ലിവര്‍പൂളില്‍ മുങ്ങി മോസ്‌കോ... ക്രിസ്റ്റിക്ക് റെക്കോര്‍ഡ്, പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍

Written By:

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ടീമുകളുടെ ചിത്രം തെളിഞ്ഞു. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ ബുധനാഴ്ച രാത്രി പൂര്‍ത്തിയായതോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തെളിഞ്ഞത്. ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍, റഷ്യയില്‍ നിന്നുള്ള ഷക്തര്‍ ഡൊണെസ്‌ക്, സ്‌പെയിനില്‍ നിന്നുള്ള സെവിയ്യ, പോര്‍ച്ചുഗലില്‍ നിന്നുള്ള എഫ്‌സി പോര്‍ട്ടോ എന്നിവരാണ് നോക്കൗട്ട്‌റണ്ടിലേക്ക് കഴിഞ്ഞ ദിവസം ടിക്കറ്റെടുതത് ടീമുകള്‍.

കൂറ്റന്‍ ജയമാണ് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ലിവര്‍പൂള്‍ കരസ്ഥമാക്കിയത്. നേരത്തേ തന്നെ പ്രീക്വാര്‍ട്ടറില്‍ ഇടംനേടിയ റയല്‍ മാഡ്രിഡ് ജയത്തോടെ തന്നെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാക്കി. ലോക ഫുട്‌ബോളറും റയല്‍ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു.

 അമ്പമ്പോ ലിവര്‍പൂള്‍

അമ്പമ്പോ ലിവര്‍പൂള്‍

റഷ്യന്‍ ടീം സ്പാര്‍ട്ടക് മോസ്‌കോയെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ ചെമ്പട വാരിക്കളയുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ എതിരാളികളെ നാണംകെടുത്തിയത്. ബ്രസീലിയന്‍ സ്റ്റാര്‍ ഫിലിപ്പെ കോട്ടീഞ്ഞോ ഹാട്രിക്കുമായി ലിവര്‍പൂള്‍ ഗോള്‍വേട്ടയ്ക്കു ചുക്കാന്‍ പിടിച്ചു. സാദിയോ മെന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാ എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഒന്നാംപകുതിയില്‍ 3-0ന് മുന്നിലായിരുന്ന ലിവര്‍പൂള്‍ രണ്ടാംപകുതിയില്‍ നാലു ഗോള്‍ കൂടി എതിര്‍ വലയിലേക്ക് അടിച്ചുകയറ്റി നോക്കൗട്ട്‌റൗണ്ട് പ്രവേശനം ആഘോഷിച്ചു.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സെവിയ്യയും മാരിബറും 1-1ന് സമനിലയില്‍ പിരിഞ്ഞു. 12 പോയിന്റോടെ ലിവര്‍പൂളാണ് ഗ്രൂപ്പ് ജേതാക്കളായത്. ഒമ്പത് പോയിന്റ് നേടി സെവിയ്യ റണ്ണറപ്പായി.

സിറ്റിയുടെ വിജയക്കുതിപ്പ് അവസാനിച്ചു

സിറ്റിയുടെ വിജയക്കുതിപ്പ് അവസാനിച്ചു

തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്താന്‍ ഉക്രെയ്ന്‍ ക്ലബ്ബായ ഷക്തര്‍ ഡൊണെസ്‌ക് വേണ്ടിവന്നു. ഗ്രൂപ്പ് എഫിലെ എവേ മല്‍സരത്തില്‍ ഷക്തര്‍ 2-1നു സിറ്റിയെ ഞെട്ടിക്കുകയായിരുന്നു. ഏഴര മാസങ്ങള്‍ക്കും 29 മല്‍സരങ്ങള്‍ക്കും ശേഷമാണ് സിറ്റി ഒരു പരാജയമേറ്റുവാങ്ങുന്നത്. ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി സിറ്റിക്കു നേരിടുന്ന ആദ്യ പരാജയം കൂടിയാണിത്. ഏപ്രില്‍ 23ന് എഫ്എ കപ്പില്‍ ആഴ്‌സലിനോടേറ്റ പരാജയത്തിനു ശേഷം സിറ്റി നേരിട്ട ആദ്യ തോല്‍വിയാണിത്.
ബെര്‍നാര്‍ഡ് (26ാം മിനിറ്റ്), ഇസ്മയ്‌ലി (32) എന്നിവരുടെ ഗോളുകളില്‍ ആദ്യപകുതിയില്‍ തന്നെ ഷക്തര്‍ വിജയമുറപ്പിച്ചിരുന്നു. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പ് സെര്‍ജിയോ അഗ്വേറോ പെനല്‍റ്റിയിലൂടെ സിറ്റിയുടെ ആശ്വാസ ഗോള്‍ മടക്കി. നേരത്തേ തന്നെ നോക്കൗട്ടിലെത്തിയതിനാല്‍ രണ്ടാംനിര ഇലവനെയാണ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള അണിനിരത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫെയ്‌നൂര്‍ദ് 2-1ന് നാപ്പോളിയെ ഞെട്ടിച്ചു. 15 പോയിന്റ് നേടിയ സിറ്റിയാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. 12 പോയിന്റോടെ ഷക്തര്‍ രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി.

ഫൈവ് സ്റ്റാര്‍ പോര്‍ട്ടോ

ഫൈവ് സ്റ്റാര്‍ പോര്‍ട്ടോ

ഗ്രൂപ്പ് ജിയില്‍ പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ എഫ്‌സി പോര്‍ട്ടോ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഫ്രഞ്ച് ടീം മൊണാക്കോയെ പോര്‍ട്ടോ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കി. ഇരട്ടഗോള്‍ നേടിയ കാമറൂണ്‍ സ്‌ട്രൈക്കര്‍ വിന്‍സെന്റ് അബൂബക്കറാണ് പോര്‍ട്ടോ വിജയശില്‍പ്പി. ഫെലിപ്പെ, യാസിന്‍ ബ്രാഹിമി, അലെക്‌സ് ടെല്ലാസ് എന്നിവര്‍ ഒാരോ ഗോള്‍ വീതം നേടി.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ടീം ബെസിക്റ്റസ് 2-1ന് ജര്‍മനിയില്‍ നിന്നുള്ള ലെയ്പ്ഷിഗിനെ തോല്‍പ്പിച്ചു. മൊണാക്കോയ്‌ക്കെതിരായ ജയത്തോടെയാണ് ലെയ്പ്ഷിഗിനെ മറികടന്ന് പോര്‍ട്ടോ നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറുകയും ചെയ്തു.

ക്രിസ്റ്റിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

ക്രിസ്റ്റിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

റെക്കോര്‍ഡുകളുടെ തോഴനായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റി മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലെ ആറു മല്‍സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായാണ് അദ്ദേഹം മാറിയത്.
റയല്‍ 3-2ന് ബൊറൂസ്യ ഡോട്മുണ്ടിനെ തോല്‍പ്പിച്ച കളിയില്‍ ഗോള്‍ നേടിയതോടെയാണിത്. 12ാം മിനിറ്റിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍. ബോര്‍യ മയോറാല്‍, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് റയലിന്റെ മറ്റു സ്‌കോറര്‍മാര്‍. ഡോട്മുണ്ടിന്റെ രണ്ടു ഗോളും പിയറെ എമെറിക് ഓബമെയാങിന്റെ വകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-0ന് അപോല്‍ നികോസ്യയെ തകര്‍ത്തുവിട്ടു. ടോട്ടനം 16 പോയിന്റോടെ ഗ്രൂപ്പില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്തിയപ്പോള്‍ റയല്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറില്‍ കടന്നു.

ഇവര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

ഇവര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, എഎസ് റോമ, ബാഴ്‌സലോണ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബെസിക്റ്റസ്, ടോട്ടനം ഹോട്‌സ്പര്‍, എഫ്‌സി ബാസെല്‍, ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, യുവന്റസ്, സെവിയ്യ, ഷക്തര്‍ ഡൊണെസ്‌ക്, റയല്‍ മാഡ്രിഡ്, എഫ്‌സി പോര്‍ട്ടോ.
ഡിസംബര്‍ 11ന് തിങ്കളാഴ്ചയാണ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുക. ഒരേ രാജ്യക്കാര്‍ തമ്മിലോ ഒരു ഗ്രൂപ്പില്‍ തന്നെ കളിച്ചവര്‍ തമ്മിലോ നോക്കൗട്ട് റൗണ്ടില്‍ മുഖാമുഖം വരില്ല.

Story first published: Thursday, December 7, 2017, 10:31 [IST]
Other articles published on Dec 7, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍