ഐ ലീഗില്‍ വീണ്ടും ബല്ലേ...ബല്ലേ... മിനര്‍വ പഞ്ചാബിനു കന്നിക്കിരീടം, ജെസിടിക്കു ശേഷമാദ്യം

Written By:

പഞ്ച്കുല: ഇന്ത്യന്‍ ഫുട്‌ബോളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ബല്ലേ ബല്ലേ മുഴങ്ങി. ദേശീയ ഫുട്‌ബോളിലേക്കു പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവിന് തുടക്കമിട്ട് ഐ ലീഗില്‍ മിനര്‍വ പഞ്ചാബ് എഫ്‌സി കിരീടം ചൂടി. മിനര്‍വയുടെ കന്നി ഐ ലീഗ് കിരീടനേട്ടമാണിത്. അവസാന റൗണ്ട് വരെ സസ്‌പെന്‍സ് നീണ്ട ലീഗില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെയാണ് മിനര്‍വ വിജയകിരീടം ചൂടിയത്. ഹോം ഗ്രൗണ്ടില്‍ നടന്ന അവസാന കളിയില്‍ മുന്‍ ജേതാക്കളായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചതോടെയാണ് മിനര്‍വ കിരീടമുറപ്പാക്കിയത്.

1

18 റൗണ്ടുകളടങ്ങിയ ലീഗില്‍ വെറും മൂന്നു പോയിന്റിന്റെ വ്യത്യാസത്തിലാണ് മിനര്‍വ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. മൂന്നു പോയിന്റ് പിന്നിലായി നെറോക്ക എഫ്‌സി ലീഗില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. 31 പോയിന്റ് വീതം നേടിയ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കേരളത്തിന്റെ ഏക സാന്നിധ്യമായ ഗോകുലം എഫ്‌സി ഏഴാം സ്ഥാനക്കാരായി സീസണ്‍ പൂര്‍ത്തിയാക്കി. കിരീടവിജയത്തോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ യോഗ്യതാ റൗണ്ടില്‍ കളിക്കാന്‍ മിനര്‍വയ്ക്ക് അവസരം ലഭിച്ചു.

പത്താം മിനിറ്റില്‍ വില്ല്യന്‍ ഒപ്പോക്കു അസിയെദു നേടിയ ഗോളാണ് ചര്‍ച്ചിലിനെതിരേ മിനര്‍വയ്ക്കു ജയവും കന്നിക്കിരീടവും സമ്മാനിച്ചത്. 1996-97 സീസണില്‍ ജെസിടി ഫഗ്വാരയ്ക്കു ശേഷം ഐ ലീഗില്‍ ചാംപ്യന്‍മാരാവുന്ന പഞ്ചാബില്‍ നിന്നുള്ള ആദ്യ ക്ലബ്ബാണ് മിനര്‍വ. ഐ ലീഗില്‍ തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലാണ് ഒരു അപ്രതീക്ഷിത ടീം ജേതാക്കളാവുന്നത്. കഴിഞ്ഞ സീസണില്‍ ഏവരെയും അദ്ഭുതപ്പെടുത്തി മണിപ്പൂരില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സി വെന്നിക്കൊടി പാറിച്ചിരുന്നു.

Story first published: Thursday, March 8, 2018, 21:05 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍