IPL 2020: ജയിക്കാന്‍ അവര്‍ കനിയണം! ധോണിയെക്കൊണ്ട് ഒന്നും നടന്നില്ല- പതനത്തിന് കാരണങ്ങള്‍

ഐപിഎല്ലില്‍ എതിര്‍ ടീമുകള്‍ക്കു പോലും കൈയടിക്കേണ്ടി വന്നിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെന്ത് പറ്റി? സിഎസ്‌കെയാണ് ഗ്രൗണ്ടിലെങ്കില്‍ ഒരുകാലത്ത് മല്‍സരഫലം പ്രവചിക്കുക അസാധ്യമായിരുന്നു. കാരണം എത്ര മോശം സാഹചര്യത്തില്‍ നിന്നും കളിയിലേക്കു തിരിച്ചുവരാനും എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള അസാധാരണമായ മനക്കരുത്തും കളിമിടുക്കും അവര്‍ക്കുണ്ടായിരുന്നു.

IPL 2020: പവര്‍പ്ലേയില്‍ തന്നെ സിഎസ്‌കെ തോറ്റു, മുംബൈക്കെതിരായ മത്സരത്തെക്കുറിച്ച് ഫ്‌ളമിങ്

IPL 2020: സിഎസ്‌കെയ്‌ക്കെതിരേ ലക്ഷ്യം വെച്ചത് നടന്നില്ല, തുറന്ന് പറഞ്ഞ് കീറോണ്‍ പൊള്ളാര്‍ഡ്

പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ അതല്ല അവസ്ഥ. സിഎസ്‌കെയുടേതാണ് കളിയെങ്കില്‍ അത് എതിര്‍ ടീം ജയിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല. ആര്‍ക്കും തോല്‍പ്പിക്കാവുന്ന ഒരു വെറും 'ഓര്‍ഡിനറി' ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പത്തു വിക്കറ്റിനാണ് സിഎസ്‌കെ തകര്‍ന്നടിഞ്ഞത്. ഈ സീസണില്‍ അവര്‍ക്കു നേരിട്ട എട്ടാം തോല്‍വിയായിരുന്നു ഇത്. ഈ ഐപിഎല്ലിനു മുമ്പ് സിഎസ്‌കെയുടെ വിജയശാശരി 60.60 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 58.85 ശതമാനമായി ഇടിഞ്ഞു. സിഎസ്‌കെയുടെ പതനത്തിനു കാരണങ്ങള്‍ പരിശോധിക്കാം.

സ്‌ക്വാഡിലെ പ്രശ്‌നങ്ങള്‍

സ്‌ക്വാഡിലെ പ്രശ്‌നങ്ങള്‍

ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സിഎസ്‌കെയുടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. പരിചയസമ്പന്നരായ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും വ്യക്തിപരമായയ കാരണങ്ങളെ തുടര്‍ന്ന് പിന്‍മാറിയത് സിഎസ്‌കെയ്ക്ക് അപ്രതീക്ഷിത ആഘാതമായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു പരിക്കു കാരണം തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായതും സിഎസ്‌കെയെ ഉലച്ചു.

ടീമിലെ ഭൂരിഭാഗം താരങ്ങളും ഒു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്തവരാണ്. നായകന്‍ ധോണി, ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, പിയൂഷ് ചൗള, മുരളി വിജയ്, ഇമ്രാന്‍ താഹിര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇത് കൂടാതെ ദേശീയ ടീമനായി കളിച്ചിട്ടില്ലാ അഞ്ചു താരങ്ങള്‍ക്കാവട്ടെ മല്‍സരപരിചയവും കുറവാണ്.

ബാറ്റിങ് ലൈനപ്പ്

ബാറ്റിങ് ലൈനപ്പ്

മുരളി വിജയിയുടെ മോശം ഫോമും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ അഭാവവും സിഎസ്‌കെയെ തളര്‍ത്തി. ഗതികെട്ടാണ് വിജയ്ക്കു പകരം മുന്‍നിര ബാറ്റ്‌സ്മാനല്ലാത്ത സാം കറെനെ ഓപ്പണറായി പരീക്ഷിക്കേണ്ടി വന്നത്. ഓപ്പണറായി ആദ്യ കളിയില്‍ 30-40 റണ്‍സ് കറെന്‍ നേടിയെങ്കിലും പിന്നീട് ഇതുണ്ടായില്ല. പവര്‍പ്ലേ ഓവറുകളില്‍ മൂന്ന്- നാലു വിക്കറ്റുകള്‍ സിഎസ്‌കെ സ്ഥിരമായി നഷ്ടപ്പെടുത്തിയതും അവരെ തളര്‍ത്തി.

വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി പ്രതിരോധിച്ച് കളിക്കാനാണ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ശ്രമിച്ചത്. ഇത് സ്‌കോറിങിന്റെ വേഗം കുറയ്ക്കുകയും ചെയ്തു. 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ഒരു താരം സിഎസ്‌കെയ്ക്കു വേണ്ടിയിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ഫിനിഷറുടെ അഭാവവും ടീമില്‍ കാണാമായിരുന്നു.

വിദേശ താരങ്ങളെ ആശ്രയിച്ചു

വിദേശ താരങ്ങളെ ആശ്രയിച്ചു

വിദേശ താരങ്ങളെ അമിതമായി ആശ്രയിച്ച് കളിച്ചതും സിഎസ്‌കെയ്ക്കു തിരിച്ചടിയായി. പരിക്കേറ്റ ബ്രാവോയ്ക്കു പകരമാണ് സിഎസ്‌കെ കറെനെ കളിപ്പിച്ചത്. സിഎസ്‌കെയിലെ മറ്റു സ്ഥിരം വിദേശതാരങ്ങള്‍ ഷെയ്ന്‍ വാട്‌സനും ഫാഫ് ഡുപ്ലെസിയുമായിരുന്നു. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും പെര്‍ഫോം ചെയ്‌തേ തീരൂവെന്ന സമ്മര്‍ദ്ദം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. കാരണം ഇവര്‍ പെട്ടെന്നു പുറത്തായാല്‍ പകരം ഈ റോള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള ബാറ്റ്‌സമാന്‍മാര്‍ അവര്‍ക്ക് ഇല്ലായിരുന്നു.

വിദേശ താരങ്ങള്‍ തിളങ്ങിയപ്പോള്‍ മാത്രമേ സിഎസ്‌കെ ഈ സീസണില്‍ മല്‍സരങ്ങള്‍ ജയിച്ചിട്ടുള്ളൂവെന്നു കാണാം. ഐപിഎല്ലില്‍ മറ്റൊരു ടീമിനുമില്ലാത്ത ഗതികേടാണിത്.

ധോണിയുടെ പ്രകടനം

ധോണിയുടെ പ്രകടനം

കളിക്കാരനെന്ന നിലയില്‍ നായകന്‍ ധോണി ഫിറ്റായിരുന്നെങ്കിലും ഇത് പെര്‍ഫോമന്‍സിലേക്കു മാറ്റാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങലും സ്ഥിരതയില്ലാത്ത ബാറ്റിങ് പൊസിഷനുകളും ചോദ്യം ചെയ്യപ്പെട്ടു. അഞ്ചില്‍ താഴെ പൊസിഷനിലും ധോണി കളിച്ചെങ്കിലും അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ആറിന് മുകളില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും ടീം സ്‌കോറിലേക്കു ഒരു സംഭാവനയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ക്രീസില്‍ നിലയുറപ്പിക്കാന്‍ ഒരുപാട് സമയെടുത്ത അദ്ദേഹത്തിന്റെ ടൈമിങും മോശമായിരുന്നു. രവീന്ദ്ര ജഡേജയേക്കാള്‍ മോശമായിരുന്നു ബാറ്റിങില്‍ ധോണിയുടെ പ്രകടനമെന്നു കാണാം. ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്കു മുന്നില്‍ നിന്നു നയിക്കാന്‍ കഴിയാതിരുന്നത് സിഎസ്‌കെയുടെ പതനത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്.

സ്പിന്നര്‍മാരുടെ ടീം

സ്പിന്നര്‍മാരുടെ ടീം

സ്പിന്‍ ബൗളിങ് മികവ് കൊണ്ട് വിജയിച്ചു പോന്ന ടീമാണ് സിഎസ്‌കെ. പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാരാണ് സിഎസ്‌കെയുടെ വിജയങ്ങള്‍ക്കു പിന്നിലെന്ന് ചരിത്രം നോക്കിയാല്‍ ബോധ്യമാവും.

പക്ഷെ ഈ സീസണില്‍ സ്പിന്നര്‍മാരില്‍ നിന്നും സിഎസ്‌കെയ്ക്കു കാര്യമായ സംഭാവന കിട്ടയില്ല. പിയൂഷ് ചൗള, രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. ടീം കോമ്പിനേഷന്‍ പരിഗണിക്കുമ്പോള്‍ ഒരു വിദേശ സ്പിന്നറെ കളിപ്പിക്കുക സിഎസ്‌കെയ്ക്കു ദുഷ്‌കരമായി മാറി. ഇതോടെ ഇമ്രാന്‍ താഹിറിനെ പുറത്തിരുത്തേണ്ടി വരികയും ചെയ്തു.

ഹര്‍ഭജന്റെ അഭാവം സിഎസ്‌കെയ്ക്കു നികത്താനാവാത്ത നഷ്ടമായി മാറി. കേദാര്‍ ജാദവ് ഓള്‍റൗണ്ടറായാണ് ടീമിലെത്തിയതെങ്കിലും ഒരോവര്‍ പോലും ബൗള്‍ ചെയ്തിട്ടില്ല. ഫീല്‍ഡിങിലും സിഎസ്‌കെ ഫ്‌ളോപ്പായി. നിരവധി ക്യാച്ചുകളാണ് അവര്‍ നഷ്ടപ്പെടുത്തിയത്. ഡല്‍ഹിക്കെതിരായ നിര്‍ണായക കളിയില്‍ ശിഖര്‍ ധവാനെ മൂന്നു വട്ടം സിഎസ്‌കെ കൈവിട്ടിരുന്നു. അപരാജിത സെഞ്ച്വറിയോടെ ധവാന്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.

ഇനിയെന്ത്?

ഇനിയെന്ത്?

എത്രയും വേഗത്തില്‍ ഈ സീസണ്‍ അവസാനിച്ചു കിട്ടാനായിരിക്കും ഇനി സിഎസ്‌കെ ആഗ്രഹിക്കുക. അടുത്ത സീസണ്‍ മാസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കെ ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മുതിര്‍ന്ന പല താരങ്ങളെയും ഒഴിവാക്കി പകരം യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ള പുതിയൊരു നിരയെ സിഎസ്‌കെ വാര്‍ത്തെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സിഎസ്‌കെയ്ക്കു ഐപിഎല്ലില്‍ തങ്ങളുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, October 24, 2020, 14:17 [IST]
Other articles published on Oct 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X