ഐപിഎല്ലിനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ് ഉടന്‍ തീരുകയാണ്. പുതിയ സീസണ്‍ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം.

ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കാനിറങ്ങുന്ന ഇന്ത്യന്‍, വിദേശ താരങ്ങളില്‍ ഏറ്റവുമധികം സമ്മര്‍ദ്ദത്തില്‍ കാണപ്പെടുക ആരായിരിക്കുമെന്നു ചൂണ്ടിക്കാണിരിക്കുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമായ റിഷഭ് പന്തിനായിരിക്കും പുതിയ സീസണില്‍ കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുകയെന്നാണ് ഫാഫ് ഡുപ്ലെസി ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ കാരണവും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
എന്റെ അഭിപ്രായത്തില്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കാനിറങ്ങുന്നവരില്‍ ഏറ്റവുമധികം സമ്മര്‍ദ്ദമനുഭവപ്പെടുക റിഷഭ് പന്തിനായിരിക്കും. പ്രൈസ് ടാഗിന്റെ സമ്മര്‍ദ്ദത്തെപ്പറ്റി നമ്മള്‍ എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ട്.

ചില താരങ്ങള്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കും, ചിലര്‍ക്കാവട്ടെ അതിനു സാധിക്കുകയുമില്ല. കഴിഞ്ഞ സീസണ്‍ റിഷഭിനെ സംബന്ധിച്ച് ഏറെ കടുപ്പമേറിയതായിരുന്നു. എല്‍എസ്ജി ടീം പതറി, ബാറ്റിങില്‍ റിഷഭും പതറിയെന്നും ഡുപ്ലെസി നിരീക്ഷിച്ചു.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ തനിക്കു മേലുള്ള അമിത സമ്മര്‍ദ്ദം കുറയ്ക്കണമെങ്കില്‍ റിഷഭ് പന്ത് റണ്‍സെടുത്തേ തീരൂവെന്നു ഫാഫ് ഡുപ്ലെസി പറയുന്നു.
ഒരുപാട് സമ്മര്‍ദ്ദങ്ങളോടെയായിരിക്കും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി റിഷഭ് പന്ത് ഇറങ്ങുക. ടീമിനു സീസണില്‍ ടീമിനെ കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ബാറ്റിങില്‍ കൂടുതല്‍ കരുത്തരായ അവരുടെ ടീം എങ്ങനെയായിരിക്കും ബൗളിങിനെ പരാമവധി ഉപയോഗിക്കുക?

ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് റണ്‍സ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ അതു ആദ്യ ഘട്ടത്തില്‍ തന്നെ സമ്മര്‍ദ്ദം കുറയ്ക്കും. അതിനു ശേഷമാണ് രണ്ടാമത്തെ ഘട്ടം, അത് ടീമാണ്. കഴിഞ്ഞ വര്‍ഷം രണ്ടിലും വലിയ തിരിച്ചടിയാണ് ഫണ്ടായിട്ടുള്ളതെന്നും ഡുപ്ലെസി നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലത്തില്‍ 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തികയ്ക്കാണ് റിഷഭിനെ എല്‍എസ്ജി സ്വന്തമാക്കിയത്. പക്ഷെ 13 ഇന്നിങ്‌സുകളില്‍ 24.45 എന്ന മോശം ശരാശരിയില്‍ അദ്ദേഹത്തിനു ആകെ നേടാനായത് വെറും 269 റണ്‍സാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂവുമായുള്ള സീസണിലെ അപ്രസക്തമായ അവസാന കളിയിലെ സെഞ്ച്വറി ഇല്ലായിരുന്നെങ്കില്‍ റിഷഭിന്റെ പ്രകടനം കൂടുതല്‍ പരിതാപകരമായി മാറുമായിരുന്നു. ഈ മല്‍സരത്തില്‍ 61 ബോളില്‍ പുറത്താവാതെ 118 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.