പിവി സിന്ധു, പ്രതീക്ഷകളുടെ ഇന്ത്യന്‍ പെണ്‍കരുത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണിലെ 'സിന്ദൂരക്കുറി' തന്നെയാണ് പിവി സിന്ധു. താരതമ്യേനെ ഇന്ത്യയുടെ ആധിപത്യം കുറവായിരുന്ന ബാഡ്മിന്റണില്‍ ഇന്ത്യയെ പ്രതീക്ഷിക്കാനും സ്വപ്‌നം കാണാനും പഠിപ്പിക്കുന്നതില്‍ വലിയ പങ്കാണ് സിന്ധുവിനുള്ളത്. 25ാം വയസിനുള്ളില്‍ ഒട്ടുമിക്ക വേദികളിലും തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ സിന്ധുവിന് സാധിച്ചു. കരിയറില്‍ 326 ജയം ഇതിനോടകം സ്വന്തമാക്കാന്‍ പുല്ലേല ഗോപീചന്ദിന്റെ ശിഷ്യക്ക് സാധിച്ചിട്ടുണ്ട്. അമ്മയുടെ വോളിബോള്‍ പാതയില്‍ നിന്ന് മാറി നടന്ന സിന്ധു ചെറിയ പ്രായത്തില്‍ത്തന്നെ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ എത്തിയിരുന്നു. ചെറുപ്പം മുതല്‍ ബാഡ്മിന്റണെ ജീവന് തുല്യം സ്‌നേഹിച്ച സിന്ധു ദിവസവും 56 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് അക്കാദമിയില്‍ എത്തിയിരുന്നത്.

അക്കാദമയിലെ സീനിയര്‍ താരങ്ങളുടെ മത്സരത്തിനിടെ പുറത്തുപോകുന്ന ഷട്ടിലുകള്‍ എടുത്തുകൊടുത്തിരുന്ന ആ കൊച്ചുമിടുക്കി ഇന്ന് ഇന്ത്യയുടെ അഭിമാന താരമായി വളര്‍ന്നുകഴിഞ്ഞു. 5.10 അടി ഉയരക്കാരിയായ സിന്ധു വീഴ്ചകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ പടിയും നടന്നുകയറിയത്. 2009ലെ സബ്ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലത്തില്‍ നിന്നായിരുന്നു സിന്ധുവിന്റെ തുടക്കം. 2010ല്‍ ഇറാന്‍ ഫാജിര്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ വെള്ളി.2011ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതോടെ സിന്ധുവെന്ന പേരിനെ ബാഡ്മിന്റണ്‍ കോര്‍ട്ട് ശ്രദ്ധിച്ചുതുടങ്ങി. 2012ലും ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം.

അന്ന് സൈന നെഹ്‌വാള്‍ ഇന്ത്യയുടെ ബാഡ്മിന്റണിലെ പ്രതീക്ഷയായി വളര്‍ന്നുനിന്നിരുന്നതിനാല്‍ പലപ്പോഴും സിന്ധുവിന് അര്‍ഹിച്ച പരിഗണന ലഭിച്ചിരുന്നില്ല. കാലത്തിന്റെ കോര്‍ട്ടില്‍ റാക്കറ്റുകൊണ്ട് ചരിത്രം രചിക്കാനിറങ്ങിയ സിന്ധുവെന്ന പെണ്‍കരുത്ത് തളരാതെ പോരാടിയതോടെ പ്രതിബന്ധങ്ങള്‍ ഓരോന്നായി തകര്‍ന്നുവീണു. ഗ്വാങ്ഷു ലോക ചാമ്പ്യന്‍ഷിപ്പാണ് സിന്ധുവിന്റെ തലവര മാറ്റിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സിന്ധു നേടിയതോടെ ഇന്ത്യയുടെ ബാഡ്മിന്റണ്‍ പ്രതീക്ഷകളില്‍ സൈനയ്‌ക്കൊപ്പം സിന്ധുവിന്റെ പേരും ചേര്‍ക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷവും വെങ്കലം നേടിയ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി.

2016ല്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ഒളിംപിക്‌സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി സിന്ധു മാറി. 2017ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. 2018ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. ഒടുവില്‍ 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തില്‍ എത്തിനില്‍ക്കുകയാണ് സിന്ധുവിന്റെ കരിയറിലെ മെഡല്‍ നേട്ടം. പ്രായം 25 ആയിട്ടുള്ളൂവെന്നത് സിന്ധുവിന് സംബന്ധിച്ച് വളരെ അനുകൂല ഘടകമാണ്. നിലവില്‍ സൈന പരിക്കിനാല്‍ വലയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ കോര്‍ട്ടിലെ സുവര്‍ണ്ണ പറവയായ സിന്ധു ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 26, 2020, 10:00 [IST]
Other articles published on Jul 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X