
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ സംഘാടനം കുറ്റമറ്റതായിരുന്നുവെന്ന് ദക്ഷിണാഫ്രിക്ക അവകാശപ്പെടുന്നില്ല, പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം കേമമാക്കാന്‍ തങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം അവര്‍ ചെയ്തു. ഇതിന് നന്ദി പറഞ്ഞു കൊണ്ടാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഒരു മാസം നീണ്ട ആഫ്രിക്കന്‍ സഫാരി അവസാനിപ്പിയ്ക്കുന്നത്.
പത്തൊമ്പതാം ലോകകപ്പ് വിട പറയുന്പോള്‍ തന്നെ നാലു വര്‍ഷം കഴിഞ്ഞെത്തുന്ന ഉത്സവത്തിന് ബ്രസീല്‍ തിരികൊളുത്തിക്കഴിഞ്ഞു. ഇന്‍സ്പിരേഷന്‍ (പ്രചോദനം) എന്ന് നാമകരണം ചെയ്ത ലോകകപ്പിന്റെ ഔദ്യോഗിക മുദ്ര പുറത്തിറക്കിക്കൊണ്ടാണ് കാനറിപക്ഷികളുടെ നാട്ടുകാര്‍ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
ലോകകപ്പിനെ വരവേല്‍ക്കുന്നതിന് മുന്നോടിയായി വിമാനത്താവളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ബ്രസീല്‍ തുടങ്ങിയിട്ടുണ്ട്.. 2014 ജൂ 13 മുതല്‍ ജൂലൈ 13 വരെയാണ് ബ്രസീലില്‍ ലോകകപ്പ് നടക്കുക.
ഇതു രണ്ടാംവട്ടമാണ് ബ്രസീല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1950ലാണ് ഇതിനുമുമ്പ് അവര്‍ വേദി ഒരുക്കിയത്. ടൂര്‍ണമെന്റ് വന്‍വിജയമായിരുന്നെങ്കിലും ഫൈനലില്‍, മറക്കാനയില്‍ ഉറുഗ്വേയോട് കീഴടങ്ങിയത് ഇപ്പോഴും അവര്‍ക്ക് മറക്കാനായിട്ടില്ല.
മറക്കാനയെ വിശുദ്ധ മൈതാനമായാണ് ബ്രസീല്‍ വിശേഷിപ്പിയ്ക്കുന്നത്. ലോകകപ്പിനായി 50 കോടി ഡോളര്‍ മുടക്കി അവര്‍ മറക്കാന പുതുക്കിപ്പണിയുന്നുണ്ട്. 10 സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇതിന്റെ പുനര്‍നിര്‍മാണത്തിനു മാത്രം 110 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഒരു ജനത ലോകകപ്പിന് ആതിഥ്യമരുളുന്പോള്‍ അവര്‍ എന്തൊക്കെയാവും ഒരുക്കുക? കാത്തിരിയ്ക്കുക 2014ന് വേണ്ടി...