങ്കിലും നെറ്റ്‌സില്‍ നന്നായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെന്നത് ആത്മവിശ്വാസം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ഫോം കണ്ടെത്താന്‍ ഒരു മത്സരം മാത്രം മതിയെന്ന് തനിക്കറിയാമായിരുന്നു. സെഞ്ച്വറി നേടാനായില്ലെങ്കിലും 72 റണ്‍സ് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൂജാര പറഞ്ഞു.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ