'സ്വര്‍ണ തീരത്ത്' മെഡല്‍ വാരാന്‍ ഇന്ത്യ... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍

Written By:

ദില്ലി: മെഡല്‍മോഹവുമായി ഇന്ത്യ വീണ്ടുമൊരു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോരിനിറങ്ങുകയാണ്. ബുധനാഴ്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കുന്ന ഗെയിംസില്‍ ചില ഇനങ്ങളില്‍ ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയാണുള്ളത്. ഇത്തവണ 225 പേരടങ്ങുന്ന ശക്തമായ സംഘത്തെയാണ് ഇന്ത്യ മേളയില്‍ അണിനിരത്തുന്നത്. കഴിഞ്ഞ മൂന്നു തവണത്തെ ഗെയിംസുകളിലായി ഇന്ത്യന്‍ സംഘം 215 മെഡലുകള്‍ കൈക്കലാക്കിയിരുന്നു. 2006ല്‍ 50ഉം 2010ല്‍ 101ഉം 2014ല്‍ 64നും മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

ഇത്തവണ കൂടുതല്‍ മികച്ച പ്രകടനത്തിനു കച്ചമുറുക്കിയാണ് ഇന്ത്യന്‍ സംഘം ഗോള്‍ഡ് കോസ്റ്റിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങളായ ബാഡ്മിന്റണ്‍, ബോക്‌സിങ്, ഷൂട്ടിങ് എന്നിവയിലെല്ലാം ഇന്ത്യ നിരവധി മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു ഏറെ മെഡല്‍ പ്രതീക്ഷയുള്ള പത്തു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

പിവി സിന്ധു (ബാഡ്മിന്റണ്‍)

പിവി സിന്ധു (ബാഡ്മിന്റണ്‍)

ബാഡ്മിന്റണില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായ പിവി സിന്ധുവില്‍ നിന്നും മെഡലില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഹൈദരാബാദുകാരിയുടെ കരിയറിലെ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. കന്നി ഗെയിംസില്‍ തന്നെ താരം രാജ്യത്തിനു വെങ്കലം സമ്മാനിച്ചിരുന്നു. ഇത്തവണ ഇതു സ്വര്‍ണമാക്കി മാറ്റാമെന്ന് സ്വപ്‌നം കാണുകയാണ് സിന്ധു. ഏപ്രില്‍ 12ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ മല്‍സരം.
ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നത് സിന്ധുവാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ താരത്തിന്റെ കരിയറില്‍ അവിസ്മരണീയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു വെള്ളി സമ്മാനിച്ച താരം കൂടിയാണ് സിന്ധു.
ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൈക്കല്‍ ലി, ക്രിസ്റ്റി ഗ്ലാമര്‍ എന്നിവരില്‍ നിന്നായിരിക്കും സിന്ധുവിന് പ്രധാനമായും വെല്ലുവിളി നേരിടുക. കഴിഞ്ഞ ഗെയിംസിലെ സ്വര്‍ണ, വെള്ളി മെഡല്‍ വിജയികള്‍ കൂടിയാണ് ഇരുവരും.

സാക്ഷി മാലിക്ക് (ഗുസ്തി)

സാക്ഷി മാലിക്ക് (ഗുസ്തി)

ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീയാണ് വനിതാ താരം സാക്ഷി മാലിക്ക്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ സാക്ഷി രാജ്യത്തിനായി വെങ്കലം കഴുത്തിലണിഞ്ഞിരുന്നു. 62 കിഗ്രാം വിഭാഗത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി ഗോദയിലിറങ്ങുക. താരത്തിന്റെ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. കഴിഞ്ഞ ഗ്ലാസ്‌ഗോ ഗെയിംസില്‍ സാക്ഷി വെള്ളി മെഡലിന് അവകാശിയായിരുന്നു. ഏപ്രില്‍ 14ന് രാവിലെ ആറു മണിക്കാണ് ഇത്തവണത്തെ ഗെയിംസില്‍ സാക്ഷിയുടെ ആദ്യ മല്‍സരം.
കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ വിജയത്തോടെയാണ് സാക്ഷി ഇന്ത്യന്‍ ഗുസ്തിയില്‍ വരവറിയിച്ചത്. പിന്നീട് റിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സാക്ഷി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരമായി മാറുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ സാക്ഷി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇതാവര്‍ത്തിക്കാന്‍ താരത്തിനായില്ല. ആദ്യറൗംണ്ടില്‍ത്തന്നെ സാക്ഷി പുറത്താവുകയായിരുന്നു.

നീരജ് ചോപ്ര (ജാവലിന്‍ ത്രോ)

നീരജ് ചോപ്ര (ജാവലിന്‍ ത്രോ)

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് ജാവ്‌ലിന്‍ ത്രോ താരമായ നീരജ് ചോപ്ര. താരത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. ഏപ്രില്‍ 10ന് ഉച്ചയ്ക്കു 2.3നാണ് നീരജ് മല്‍സരിക്കാനിറങ്ങുന്നത്.
മുന്‍ ലോക റെക്കോര്‍ഡ് ജേതാവായ ഉവെ ഹോനിനു കീഴില്‍ പരിശീലനം നടത്തിയാണ് ഇന്ത്യന്‍ താരം തന്റെ കന്നി ഗെയിംസിനിറങ്ങുന്നത്. 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്്‌സ് ചാംപ്യന്‍ഷിപ്പില്‍ മീറ്റ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് നീരജ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അന്നു 85.23 മീറ്ററാണ് താരം എറിഞ്ഞത്.
ചൈനയിലെ ജിയാസിങില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ്പ്രീയില്‍ നീരജ് വെള്ളിയും കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നു ലോക ചാംപ്യന്‍ഷിപ്പിലു താരം യോഗ്യത നേടിയെങ്കിലും ഫൈനലില്‍ എത്താനാവാതെ പുറത്താവുകയായിരുന്നു. നിലവില്‍ ജൂനിയര്‍ തലത്തിലെ ലോകറെക്കോര്‍ഡിന് അവകാശി കൂടിയാണ് 20 കാരനായ നീരജ്.

മേരികോം (ബോക്‌സിങ്)

മേരികോം (ബോക്‌സിങ്)

ഇടിക്കൂട്ടിലെ രാജ്ഞിയായ ഇതിഹാസ താരം മേരികോം കോമണ്‍വെല്‍ത്ത് ഗെയിംസിലെ അരങ്ങേറ്റം മെഡല്‍ നേട്ടത്തോടെ തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അഞ്ചു തവണ ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ മേരികോം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തിട്ടില്ല. ഏപ്രില്‍ ആറിന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഗെയിംസില്‍ മേരികോമിന്റെ ആദ്യറൗണ്ട് പോരാട്ടം.
കരിയറിന്റെ അവസാനകാലത്തേക്കു നീങ്ങുന്ന 35 കാരിയാ മേരികോമിന്റെ അവസാന ഗെയിംസ് കൂടിയായിരിക്കും ഇത്തവണത്തേത്. ലോക ചാംപ്യന്‍പട്ടമടക്കം കരിയറില്‍ നിരവധി അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലിന്റെ ഒരു കുറവ് ഇപ്പോഴുമുണ്ട്. ഇത് നികത്തുകയാവും ഇന്ി ഇതിഹാസതാരത്തിന്റെ ലക്ഷ്യം.
ചെറിയൊരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് മേരികോം അന്താരാഷ്ട്ര മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ ഏഷ്യന്‍ ചാംപ്യന്‍പട്ടവും അവര്‍ കൈക്കലാക്കിയിരുന്നു.

സൈന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍)

സൈന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍)

പിവി സിന്ധുവിന്റെ അത്യുജ്ജ്വല ഫോമിനു മുന്നില്‍ പിന്തള്ളപ്പെട്ട ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം സൈന നെഹ്‌വാളില്‍ നിന്നും ഇന്ത്യ മെഡഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നു കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുമായാണ് സൈന ഇത്തവണ ഗോള്‍ഡ്‌കോസ്റ്റിലെത്തിയത്. ഇതുവരെ മല്‍സരിച്ച എല്ലാ മേളയിലും താരം മെഡലും നേടിയിട്ടുണ്ട്. ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമടക്കം മൂന്നു മെഡലുകളാണ് സൈനയുടെ അക്കൗണ്ടിലുള്ളത്. ഏപ്രില്‍ 12ന് ഉച്ചയ്ക്കു ഒരു മണിക്കാണ് ഇത്തവണത്തെ ഗെയിംസില്‍ സൈന തന്റെ ആദ്യ പോരിനിറങ്ങുന്നത്.
2017ലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വെള്ളി സമ്മാനിക്കാന്‍ സൈനയ്ക്കായിരുന്നു. പിന്നീട് ദേശീയ കിരീടവും താരം കൈക്കലാക്കി. ഫൈനലില്‍ സിന്ധുവിനെ കീഴടക്കിയായിരുന്നു സൈനയുടെ കിരീടനേട്ടം.

ജിത്തു റായ് (ഷൂട്ടിങ്)

ജിത്തു റായ് (ഷൂട്ടിങ്)

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഏറെ മെഡല്‍പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. ഗെയിംസില്‍ ഇതുവരെ ഷൂട്ടിങില്‍ നിന്നു മാത്രമായി 56 മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. ഇത്തവണ ഗോള്‍ഡ് കോസ്റ്റിലും ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍നേട്ടങ്ങള്‍ക്കാണ് ഏവരും കാത്തിരിക്കുന്നത്. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലെ ഏറ്റവും ശ്രദ്ധേയനായ താരം ജിത്തു റായ് ആണ്. 30 കാരനായ താരം 50 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എന്നിവയിലാണ് രാജ്യത്തെ പ്രതിനിധീകരിക്കുക. ജിത്തുവിന്റെ രണ്ടാമത് ഗെയിംസാണിത്. കഴിഞ്ഞ ഗ്ലാസ്‌ഗോ ഗെയിംസില്‍ താരം പൊന്നണിഞ്ഞിരുന്നു. ഏപ്രില്‍ ഒമ്പതിനു പുലര്‍ച്ചെ 4.30നാണ് ഇത്തവണത്തെ ഗെയിംസില്‍ ജിത്തുവിന്റെ ആദ്യ മല്‍സരം നടക്കുന്നത്.
ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ റിയോ ഒളിംപ്കിസെ മോശം പ്രകടനത്തില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രായശ്ചിത്തം ചെയ്യാനായിരിക്കും ജിത്തുവിന്റെ ശ്രമം. 2017ലെ ഐഎസ്എസ്എഫ് മേളകളില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവുമടക്കം താരം അഞ്ചു മെഡലുകള്‍ വെടിവച്ച് ഇട്ടിരുന്നു.

കെ ശ്രീകാന്ത് (ബാഡ്മിന്റണ്‍)

കെ ശ്രീകാന്ത് (ബാഡ്മിന്റണ്‍)

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണ് കെ ശ്രീകാന്ത്. താരത്തിന്റെ രണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. ഏപ്രില്‍ 12ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ശ്രീകാന്തിന്റെ ആദ്യ മല്‍സരം. കഴിഞ്ഞ ഗ്ലാസ്‌ഗോ ഗെയിംസില്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്ന ശ്രീകാന്ത് ഇത്തവണ ഈ കുറവ് നികത്താനുള്ള കഠിനാധ്വാനത്തിലാണ്.
2016ലെ റിയോ ഒളിംപിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ ശ്രീകാന്തിന്റെ കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു 2017. ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയിലെല്ലാം കിരീടമണിഞ്ഞ ശ്രീകാന്ത് ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു.
ഈ നാലു സൂപ്പര്‍ സീരീസ് കിരീടവിജയങ്ങള്‍ കൂടാതെ സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലിലെത്താനും ഇന്ത്യന്‍ താരത്തിനു കഴിഞ്ഞു.

സഞ്ജിത ചാനു (ഭാരോദ്വഹനം)

സഞ്ജിത ചാനു (ഭാരോദ്വഹനം)

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു സ്വര്‍ണം നേടിത്തന്ന സഞ്ജിത ചാനു ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏപ്രില്‍ ആറിന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ സഞ്ജിതയുടെ ആദ്യ മല്‍സരം.
2017ലെ കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം സഞ്ജിതയ്ക്കായിരുന്നു. ഇതോടെ കര്‍ണം മല്ലേശ്വരിക്കു ശേഷം ഈ ഗെയിംസില്‍ സ്വര്‍ണമണിയുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അവര്‍ മാറിയിരുന്നു.

മെഹുലി ഘോഷ് (ഷൂട്ടിങ്)

മെഹുലി ഘോഷ് (ഷൂട്ടിങ്)

വനികളുടെ ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് കൗമാരക്കാരിയായ മെഹുലി ഘോഷ്. താരത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 4.30നാണ് മെഹുലി പോരാട്ടത്തിനിറങ്ങുക. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാള്‍ കൂടിയാണ് ഈ 17കാരി.
മെക്‌സിക്കോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കു വെങ്കലം സമ്മാനിച്ച താരം കൂടിയാണ് മെഹുലി. കൂടാതെ മിക്‌സഡ് വിഭാഗത്തിലും താരം ഇന്ത്യക്കായി മെഡല്‍ കൊയ്തു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് മെഹുലി ഗെയിംസില്‍ മല്‍സരിക്കുക. കഴിഞ്ഞ ആറു മാസത്തിനിടെ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരത്തില്‍ ഇന്ത്യക്ക് ഇത്തവണ ഏറെ പ്രതീക്ഷയാണുള്ളത്.

വികാസ് കൃഷന്‍ (ബോക്‌സിങ്)

വികാസ് കൃഷന്‍ (ബോക്‌സിങ്)

പുരുഷന്‍മാരുടെ 69 കിഗ്രാം ബോക്‌സിങില്‍ മല്‍സരക്കുന്ന വികാസ് കൃഷന്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള താരമാണ്. താരത്തിന്റെ ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്. ഏപ്രില്‍ അഞ്ചിന് രാവിലെ 9.17നാണ് വികാസിന്റെ ആദ്യമായി ഇടിക്കൂട്ടില്‍ ഇറങ്ങുക.
2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഡിയോ റിവ്യുവിനെ തുടര്‍ന്നു പുറത്തായ ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ബള്‍ഗേറിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 26കാരനായ വികാസ് ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചിരുന്നു.
ഇത്തവണ ഗോള്‍ഡ് കോസ്റ്റില്‍ 75 കിഗ്രാമിലാണ് വികാസ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

ഐപിഎല്‍: ഷമി ഈസ് ബാക്ക്... വിവാദങ്ങളെ ക്ലീന്‍ ബൗള്‍ഡാക്കി പേസറുടെ തിരിച്ചുവരവ്

Story first published: Tuesday, April 3, 2018, 15:30 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍