Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 26: ഫ്രീ ടിക്കറ്റിലല്ല വരവ്, ഈ ഖത്തറിനെ ഭയക്കണം!! സ്വിസ് മോശമാക്കില്ല, അത് ഗ്യാരണ്ടി

2022ലാണ് ഖത്തര്‍ ആദ്യമായി ലോകകപ്പില്‍ കളിച്ചത്. അതും ആതിഥേയരായതു കൊണ്ട് മാത്രം. ഒരൊറ്റ ലോകകപ്പില്‍ പോലും പങ്കെടുക്കാതെ ആതിഥേയത്വം വഹിച്ചു എന്നത് മുതല്‍ ആദ്യമത്സരം തൊട്ട്, എല്ലാ ഗ്രൂപ്പ് മത്സരവും തോറ്റ ഒരൊറ്റ പോയിന്റ് പോലും നേടാത്ത ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയ രാജ്യം എന്നതുള്‍പ്പെടെ മോശം റെക്കോഡിട്ട പ്രകടനവുമായി അത്.

ലോകകപ്പ് ടൂര്‍ണമെന്റ് അസ്സലായി നടത്തി എന്നത് കൊണ്ടാണ് ഖത്തര്‍ പിടിച്ചുനിന്നത്. എന്തായാലും ഇക്കുറി അവര്‍ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച് തന്നെയാണ് വരുന്നത്.

QATAR FOOTBALL TEAM

photocredit/instagram/qfa

മുത്താണ് അഫീഫ്

ഖത്തര്‍ ഫുട്‌ബോളിന്റെ മുത്തായി വിശേഷിപ്പിക്കപ്പെടുന്ന അക്രം അഫീഫ് ലോകോത്തര നിലവാരമുള്ള കളിക്കാരനാണ് . മികച്ച ഗോളവസരം ഒരുക്കുന്നതില്‍ ഏറെ മിടുക്കന്‍. ഫുള്‍ ഫോമിലാണ് അഫീഫെങ്കില്‍ എതിര്‍വശത്തെ പ്രതിരോധനിര തകര്‍ക്കല്‍ അനായാസം.

അഫീഫ് മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്ന സ്‌ട്രൈക്കറാണ് അല്‍മോയ്‌സ് അലി. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളിലെ ടോപ് സ്‌കോറര്‍. ഇവര്‍ക്ക് തുണയാണ് ബൗലേം ഖൗഖി. ഗോള്‍ കീപ്പര്‍മാരുടെ കൂട്ടത്തില്‍ തലപ്പൊക്കം കൂടുതലുള്ളത് മിഷാല്‍ ബര്‍ഷാമിന്. പെനല്‍റ്റി തടുത്തിടാന്‍ മിടുക്കന്‍.

ഖത്തറില്‍ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ ഗോളടിച്ച മുഹമ്മദ് മണ്‍ഡാരിയും ഉണ്ട് ടീമില്‍. ഇവരെയെല്ലാവരെയും ചേര്‍ത്ത് പിടിച്ച് നയിക്കാനുള്ളത് ഹസന്‍ അല്‍ ഹെയ്‌ദോസ്. പരിചയമികവിന്റെ തഴക്കവും പഴക്കവും ഉണ്ട് ഹസന്.

കഴിഞ്ഞ കൊല്ലമാണ് ഖത്തര്‍ പുതിയ കോച്ചിനെ കൊണ്ടുവന്നത്. റയല്‍ മാഡ്രിഡിനെയും സെവിയ്യയെയും സ്പാനിഷ് ദേശീയ ടീമിനെയുമൊക്കെ പരിശീലിപ്പിച്ച് പരിചയമുള്ള യുലെന്‍ ലോപെതെഗ്വി.

അച്ചടക്കവും കൃത്യതയുമാര്‍ന്ന പരിശീലനത്തിലൂടെ ഖത്തര്‍ ടീമിന്റെ ആകത്തുക നല്ല സ്‌റ്റൈലായി കൂട്ടി ലോപെതെഗ്വി. ഇതിന്റെ ഗുണമാണ് ഏഷ്യന്‍ യോഗ്യാതാ മത്സരങ്ങളില്‍ കണ്ടതും ഖത്തര്‍ ആദ്യമായി യോഗ്യത നേടി ലോകകപ്പിന് ടിക്കറ്റെടുത്തതും.

അഫീഫ് അല്‍മോയ്‌സ് കോംബോ ആണ് ഖത്തര്‍ ടീമിന്റെ ട്രംപ് കാര്‍ഡ്. നാട്ടിലെ ക്ലബ് മത്സരങ്ങളില്‍ കളിച്ചതിന്റെ ഊര്‍ജമുണ്ട്. കോച്ച് പകര്‍ന്ന് നല്‍കിയ പുതിയ ആവേശമുണ്ട്. പന്ത് കയ്യില്‍വെക്കാനും വേണ്ട സമയത്ത് ആഞ്ഞടിക്കാനും വേണ്ടപ്പോള്‍ കാവല്‍നിരയിലേക്ക് പിന്‍വാങ്ങാനും ടീം പഠിച്ചിരിക്കുന്നു.

സ്വിസ് സര്‍പ്രൈസ് വീണ്ടും?

ആദ്യത്തെ തവണ കളിച്ചപ്പോള്‍ കിട്ടിയ എല്ലാ ചീത്തപ്പേരും മാറ്റണമെന്ന ചിന്ത ടീമിന് കൂടുതല്‍ കരുത്തും പകരുന്നു. ഖത്തറിന്റെ ആദ്യഎതിരാളികള്‍ സ്വിറ്റ്‌ലര്‍ലന്‍ഡ് ആണ്. ലോകകപ്പിലെ ചരിത്രമെടുത്താല്‍ സ്വിസ് ടീമിന് പാരമ്പര്യപ്പെരുമ ഏറെ കൂടും.

എതിരാളികളെ ഞെട്ടിക്കുന്ന ചില സര്‍പ്രൈസ് പ്രകടനങ്ങള്‍ പലപ്പോഴും പുറത്തെടുക്കാറുള്ള ടീമാണത്. 12 തവണ ലോകകപ്പിന് എത്തിയിട്ടുള്ള അവര്‍ 1934ലും 38ലും പിന്നെ 1954ലും ക്വാര്‍ട്ടര്‍ വരെയെത്തിയിട്ടുമുണ്ട്.

SWITZERLAND TEAM

photocredit/instagram/swissnatimen

2014ലും 18ലും പിന്നെ ഖത്തറില്‍ കഴിഞ്ഞ തവണ നടന്ന ലോകകപ്പിലും പ്രീ ക്വാര്‍ട്ടറിലാണ് സ്വിസ് കാലിടറിയത്. മൂന്ന് തവണയും ടീമിനൊപ്പമുണ്ടായിരുന്ന ഗ്രനിഷ് ഷാക്ക ഇക്കുറിയും എത്തുന്നുണ്ട്. ഒരു പക്ഷേ തന്റെ അവസാന ലോകകപ്പാകും എന്നുള്ളത് കൊണ്ടും നായകനാണ് എന്നുള്ളതു കൊണ്ടും ഷാക്ക ഉറച്ചാണ് വരുന്നത്.

സ്വിസ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഷാക്കക്ക് ടീമും കളിക്കാരും തന്ത്രങ്ങളും എല്ലാം കൈവെള്ളയിലെ രേഖകള്‍ പോലെ സ്വന്തം. പ്രതിരോധത്തില്‍ മാനുവെല്‍ അകാന്‍ജിയും മധ്യനിരയില്‍ മൈക്കല്‍ ഏബിഷേറും റെമോ ഫ്യുളറും ആക്രമണത്തിന് ബ്രീ എംബോളോയും. പിന്നെ ഗോള്‍വലയം കാക്കാന്‍ സ്വിസ് ടീമിന്റെ ഇതിഹാസതാരമായ യാന്‍ സോമറും പിന്‍ഗാമിയായി തിളങ്ങുന്ന ഗ്രെഗര്‍ കോബെലും. ഇവരാണ് സ്വിസ് ടീമിന്റെ നട്ടെല്ല്.

പരിശീലകന്‍ സ്വിസ് ടീമില്‍ കളിച്ച് പഠിച്ച് വളര്‍ന്ന് പേരെടുത്ത പ്രതിരോധതാരം മുറത് യാകിന്‍. 2021ലാണ് കോച്ചായി സ്ഥാനമേറ്റെടുത്തത്. തന്ത്രങ്ങളുടെ മെയ്‌വഴക്കവും പുത്തന്‍ ഉണര്‍വും ആണ് യാകിന്‍ ടീമിന് സമ്മാനിച്ചിട്ടുള്ളത്.

2024ലെ യൂറോ കപ്പില്‍ കപ്പ് നിലനിര്‍ത്താന്‍ എത്തിയ ഇറ്റലിയെ തോല്‍പിച്ചപ്പോള്‍ സ്വിസ് ടീമിന് പുതിയ കോച്ചില്‍ ആത്മവിശ്വാസം കൂടി. തോല്‍പിക്കാന്‍ കുറച്ച് പാടുപെടേണ്ട ടീമായി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പായി.

ഷെദ്രാന്‍ ഷാക്കിരിയെ ടീമും സ്വിറ്റ്‌സര്‍ലന്‍ഡുകാരും ഒരു പോലെ മിസ് ചെയ്യും എന്നുറപ്പ്. സര്‍പ്രൈസ് ഗോളുകള്‍ക്ക് ഷാക്കിരിക്കുള്ള മികവ് ഇപ്പോഴുള്ള ആര്‍ക്കെങ്കിലുമുണ്ടോ എന്ന സംശയമാണ് അതിന് ബലം കൂട്ടുന്നത്. അപ്പോഴും അതിശക്തമായ പന്ത് വിട്ടുകൊടുക്കാന്‍ മടിയുള്ള ഉഗ്രന്‍ മധ്യനിരയും ലോകോത്തര നിലവാരമുള്ള ഗോള്‍ കീപ്പര്‍മാരും ഉള്ള ടീമാണത്.

യോഗ്യതാ മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതെ എത്തിയവര്‍. തുടര്‍ച്ചയായി ആറാമതും കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ എത്തുന്നവര്‍. പേരുകേട്ട സ്വിസ് ചോക്ലേറ്റിന്റെ നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പോരാട്ടവീര്യത്തിന്റെ മധുരവും സ്വന്തം. അതുകൊണ്ട് നോക്കാം, ഇക്കുറി അവര്‍ ഏത് ഘട്ടം വരെയെത്തുമെന്ന്.

Story first published: Wednesday, May 20, 2026, 21:26 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+