IPL 2022: റിട്ടയേര്‍ഡ് ഔട്ട് അശ്വിന്റെ സ്വന്തം തീരുമാനമോ? അല്ലെന്നു സഞ്ജു!

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയ സംഭവമായിരുന്നു ആര്‍ അശ്വിന്റെ റിട്ടയേര്‍ഡ് ഔട്ട്. രാജസ്ഥാന്‍ റോയല്‍സ് താരമായ അദ്ദേഹം വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കവെയായിരുന്നു റിട്ടയേര്‍ഡ് ഔട്ടായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടായ ആദ്യത്തെ താരമായും ഇതോടെ അശ്വിന്‍ മാറിയിരുന്നു. റോയല്‍സ് ഇന്നിങ്‌സിലെ 19ാം ഓവറിലെ രണ്ടാമത്തെ ബോളിനു ശേഷമാണ് അശ്വിന്‍ ക്രീസ് വിട്ടത്. തുടര്‍ന്ന് റിയാന്‍ പരാഗ് ക്രീസിലേക്കു വരികയായിരുന്നു.

23 ബോളില്‍ രണ്ടു സിക്‌സറടക്കമാണ് അശ്വിന്‍ 28 റണ്‍സ് നേടിയത്. സ്‌കോറിങിനു വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടായിരുന്നു അദ്ദേഹം സ്വയം റിട്ടയേര്‍ഡ് ഔട്ടായത്. ഇതേക്കുറിച്ച് മല്‍സരശേഷം പ്രതികരിച്ചിരിക്കുകയാണ് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇതു അശ്വിന്‍ വളരെ പെട്ടെന്നു എടുത്ത ഒരു തീരുമാനമല്ലെന്നും ടീം നേരത്തേ പ്ലാന്‍ ചെയ്തിരുന്ന കാര്യമാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഐപിഎല്ലിന്റെ 15ാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി സഞ്ജു സാംസണ്‍ വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സായതു കൊണ്ടാണ് ഇതു സംഭവിച്ചത്. ഞങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സീസണിനു മുമ്പ് തന്നെ ഞങ്ങള്‍ ഇതേക്കുറിച്ച് കൂടിയാലോചിച്ചിരുന്നു. ഒരു സാഹചര്യം വന്നാല്‍ ഇതുപയോഗിക്കാമെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഇതു ടീമിന്റെ തീരുമാനമായിരുന്നുവെന്നും സഞ്ജു വിശദമാക്കി.

പക്ഷെ ആര്‍ അശ്വിന്റെ ബാറ്റിങ് പങ്കാളിയായ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനു ഇങ്ങെയൊരു റിട്ടയേര്‍ഡ് ഔട്ട് പ്രതീക്ഷിച്ചിരുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ അശ്വിന്‍ ഗ്രൗണ്ട് വിടുമെന്ന് അറിയില്ലായിരുന്നുവെന്നും തനിക്ക് ഷോക്കാണ് അപ്പോഴുണ്ടായതെന്നുമായിരുന്നു കളിയുടെ ആദ്യ ഇന്നിങ്‌സിനു ശേഷം അദ്ദേഹം പ്രതികരിച്ചത്.

നേരത്തേ ഐസിസിയുടെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡ് ഇതുപോലെ റിട്ടയേര്‍ഡ് ഔട്ടായിരുന്നു. കൂടാതെ 2019ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമെന്ന താരവും ഈ തരത്തില്‍റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടിരുന്നു.

ലഖ്‌നൗവിനെതിരായ കളിയില്‍ റിട്ടയേര്‍ഡ് ഔട്ടായ ആര്‍ അശ്വിന്റെ തീരുമാനത്തെ രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സങ്കക്കാര പ്രശംസിച്ചു. ശരിയായ സമയത്താണ് അശ്വിന്‍ ഇത്തരമൊരു നീക്കം നടത്തിയത്. അശ്വിന്‍ മൈതാനത്തു നിന്നും ഇതേക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യുമെന്നു റിട്ടയേര്‍ഡ് ഔട്ടാവുന്നതിനു തൊട്ടുമുമ്പ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹം അത്തമൊരു തീരുമാനമെടുത്തത്. കോച്ചെന്ന നിലയില്‍ ഒരു തെറ്റായ നീക്കം എന്റെ ഭാഗത്തു നിന്നുണ്ടായി. റാസ്സി വാന്‍ഡര്‍ ഡ്യുസെനു മുമ്പ് റിയാന്‍ പരാഗിനെ ഇറക്കാതിരുന്നതായിരുന്നു അത്. അതിനാല്‍ പരാഗിനെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്കായില്ലെന്നും സങ്കക്കാര വിശദമാക്കി.

പക്ഷെ അശ്വിന്‍ സാഹചര്യം നന്നായി കൈകാര്യം ചെയ്തു. സമ്മര്‍ദ്ദഘട്ടത്തില്‍ ക്രീസിലെത്തിയ അദ്ദേഹം നന്നായി ബാറ്റ് വീശി. ടീമിനെ നന്നായി പിന്തുണയ്ക്കുകയും അവസാനം തന്റെ വിക്കറ്റ് ത്യജിക്കുകയും ചെയ്തു. പിന്നീട് ഉജ്ജ്വല ബൗളിങിലൂടെയും അശ്വിന്‍ ടീമിനെ പിന്തുണച്ചു.

ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നീ ബൗളര്‍മാരും സമ്മര്‍ദ്ദത്തിലും മഞ്ഞുവീഴ്ചയ്ക്കിടയിലും അതിശയിപ്പിക്കുന്ന ബൗളിങാണ് കാഴ്ചവച്ചതെന്നും കുമാര്‍ സങ്കക്കാര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആവേശകരമായ മല്‍സരത്തില്‍ ലഖ്‌നൗവിനെ മൂന്നു റണ്‍സിനു റോയല്‍സ് തോല്‍പ്പിച്ചിരുന്ന. 166 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലഖ്‌നൗ എട്ടു വിക്കറ്റിനു 162 റണ്‍സെടുത്ത് കളി അടിയറവയ്ക്കുകയായിരുന്നു. നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ഈ വിജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, April 11, 2022, 10:21 [IST]
Other articles published on Apr 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X