ഐപിഎൽ 2026-ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ കടുത്ത സമ്മർദ്ദത്തിൽ. കഴിഞ്ഞ ലേലത്തിൽ 25.20 കോടി രൂപ എന്ന വമ്പൻ തുകയ്ക്ക് കെകെആർ സ്വന്തമാക്കിയ ഗ്രീൻ, തന്റെ മോശം ഫോമിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിലാണ് നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചത്. ഷെഫീൽഡ് ഷീൽഡ് മത്സരത്തിന് ശേഷമായിരുന്നു ഈ നാടകീയ സംഭവങ്ങൾ.
അഭിമുഖത്തിനിടെയുണ്ടായ തർക്കം
വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് വേണ്ടി സെഞ്ച്വറി നേടിയതിന് പിന്നാലെ 'ദി ഏജ്' (The Age) പത്രത്തിലെ മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു ഗ്രീൻ. സെഞ്ച്വറി നേടിയതിലെ സന്തോഷം പങ്കുവെച്ച ഗ്രീനിനോട്, തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ സമീപകാലത്തെ മോശം ഫോമിനെക്കുറിച്ച് ചോദ്യമുയർന്നു. 2025-26 ആഷസ് പരമ്പരയിലും ടി20 ലോകകപ്പിലും ഗ്രീൻ പരാജയപ്പെട്ടിരുന്നു.

ഫോമിനെക്കുറിച്ചുള്ള ചോദ്യം കേട്ടതോടെ താരം ക്ഷുഭിതനായി. "ഞാൻ ആ ചോദ്യത്തിന് മറുപടി നൽകില്ല, അടുത്ത ചോദ്യം ചോദിക്കൂ," എന്ന് ഗ്രീൻ മറുപടി നൽകി. മാധ്യമപ്രവർത്തകൻ അഭിമുഖം അവസാനിപ്പിക്കാൻ ഒരുങ്ങിയതോടെ ഗ്രീൻ കൂടുതൽ അസ്വസ്ഥനായി. "ഇതൊരു സമയനഷ്ടമാണ്. നിങ്ങൾ എന്തിനാണ് എന്നെ വേട്ടയാടാൻ നോക്കുന്നത്?" എന്ന് ചോദിച്ചുകൊണ്ട് താരം അവിടെനിന്നും ഇറങ്ങിപ്പോയി. ഗ്രീനിന്റെ പെരുമാറ്റത്തിൽ അസിസ്റ്റന്റ് കോച്ച് ബ്യൂ കാസൺ പിന്നീട് മാപ്പപേക്ഷിക്കുകയും ചെയ്തു.
ലോകകപ്പിലെ വൻ പരാജയം; കെകെആറിന് ആശങ്ക!
2026 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ കാമറൂൺ ഗ്രീനിന്റെ പ്രകടനം അതീവ പരിതാപകരമായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് വെറും 24 റൺസ് മാത്രമാണ് ഗ്രീൻ നേടിയത്. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരം, ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക പോരാട്ടത്തിൽ വെറും 3 റൺസിനും മടങ്ങി.
അജിങ്ക്യ രഹാനെ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗ്രീനിന് വലിയ ഉത്തരവാദിത്തമാണുള്ളത്. ഹർഷിത് റാണ, മതീഷ പതിരണ എന്നീ ബൗളർമാർ പരിക്കിന്റെ പിടിയിലായതിനാൽ ബാറ്റിംഗിന് പുറമെ ബൗളിംഗിലും ഗ്രീൻ തിളങ്ങേണ്ടതുണ്ട്. തന്റെ വമ്പൻ വിലയ്ക്കൊത്ത പ്രകടനം ഐപിഎല്ലിൽ പുറത്തെടുക്കാൻ ഗ്രീനിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2024ൽ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം ഐപിഎൽ കിരീടം നേടിയിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മെന്റർ സ്ഥാനത്ത് നിന്നും ഗൗതം ഗംഭീർ പടിയിറങ്ങി. 2025ലെ ഓക്ഷനിൽ നായകൻ ശ്രേയസ് അയ്യറിനെ പഞ്ചാബ് കിങ്സും വാങ്ങി. എന്നാൽ, ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും കെകെആറിലേക്ക് ചേക്കേറിയ അജിങ്ക്യാ രഹാനെ അങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി. ഇത്തവണ രഹാനെയുടെ കീഴിൽ കളത്തിലിറങ്ങുമ്പോൾ ആശങ്കകൾക്കൊപ്പം ഒരുപാട് പ്രതീക്ഷകളും കെകെആർ ക്യാമ്പ് വച്ച് പുലർത്തുന്നുണ്ട്.