ഇംഗ്ലണ്ടില്‍ വമ്പന്‍മാരുടെ വിളയാട്ടം... ബാഴ്‌സ മിന്നി, റയല്‍ മങ്ങി, പിഎസ്ജി മുന്നോട്ട്

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍നിര ടീമുകളെല്ലാം ഒരേ ദിവസം വിജയിക്കുകയെന്നത് എല്ലായ്പ്പോഴും സംഭവിക്കുന്നതല്ല. എന്നാല്‍ കഴിഞ്ഞ ദിവസം അതും സംഭവിച്ചു. നിലവിലെ ചാംപ്യന്മാരായ ചെല്‍സി, പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നീ കരുത്തരെല്ലാം ജയത്തോടെ മുന്നേറ്റം നടത്തി.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് സമനിലയോടെ നിരാശപ്പെടുത്തിയപ്പോല്‍ ബദ്ധവൈരികളായ ബാഴ്‌സലോണ ജയം കൊയ്തു. ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ വീണ്ടും തോല്‍വിയുടെ കയ്പ്പുനീര് കുടിച്ചു. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും ജയത്തോടെ തങ്ങളുടെ ആധിപത്യം തെളിയിച്ചു.

തുടക്കമിട്ടത് ഗണ്ണേഴ്‌സ്

തുടക്കമിട്ടത് ഗണ്ണേഴ്‌സ്

ആഴ്‌സനലും ശക്തരായ ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മല്‍സരത്തോടെയാണ് പ്രീമിയര്‍ ലീഗിലെ ശനിയാഴ്ച മല്‍സരങ്ങള്‍ക്കു തുടക്കമായത്. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ടോട്ടനത്തിനെ ആഴ്‌സനല്‍ മറികടക്കുകയായിരുന്നു. ശ്‌കോദ്രന്‍ മുസ്താഫിയും അലെക്‌സിസ് സാഞ്ചസുമാണ് സ്‌കോറര്‍മാര്‍.
അപരാജിതരായി കുതിക്കുന്ന സിറ്റി ലെസ്റ്റര്‍ സിറ്റിയെ ഇതേ സ്‌കോറിനു തോല്‍പ്പിച്ചു. ഗബ്രിയേല്‍ ജീസസും കെവിന്‍ ഡി ബ്രൂയ്‌നും നേടിയ ഗോളുകളാണ് സിറ്റിക്കു തുണയായത്.
സൂപ്പര്‍ താരങ്ങളായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും പോള്‍ പോഗ്ബയും പരിക്കു ഭേദമായി തിരിച്ചെത്തിയ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസിലിനെ തുരത്തി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷാണ് ഡെവിള്‍സ് തിരിച്ചടിച്ചത്. ചെല്‍സി 4-0ന് വെസ്റ്റ്‌ബ്രോമിനെയും ലിവര്‍പൂള്‍ 3-0ന് സതാംപ്റ്റനെയും കെട്ടുകെട്ടിച്ചു.

സിറ്റി ബഹുദൂരം മുന്നില്‍

സിറ്റി ബഹുദൂരം മുന്നില്‍

11 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 10ലും ജയിച്ച സിറ്റി ലീഗില്‍ പിടിമുറുക്കിക്കഴിഞ്ഞു. ഒരു കളിയിലും തോല്‍ക്കാതെയാണ് സിറ്റിയുടെ കുതിപ്പ്. ഒരു സമനില മാത്രമാണ് സിറ്റിക്കു നേരിട്ടത്. 31 പോയിന്റ് സിറ്റിയുടെ അക്കൗണ്ടിലുണ്ട്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 23 പോയിന്റാണുള്ളത്. ടോട്ടനമാണ് ഇതേ പോയിന്റോടെ മൂന്നാമത്.
22 പോയിന്റോടെ ചെല്‍സി നാലാംസ്ഥാനത്തും 19 പോയിന്റുമായി ആഴ്‌സനല്‍ അഞ്ചാംസ്ഥാനത്തുമുണ്ട്. ലിവര്‍പൂള്‍ ആറാമതാണ് (19 പോയിന്റ്).

റയലിനെ കുരുക്കിയത് അത്‌ലറ്റികോ

റയലിനെ കുരുക്കിയത് അത്‌ലറ്റികോ

നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡാണ് സിനദിന്‍ സിദാന്റെ ചാംപ്യന്‍ ടീമിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്. സമനിലയോടൊപ്പം കളിക്കിടെ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ മൂക്കിനു പൊട്ടലേറ്റത് റയലിനു മറ്റൊരു ആഘാതമായി. ബാഴ്‌സയുമായുള്ള അകലം കുറയ്ക്കാനുള്ള അവസരമാണ് റയല്‍ സമനിലയോടെ നഷ്ടപ്പെടുത്തിയത്.
മറ്റൊരു മല്‍സരത്തില്‍ ലൂയിസ് സുവാരസിന്റെ ഇരട്ടഗോളിലേറി ബാഴ്‌സലോണ 3-0ന് ലെഗന്‍സിനെ തകര്‍ത്തു. 28, 60 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. പൗലിഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
31 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. 27 പോയിന്റോടെ വലന്‍സിയയും 23 പോയിന്റുമായി റയലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 മിലാനെ വീഴ്ത്തി നാപ്പോളി

മിലാനെ വീഴ്ത്തി നാപ്പോളി

മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയ മുന്‍ ചാംപ്യന്‍മാരായ എസി മിലാന് ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിടുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ നാപ്പോളിയോടും മിലാന്‍ തോല്‍വിയേറ്റുവാങ്ങി. 2-1നാണ് നാപ്പോളിയുടെ വിജയം. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ എഎസ് റോമ 2-1ന് ലാസിയോയെ വീഴ്ത്തി.
19 പോയിന്റ് മാത്രമുള്ള മിലാന്‍ ലീഗില്‍ ഇപ്പോള്‍ ഏഴാംസ്ഥാനത്താണ്. 32 പോയിന്റോടെ നാപ്പോളിയും 31 പോയിന്റുമായി നിലവിലെ ജേതാക്കളായ യുവന്റസുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ലെവന്‍ പുലി തന്നെ

ലെവന്‍ പുലി തന്നെ

പോളണ്ട് ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ജയം കൊയ്തത്. 3-0ന് ബയേണ്‍ ഓഗ്‌സ്ബര്‍ഗിനെ തോല്‍പ്പിക്കുകയായിരുന്നു. പുതിയ കോച്ച് യുപ് ഹെയ്ന്‍ക്‌സിലു കീഴില്‍ വിവിധ ടൂര്‍ണമെന്റുകളിലായി ബയേണിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. ജയത്തോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ലീപ്‌സിഗുമായുള്ള ലീഡ് ബയേണ്‍ നാലാക്കി ഉയര്‍ത്തി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വോള്‍ഫ്‌സ്ഹബര്‍ഗ് 3-1ന് ഫ്രീബര്‍ഗിനെയും മെയ്ന്‍സ് 1-0ന് കൊളോണിനെയും തോല്‍പ്പിച്ചു.

കവാനിഡാ... നാലടിച്ച് പിഎസ്ജി

കവാനിഡാ... നാലടിച്ച് പിഎസ്ജി

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോളടിമറന്നെങ്കിലും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ പിടുത്തം വിട്ടില്ല. നാന്റസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി പിഎസ്ജി ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കി. എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോളാണ് പിഎസ്ജിക്കു അനായാസ വിജയം സമ്മാനിച്ചത്.
എയ്ഞ്ചല്‍ ഡി മരിയ, ജാവിയര്‍ പാസ്റ്റോറെ എന്നിവരും ആഘോഷത്തില്‍ പങ്കാളികളായപ്പള്‍ പിഎസ്ജിയുടെ വിജയമാര്‍ജിന്‍ ഉയര്‍ന്നു.

Story first published: Sunday, November 19, 2017, 12:40 [IST]
Other articles published on Nov 19, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍