ആന്‍ഫീല്‍ഡ് ത്രില്ലര്‍ സമനിലയില്‍, സിറ്റിക്കരികെ ഡെവിള്‍സ്... റയല്‍ വിറച്ചു ജയിച്ചു, ബയേണ്‍ ഞെട്ടി

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ശനിയാഴ്ച രാത്രി നടന്ന ചെല്‍സി-ലിവര്‍പൂള്‍ ത്രില്ലര്‍ സമനിലയില്‍ കലാശിച്ചു. മുന്‍ ചാപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേരിയ വിജയവുമായി ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറച്ചപ്പോള്‍ ടോട്ടനം ഹോട്‌സ്പറിനു വീണ്ടും തിരിച്ചടി നേരിട്ടു.
സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് വിറച്ചു ജയിച്ചു. എന്നാല്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡ് വമ്പന്‍ വിജയമാഘോഷിച്ചു. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ ജര്‍മനിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. മറ്റൊരു മുന്‍ നിര ടീം ബൊറൂസ്യ ‍ഡോട്മുണ്ട് ജയിക്കാമായിരുന്ന മല്‍സരത്തില്‍ സമനിലയിലേക്ക് വീണു.

വീണ്ടും സലാ, ചെല്‍സി രക്ഷപ്പെട്ടു

വീണ്ടും സലാ, ചെല്‍സി രക്ഷപ്പെട്ടു

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സാറ്റര്‍ഡേയിലെ കിടിലന്‍ പോരാട്ടത്തില്‍ മുന്‍ ചെല്‍സി താരം മുഹമ്മദ് സലായിലൂടെയാണ് ലിവര്‍പൂള്‍ ലക്ഷ്യം കണ്ടത്. 65ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. അലെക്‌സ് ഓക്‌സാല്‍ഡെ ചാമ്പര്‍ലെയ്‌നിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഈ സീസണില്‍ സലായുടെ 15ാം ഗോള്‍ കൂടിയായിരുന്നു ഇത്.
നിലവിലെ ജേതാക്കളായ ചെല്‍സി മല്‍സരം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫൈനല്‍ വിസിലിന് അഞ്ചു മിനിറ്റുള്ളപ്പോള്‍ ചെല്‍സി സമനില പിടിച്ചെടുത്തത്. ബ്രസീലിന്‍ വിങര്‍ വില്ല്യന്റെ വകയായിരുന്നു ബ്ലൂസിന്റെ സമനില ഗോള്‍. ലോങ്‌റേഞ്ചറിലൂടെയാണ് വില്ല്യന്‍ ലിവര്‍പൂള്‍ വലകുലുക്കിയത്.

മാഞ്ചസ്റ്റര്‍ ജയിച്ചു, പക്ഷെ...

മാഞ്ചസ്റ്റര്‍ ജയിച്ചു, പക്ഷെ...

ജോസ് മൊറീഞ്ഞോയ്ക്കുകീഴില്‍ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിറം മങ്ങിയ വിജയമാണ് ലീഗിലെ പുതുമുഖങ്ങളായ ബ്രൈറ്റണ്‍ നേടിയത്. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ 65ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ആഷ്‌ലി യങിന്റെ വകയായിരുന്നു ഡെവിള്‍സിന്റെ വിജയഗോള്‍.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് സ്റ്റോക്ക് സിറ്റിയെയും വാട്‌ഫോര്‍ഡ് 3-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും തോല്‍പ്പിച്ചു. ടോട്ടനം ഹോട്‌സ്പറിനെ വെസ്റ്റ്‌ബ്രോം 1-1നു സമനിലയില്‍ കുരുക്കുകയായിരുന്നു.
34 പോയിന്റോടെ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. അഞ്ചു പോയിന്റ് പിന്നിലായി യുനൈറ്റഡ് രണ്ടാമതുണ്ട്. ചെല്‍സിയാണ് 26 പോയിന്റോടെ മൂന്നാംസ്ഥാനത്ത്.

രക്ഷകനായി ക്രിസ്റ്റി

രക്ഷകനായി ക്രിസ്റ്റി

സ്പാനിഷ് ലീഗില്‍ മാലഗയ്‌ക്കെതിരേ ഹോംഗ്രൗണ്ടില്‍ റയല്‍ ജയവുമായി കഷ്ടിച്ചു തടിതപ്പുകയായിരുന്നു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഓരോ തവണയും മുന്നിട്ടുനിന്ന ശേഷം മാലഗ തിരിച്ചടിച്ചെങ്കിലും 76ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിന് മാലഗയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. കരീം ബെന്‍സെമയും കസേമിറോയുമാണ് മറ്റു സ്‌കോറര്‍മാര്‍.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ 5-0ന് ലെവന്റെയെ കെട്ടുകെട്ടിച്ചു. ഐബര്‍ 2-1ന് അലാവസിനെ മറികടക്കുകയായിരുന്നു.

വീണ്ടും ജയം, ഇന്റര്‍ തലപ്പത്ത്

വീണ്ടും ജയം, ഇന്റര്‍ തലപ്പത്ത്

കഴിഞ്ഞ സീസണുകളിലെല്ലാം തിരിച്ചടികള്‍ മാത്രം നേരിട്ട ഇന്റര്‍മിലാന്‍ ഇറ്റാലിയന്‍ ലീഗില്‍ ഈ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കാഗ്ലിയാരിയെ 3-1ന് തകര്‍ത്ത് ഇന്റര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. നാപ്പോളിയെ മറികടന്നാണ് ഇന്റര്‍ ഒന്നാമതെത്തിയത്.
മൗറോ ഇക്കാര്‍ഡിയുടെ ഇരട്ടഗോളുകാണ് കാഗ്ലിയാരിക്കെതിരേ ഇന്ററിനു മിന്നുന്ന വിജയം സമ്മാനിച്ചത്. മറ്റൊരു ഗോള്‍ മാര്‍സെലോ ബ്രോസോവിച്ചിന്റെ വകയായിരുന്നു. ലീഗിലെ മറ്റു കളികളില്‍ ബൊളോന 3-0ന് സംഡോറിയയെയും ചീവോ 2-1ന് സ്പാലിനെയും തോല്‍പ്പിച്ചു.

ജര്‍മനിയില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി

ജര്‍മനിയില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി

ജര്‍മന്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടികളുടെ ദിനമായിരുന്നു ശനിയാഴ്ച. നിലവിലെ ജേതാക്കളായ ബയേണിനും മുന്‍ വിജയികളായ ഡോട്മുണ്ടിനും കനത്ത തിരിച്ചടിയാണ നേരിട്ടത്. ബയേണിനെ ബൊറൂസ്സ്യ മോകെന്‍ഗ്ലാഡ്ബാക്ക് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു.
ഡോട്മുണ്ടാവട്ടെ 4-0ന് ലീഡ് ചെയ്ത ശേഷം ഷാല്‍ക്കെയ്‌ക്കെതിരേ സമനിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഷാല്‍ക്കെയുടെ നാലു ഗോളും രണ്ടാംപകുതിയിലായിരുന്നു. 72ാം മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഡോട്മുണ്ട് മല്‍സരം പൂര്‍ത്തിയാക്കിയത്.

Story first published: Sunday, November 26, 2017, 9:29 [IST]
Other articles published on Nov 26, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍