IND vs AUS: ഗാബയില്‍ അശ്വിന്‍ ഇല്ലെങ്കില്‍ ഇന്ത്യ 4-1! നടരാജന്റെ അരങ്ങേറ്റമുറപ്പ്- സുന്ദറും കളിക്കും

ഓസ്‌ട്രേലിയക്കേതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ എന്നിവര്‍ ഇതിനകം നാലാം ടെസ്റ്റിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആര്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ കാര്യവും സംശയത്തിലാണ്.

മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍ എന്നിവര്‍ നേരത്തേ തന്നെ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. ഗാബ ടെസ്റ്റില്‍ നാലു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് ലൈനപ്പിനെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്.

അശ്വിനെ നഷ്ടമായേക്കും

അശ്വിനെ നഷ്ടമായേക്കും

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ നാലാം ടെസ്റ്റില്‍ ഇന്ത്യക്കു നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അശ്വിന്‍ പുറത്തിരിക്കുകയാണെങ്കില്‍ പേസ് ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെ ഇന്ത്യ അണിനിരത്തിയേക്കും. ഇന്ത്യയുടെ സ്ഥിരം ബൗളിങ് കോമ്പിനേഷനായ 3-2നു പകരം 4-1 എന്ന കോമ്പിനേഷന്‍ ഗാബയില്‍ പരീക്ഷിച്ചേക്കും.

ജഡേജ പരിക്കേറ്റു നേരത്തേ തന്നെ പുറത്തായതിനാല്‍ അശ്വിനെക്കൂടി നഷ്ടമായാല്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമാവും. ജഡേജയ്ക്കു പകരം ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായ വാഷിങ്ടണ്‍ സുന്ദറിനു നറുക്കുവീണേക്കും. ബാറ്റ് ചെയ്യാനുള്ളള കഴിവും താരത്തിന് മുതല്‍ക്കൂട്ടാണ്.

നടരാജന്റെ അരങ്ങേറ്റം

നടരാജന്റെ അരങ്ങേറ്റം

നാലു പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്ന ബൗളിങ് കോമ്പിനേഷന്‍ ഗാബയില്‍ ഇന്ത്യ പരീക്ഷിച്ചാല്‍ അതു മറ്റൊരു താരത്തിനു കൂടി അരങ്ങേറ്റത്തിനു അവസരമൊരുക്കും. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ തമിഴ്ടനാട്ടുകാരനായ പേസര്‍ ടി നടരാജനാലും ഇന്ത്യക്കായി അരങ്ങേറുക. ഓസീസ് പര്യടനത്തില്‍ ഇതിനകം ഏകദിനം, ടി20 എന്നിവയില്‍ 'നട്ടു' അരങ്ങേറിക്കഴിഞ്ഞു. ഇനി ടെസ്റ്റിലും അരങ്ങേറാനായാല്‍ ഒരു പര്യടത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും അരങ്ങേറിയ താരമെന്ന നേട്ടം കൂടി നടരാജനെ തേടിയെത്തും.

ബുംറയ്ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍ നാലാം ടെസ്റ്റില്‍ കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇനി അശ്വിന്‍ കൂടി വിട്ടുനില്‍ക്കുകയാണെങ്കില്‍ നടരാജനും ടീമിലേക്കു വന്നേക്കും. ഓസീസിനെതിരായ ഈ പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവര്‍ ഇതിനകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഈ ലിസ്റ്റിലേക്കു ഇനി നടരാജനും വാഷിങ്ടണ്‍ സുന്ദറുമെത്തുമോയെന്നാണ് അറിയാനുള്ളത്.

കുല്‍ദീപിന് സാധ്യത കുറവ്

കുല്‍ദീപിന് സാധ്യത കുറവ്

യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഗാബയില്‍ അദ്ദേഹത്തെ ഇറക്കാന്‍ സാധ്യതയില്ല. ബാറ്റിങിലെ ദൗര്‍ബല്യമാണ് കാരണം. ഇതേ തുടര്‍ന്നാണ് സുന്ദറിനെ പരിഗണിക്കുന്നത്.

സിഡ്‌നി ടെസ്റ്റിനിടെ തന്നെ അശ്വിനെ പുറംവേദന അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പൃതി നാരായണന്‍ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. അഞ്ചാംദിനം കടുത്ത പുറംവേദന വകവയ്ക്കാതെയാണ് അശ്വിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതെന്നും കുനിയാന്‍ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും പൃതി കുറിച്ചിരുന്നു.

ജഡേജയ്‌ക്കൊപ്പം അശ്വിനുമില്ലെങ്കില്‍ അതു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാക്കും. അതിനാല്‍ ഓള്‍റൗണ്ടറായ സുന്ദറിനെ ജഡേജയ്ക്കു പകരവും അശ്വിന്‍ ഇല്ലെങ്കില്‍ പകരം അധികമൊരു പേസറായി നടരാജനെയും ഇന്ത്യ ഇറക്കുമെന്നാണ് വിവരം.

സിറാജ് ചുക്കാന്‍ പിടിക്കും

സിറാജ് ചുക്കാന്‍ പിടിക്കും

ബുംറയുടെ അഭാവത്തില്‍ യുവ താരം മുഹമ്മദ് സിറാജായിരിക്കും ഗാബയില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഒപ്പം നവദീപ് സെയ്‌നിയും ശര്‍ദ്ദുല്‍ താക്കൂറുമുണ്ടാവും. അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ മൂന്നാം പേസര്‍ക്കുള്ള സ്ഥാനത്തേക്കു സെയ്‌നിയും നടരാജനും തമ്മിലായിരിക്കും പിടിവലി.

താക്കൂറും നടരാജനും തമ്മിലാവില്ല മല്‍സരം. സെയ്‌നിയും നടരാജനും തമ്മിലാണ്. ബൗണ്‍സും സീമുമുള്ള പിച്ചാണ് ഗാബയിലേത്. ഇവിടെ സെയ്‌നിക്കാണ് ചെറിയ മുന്‍തൂക്കം. എന്നാല്‍ അശ്വിന്‍ കളിച്ചില്ലെങ്കില്‍ നാലു പേസര്‍മാരെ കളിപ്പിക്കും. അങ്ങനെയെങ്കില്‍ നടരാജനും അവസരം ലഭിക്കുമെന്നു ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 13, 2021, 13:55 [IST]
Other articles published on Jan 13, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X