IND vs NZ: ജയ്പൂരില്‍ 'സൂര്യോ'ദയം, രോഹിത്-ദ്രാവിഡ് യുഗത്തിനു വിജയത്തുടക്കം

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ- രാഹുല്‍ ദ്രാവിഡ് യുഗത്തിനു വിജയത്തുക്കം. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവിലായിരുന്നു ഹിറ്റ്മാന്റെ ടീം വിജയക്കുറി ചാര്‍ത്തിയത്. 165 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ രണ്ടു ബോളുകളും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ജയിച്ചുകയറിയത്.

സൂര്യകുമാര്‍ യാദവിന്റെ (62) തകര്‍പ്പന്‍ ഫിഫ്റ്റിയും നായകന്‍ രോഹിത്തിന്റെ (48) ഇന്നിങ്‌സുമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. 40 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു സൂര്യ ടീമിന്റെ അമരക്കാരനായത്. രോഹിത് 36 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. കെഎല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (5), വെങ്കടേഷ് അയ്യര്‍ (4) എന്നവരാണ് പുറത്തായ മറ്റുള്ളവര്‍. റിഷഭ് പന്തും (17*) അക്ഷര്‍ പട്ടേലും (1*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

മികച്ച തുടക്കമായിരുന്നു രോഹിത്- രാഹുല്‍ ജോടി ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 30 ബോളില്‍ 50 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. രണ്ടാം വിക്കറ്റില്‍ രോഹിത്- സൂര്യ ജോടി വീണ്ടുമൊരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യയെ വിജയത്തിലേക്കു കൂടുതല്‍ അടുപ്പിച്ചത്. 59 റണ്‍സ് ഇവര്‍ ചേര്‍ന്നെടുത്തു. ഫിഫ്റ്റിക്കു രണ്ടു റണ്‍സ് മാത്രമകലെ രോഹിത്തിനെ ബോള്‍ട്ട് വീഴ്ത്തുകയായിരുന്നു. സൂര്യ- റിഷഭ് ജോടി 35 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ അനായസം ജയത്തിലേക്കു നയിക്കവെയാണ് സൂര്യ പുറത്താവുന്നത്. ബോള്‍ട്ട് അദ്ദേഹത്തെ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ഇന്ത്യ പതറുന്നതാണ് കണ്ടത്. ശ്രേയസും വെങ്കടേഷും പെട്ടെന്നു പുറത്തായത് കളി അവസാന ഓവറിലേക്കു നീട്ടുകയും ചെയ്തു. 20ാം ഓവറിലെ നാലാമത്തെ ബോള്‍ ബൗണ്ടറിയിലേക്കു പായിച്ച് റിഷഭാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 164 റണ്‍സായിരുന്നു ടി20 ലോകകപ്പ് റണ്ണറപ്പുകള്‍ കൂടിയായ കിവീസ് അടിച്ചെടുത്തത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (70), മാര്‍ക്ക് ചാപ്പ്മാന്‍ (63) എന്നിവരുടെ ഉജ്ജ്വല ഫിഫ്റ്റികളാണ് ന്യൂസിലാന്‍ഡിനെ മികച്ച ടോട്ടലിലെത്തിച്ചത്. 42 ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകമടക്കമാണ് ഗപ്റ്റില്‍ 70 റണ്‍സ് വാരിക്കൂട്ടിയത്. നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ പകരക്കാരനായി മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങിയ ചാപ്മാന്‍ 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. താരത്തിന്റെ കന്നി ടി20 ഫിഫ്റ്റി കൂടിയാണിത്. ഗപ്റ്റിലും ചാപ്മാനും മാറ്റിനിര്‍ത്തിയാല്‍ ന്യൂസിലാന്‍ഡ് നിരയില്‍ മറ്റാരും ബാറ്റിങില്‍ അത്ര മികച്ച പ്രകടനം നടത്തിയില്ല. ലോകകപ്പില്‍ കസറിയ ഓപ്പണര്‍ ഡാരില്‍ മിച്ചെല്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സും പൂജ്യത്തിനു പുറത്തായി. ടിം സെയ്‌ഫേര്‍ട്ട് (12), രചിത് രവീന്ദ്ര (7), മിച്ചെല്‍ സാന്റ്‌നര്‍ (4*), ടിം സൗത്തി (0*) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കിയില്ല.

സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഭുവനേശ്വര്‍ ഇന്ത്യക്കു നല്‍കിയത്. ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ മിച്ചെലിനെ ഭുവി ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ കളിയില്‍ പിടിമുറുക്കാന്‍ ഇതു ഇന്ത്യയെ സഹായിച്ചില്ല. രണ്ടാം വിക്കറ്റില്‍ ഗപ്റ്റില്‍- ചാപ്മാന്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി കിവീസിനെ കരകയറ്റി. 109 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഈ സഖ്യം ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുക്കവെയാണ് അശ്വിന്‍ കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ചാപ്മാനെയും ഫിലിപ്‌സിനെയും ഒരേ ഓവറില്‍ അദ്ദേഹം പുറത്താക്കി. ചാപ്മാന്‍ ബൗള്‍ഡായപ്പോള്‍ ഫിലിപ്‌സിനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇന്ത്യക്കു വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ദീപക് ചാഹറിനുും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ ഇന്ത്യയുടെ പുതിയ ടി20 നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് ശര്‍മയ്ക്കു ടോസ് ലഭിക്കുകയായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. പുതുമുഖ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഈ മല്‍സരത്തില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ കൂടിയായ വെങ്കി ടീമിലേക്കു വന്നത്. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍ എന്നിവരാണ് പേസ് വിഭാഗം കൈകാര്യം ചെയ്തു. അക്ഷര്‍ പട്ടേലും ആര്‍ അശ്വിനുമാണ് സ്പിന്നര്‍മാര്‍. യുസ്വേന്ദ്ര ചാഹലിനു അവസരം ലഭിച്ചില്ല.

ന്യൂസിലാന്‍ഡാവട്ടെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജിമ്മി നീഷാം, നായതന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇഷ് സോധി, ആദം മില്‍നെ എന്നിവര്‍ ടീമില്‍ ഇല്ല. വില്ലിയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ പേസര്‍ ടിം സൗത്തിയാണ് ന്യൂസിലാന്‍ഡിനെ നയിക്കുന്നത്. ടി20 പരമ്പരയ്ക്കു ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്നതിനു വേണ്ടി വില്ല്യംസണ്‍ സ്വയം പിന്‍മാറുകയായിരുന്നു.

വിരാട് കോലി- രവി ശാസ്ത്രി യുഗത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ തുടക്കം കൂടിയാണ് ഈ മല്‍സരം. രോഹിത് ടീമിനെ നയിച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കു വരികയായിരുന്നു. ടി20 ലോകകപ്പിനു ശേഷം കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞിരുന്നു. ശാസ്ത്രിയുടെ കരാര്‍ ടൂര്‍ണമെന്റോടെ അവസാനിക്കുകയുമായിരുന്നു. കോലിക്കു ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും പരമ്പരയില്‍ കളിക്കുന്നില്ല. ജഡേജ, ബുംറ, ഷമി എന്നിവര്‍ക്കു വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദിക് ഒഴിവാക്കപ്പെടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, November 17, 2021, 16:58 [IST]
Other articles published on Nov 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X