ചെന്നൈ: ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍മാരടക്കം ഭൂരിഭാഗം താരങ്ങളും ഓരോ ഫ്രാഞ്ചൈസിയുടെയും പരിശീലന ക്യാംപിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ക്യാംപ് വളരെ മികച്ച രീതിയിലാണ് ചെപ്പോക്കില്‍ പുരോഗമിക്കുന്നത്,
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് തുടങ്ങി പ്രമുഖരെല്ലാം സിഎസ്‌കെ ക്യാപിലുണ്ടെങ്കിലും പുതതുതായി ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ്‍ എവിടെയന്നാണ് ആരാധകരുടെ സംശയം.

ടൂര്‍ണമെന്റിനു ഇനി 10 ദിവസത്തോളം മാത്രമയുള്ളൂവെങ്കിലും അദ്ദേഹം വൈകുന്നത് എന്തുകൊണ്ടാണ് അവരുടെ സംശയം.സിഎസ്‌കെയുടെ ക്യാപ് തുടങ്ങിയിട്ട് ആഴ്ചകളായിട്ടും എന്തുകൊണ്ടാണ് സഞ്ജു ടീമിനൊപ്പം ചേരാന്‍ വൈകുന്നത്? അദ്ദേഹം എന്നായിരിക്കും ചെന്നൈയ്ക്കൊപ്പം പരിശീലനം ആരംഭിക്കുക. ഇതേക്കുറിച്ച് അറിയാം.

സമാപിച്ച ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം സഞ്ജു സാംസണിന്റെ താരമൂല്യവും ആരാധക പിന്തുണയുമെല്ലാം മുമ്പത്തേതിനേക്കാള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. ലോകകപ്പിനു മുമ്പും ശേഷവും സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലുണ്ടായ വര്‍ധനവ് ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങിലെ നെടും തൂണായിരുന്നു മലയാളി താരം. ഈ മാജിക്കല്‍ പ്രകടനം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ലോകകപ്പിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തു.
അതിനു ശേഷം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയൊരു ഇടവേള ആഘോഷിക്കുകയാണ് അദ്ദേഹം. കേരളാ ടീമിലെ സഹതാരവും സുഹൃത്തുമായ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ കാണാന്‍ സഞ്ജു കോഴിക്കോട്ടെ വീട്ടിലെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

ഐപിഎല്ലില്‍ തന്റെ പുതിയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം സഞ്ജു സാംസണ്‍ എന്നായിരിക്കും ചേരുകയെന്നതാണ് ആരാധകരുടെ മുഴുവന്‍ മനസിലുള്ള ചോദ്യം. വെറുമൊരു സാധാരണ താരത്തെ പോലെ അദ്ദേഹത്തെ ടീമിനൊപ്പം കൂട്ടാനല്ല സിഎസ്‌കെ ആഗ്രഹിക്കുന്നത്.

photocredit/X
പകരം ഫുട്‌ബോളിള്‍ ക്ലബ്ബുകള്‍ വമ്പന്‍ താരങ്ങളെ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതു പോലെപതിനായിരക്കണക്കിനു ആരാധകര്‍ക്കു മുന്നില്‍ വലിയൊരു ചടങ്ങാണ് അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഈ ഞായറാഴ്ച (മാര്‍ച്ച് 22) ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കുന്ന മെഗാ ഇവന്റിലാണ് സഞ്ജുവിനെ മഞ്ഞക്കുപ്പായത്തില്‍ സിഎസ്‌കെ അവതരിപ്പിക്കുക. സിഎസ്‌കെയ്ക്കു വേണ്ടി കഴിഞ്ഞ 16 സീസണുകളില്‍ കളിച്ചിട്ടുള്ള 19-20 മുന്‍ താരങ്ങളെ ചടങ്ങിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ കളിക്കാര്‍ തന്നെയായിരിക്കും. കൂടാതെ മറ്റു ഐപിഎല്‍ ടീമുകളുടെ കോച്ചിങ് സംഘത്തിലുള്ള ചിലരും പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ സംബന്ധിക്കും.

മുത്തയ്യ മുരളീധരന്‍ (ബൗളിങ് കോച്ച്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മാത്യു ഹെയ്ഡന്‍ (ബാറ്റിങ് കോച്ച്, ഗുജറാത്ത് ടൈറ്റന്‍സ്), ഡ്വയ്ന്‍ ബ്രാവോ (ഉപദേശകന്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവരെല്ലാം നേരത്തേ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുള്ളവരാണ്.
ചിന്നത്തലയെന്നു വിശേഷിപ്പിക്കപ്പെടുന്ന സിഎസ്‌കെയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഈ പരിപാടിയുടെ ഭാഗമാവുമെങ്കിലും മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനുണ്ടാവില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇല്ലാത്തതു കാരണമാണ് അദ്ദേഹം പരിപാടിയില്‍ നിന്നും പിന്‍മാറിയത്.
ഈ ചടങ്ങിലായിരിക്കും സിഎസ്‌കെ ജഴ്‌സിയില്‍ സഞ്ജുവിനെ ആരാധകര്‍ ആദ്യമായി നേരിട്ടു കാണുക. അതിനു ശേഷം മാത്രമേ സീസണിനു മുന്നോടിയായുള്ള ടീമിന്റെ പരിശീലന ക്യാംപുകളിലും അദ്ദേഹമുണ്ടാവുകയുള്ളൂ.