റയലിന്റെ ആറാട്ട്, ജയം കളഞ്ഞുകുളിച്ച് ലിവര്‍പൂള്‍... ബ്രേക്കില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി

Written By:

ബെര്‍ലിന്‍/ മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് ഗ്രൂപ്പു തല പോരാട്ടങ്ങളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ എന്നിവര്‍ക്കും വിജയം.

അതേസമയം, മറ്റൊരു ഇംഗ്ലീഷ് ടീമായ ലിവര്‍പൂള്‍ ജയമുറപ്പായിരുന്ന കളിയില്‍ അവിശ്വസനീയമാം വിധം സമനിലയിലേക്ക് വീണു. ഇറ്റാലിയന്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ നാപ്പോളി, ജര്‍മന്‍ ലീഗിലെ വണ്ടര്‍ ക്ലബ്ബ് ലീപ്‌സീഗ് എന്നിവര്‍ ഗ്രൂപ്പുമല്‍സരങ്ങളില്‍ തകര്‍പ്പന്‍ ജയം കൊയ്തു.

റെഡ്‌സ്, എന്തൊരു ദുരന്തം

റെഡ്‌സ്, എന്തൊരു ദുരന്തം

ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് ടീം സെവിയ്യക്കെതിരേ ലിവര്‍പൂളിന്റെ പതനം ഞെട്ടിക്കുന്നതായിരുന്നു. സ്‌പെയിനില്‍ നടന്ന മല്‍സരത്തില്‍ അര മണിക്കൂര്‍ പിന്നിടുമ്പോഴേക്കും മൂന്നു ഗോളുകള്‍ എതിര്‍ വലയില്‍ അടിച്ചുകയറ്റി റെഡ്‌സ് പിടിമുറുക്കിയിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ അവിസ്മരണീയ തിരിച്ചുവരവ് നടത്തി സെവിയ്യ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചു സമനില കൈക്കലാക്കുകയായിരുന്നു.
ലിവര്‍പൂളിവായി റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ടഗോള്‍ നേടി. സാദിയോ മാനെയാണ് മറ്റൊരു സ്‌കോറര്‍.
ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മാരിബറും സ്പാര്‍ട്ടക് മോസ്‌കോയും 1-1നു സമനിലയില്‍ പിരിഞ്ഞു. അഞ്ചു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 9 പോയിന്റുമായി ലിവര്‍പൂളാണ് ഗ്രൂപ്പില്‍ മുന്നില്‍. എട്ടു പോയിന്റുള്ള സെവിയ്യ തൊട്ടുതാഴെയുണ്ട്. ആറു പോയിന്റോടെ സ്പാര്‍ട്ടകാണ് മൂന്നാമത്.

അപരാജിതരായി സിറ്റി

അപരാജിതരായി സിറ്റി

മല്‍സരത്തിനിറങ്ങുന്നതിനു മുമ്പ് തന്നെ നോക്കൗട്ട്‌റൗണ്ട് ഉറപ്പിച്ചിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായ അഞ്ചാം ജയമാണ് കൊയ്തത്. ഹോംഗ്രൗണ്ടില്‍ ഡച്ച് ടീം ഫെയ്‌നൂര്‍ദിനെ സിറ്റി 1-0ന് മറികടക്കുകയായിരുന്നു. സമനിലയിലേക്ക് നീങ്ങിയ കളിയില്‍ 88ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങിന്റെ ഗോളാണ് സിറ്റിയുടെ വിജയക്കുതിപ്പ് നിലനിര്‍ത്തിയത്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇംഗ്ലീഷ് ടീമിനായി കസറിയ ഫില്‍ ഫോഡന്‍ ഈ മല്‍സരത്തിലൂടെ സിറ്റിയുടെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ നാപ്പോളി 3-0ന് ഷക്തര്‍ ഡൊണെസ്‌കിനെ കെട്ടുകെട്ടിച്ചു. മൂന്നു ഗോളും രണ്ടാം പകുതിയിലായിരുന്നു. ലോറെന്‍സോ ഇന്‍സൈന്‍, പിയോര്‍ സിലെന്‍സ്‌കി, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവരാണ് സ്‌കോറര്‍മാര്‍.

മൊണാക്കോ ഞെട്ടി

മൊണാക്കോ ഞെട്ടി

ഫ്രഞ്ച് ലീഗിലെ കരുത്തരായ മൊണാക്കോയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഗ്രൂപ്പ് ജിയില്‍ നേരിട്ടത്. ജര്‍മന്‍ ലീഗിലേക്ക് അടുത്തിടെ പ്രൊമോഷന്‍ ലഭിച്ചെത്തിയ ലീപ്‌സിഗ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മൊണാക്കോയെ വാരിക്കളയുകയായിരുന്നു. ഗ്രൂപ്പ് ജിയില്‍ 4-1നാണ് ജര്‍മന്‍ ക്ലബ്ബ് മൊണാക്കോയെ മുക്കിയത്. ടിമോ വെര്‍ണര്‍ വിജയികള്‍ക്കായി ഇരട്ടഗോള്‍ നേടി. മൊണാക്കോയുടെ ആശ്വാസ ഗോള്‍ സൂപ്പര്‍ താരം റഡാമെല്‍ ഫല്‍കാവോയുടെ വകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ എഫ്‌സി പോര്‍ട്ടോയും ബെസിക്റ്റസും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിട്ടു. 11 പോയിന്റുള്ള ബെസിക്റ്റസാണ് ഗ്രൂപ്പില്‍ തലപ്പത്ത്. 7 പോയിന്റ് വീതമുള്ള പോര്‍ട്ടോയും ലീപ്‌സിഗുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റയലിന്റെ ഗോള്‍വര്‍ഷം

റയലിന്റെ ഗോള്‍വര്‍ഷം

സ്പാനിഷ് ലീഗിലെ സമനിലയ്ക്കു ശേഷം ചാംപ്യന്‍സ് ലീഗില്‍ ഇറങ്ങിയ റയല്‍ ഗോള്‍വര്‍ഷിച്ച് ഇതിന്റെ ക്ഷീണം തീര്‍ത്തു. ദുര്‍ബലരായ സൈപ്രസ് ടീം അപോല്‍ നികോസ്യയെ ഗ്രൂപ്പ് എച്ചില്‍ റയലിന്റെ സൂപ്പര്‍ താരനിര നിഷ്പ്രഭരാക്കി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് റയല്‍ അപോലിനെ തരിപ്പണമാക്കിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് ഗോളടിവീരന്‍ കരീം ബെന്‍സെമയും ഇരട്ടഗോളോടെ റയലിന്റെ അമരക്കാരായി. നാച്ചോയും ലൂക്കാ മോഡ്രിച്ചുമാണ് മറ്റു സ്‌കോറര്‍മാര്‍.
ഈ മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെ വിവിധ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളിലായി ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 95 മല്‍സരങ്ങളില്‍ നിന്നാണ് താരം 100 ഗോള്‍ തികച്ചത്.

ഡോട്മുണ്ടിനെ വീഴ്ത്തി സ്പര്‍സ്

ഡോട്മുണ്ടിനെ വീഴ്ത്തി സ്പര്‍സ്

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ടിനെതിരേ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ഡോട്മുണ്ട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. 31ാം മിനിറ്റില്‍ പിയറി എമെറിക്ക് ഓബമെയാങിലൂടെ ഡോട്ടമുണ്ട് ലീഡ് കരസ്ഥമാക്കിയിരുന്നു.
എന്നാല്‍ രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനകം ടോട്ടനം ഒപ്പമെത്തി. ഹാരി കെയ്‌നാണ് സ്പര്‍സിന്റെ സമനില ഗോളിന് അവകാശിയായത്. 76ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിനിന്റെ ഗോളില്‍ ടോട്ടനം വിജയമുറപ്പിച്ചു. 13 പോയിന്റുമായി ടോട്ടനമാണ് ഗ്രൂപ്പില്‍ ഒന്നാമത്. 10 പോയിന്റുള്ള റയല്‍ രണ്ടാംസ്ഥാനത്തുണ്ട്.

Story first published: Wednesday, November 22, 2017, 11:43 [IST]
Other articles published on Nov 22, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍