നന്ദി ഡീഗോ, ഭൂമിയില്‍ പിറവിയെടുത്തതിന്- വിസ്മയ നേട്ടങ്ങള്‍, ഒപ്പം വിവാദങ്ങളും

ലോകം മുഴുവനുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മുഴുവന്‍ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്കു നിലച്ചു പോയ നിമിഷമായിരുന്നു അത്- ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ ഇനിയില്ല! ഫുട്‌ബോളില്‍ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളും, സ്വകാര്യ ജീവിതത്തില്‍ ഏറെ വിവാദങ്ങളും നിറഞ്ഞ കരിയറിന് 60ാം വയസ്സിന്റെ ചെറുപ്പത്തില്‍ മറഡോണ തിരശീലയിട്ടപ്പോള്‍ അത് ഫുട്‌ബോള്‍ ആരാധകര്‍ക്കു അംഗീകരിക്കാനാവുന്നതിലും അപ്പുറമായിരുന്നു.

Messi and Pele Reacts To Diego Maradona's Sudden Demise | Oneindia Malayalam

തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു മറഡോണ അടുത്തിടെയായിരുന്നു ശസ്ത്രക്രിയക്കു വിധേയനായത്. സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയെ സമര്‍ഥമായി ഡ്രിബ്ള്‍ ചെയ്ത് ജീവിതത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹത്തിന് പക്ഷെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം ചുവപ്പ് കാര്‍ഡ് കാണിച്ചപ്പോള്‍ മടങ്ങേണ്ടിവന്നു.

1960 ഒക്ടോബര്‍ 30നായിരുന്നു കാല്‍പ്പന്തുകളിയുടെ മിശിഹായുടെ പിറവി. ഡീഗോ മറഡോണ- ഡാല്‍മ സാല്‍വഡോറ ഫ്രാങ്കോ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായാണ് ഡീഗോ ഭൂമിയിലേക്കു വന്നത്. ആദ്യത്തെ നാലു പേരും പെണ്‍കുഞ്ഞുങ്ങളായതിനാല്‍ ഒരു മകനു വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ഡീഗോ അവസാനിപ്പിച്ചത്. തന്റെ പേര് തന്നൊണ് മകനും സീനിയര്‍ ഡീഗോ മറഡോണ നല്‍കിയത്.

മൂന്നാം വയസ്സിലാണ് ഡീഗോയ്ക്കു ഫുട്‌ബോളിലെ തന്റെ ആദ്യത്തെ സമ്മാനം ലഭിക്കുന്നത്. അമ്മാവന്‍ നല്‍കിയ ഒരു ഫുട്‌ബോളായിരുന്നു അത്. പിന്നീട് കുഞ്ഞു ഡീഗോയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി ഈ പന്ത് മാറി. തെരുവുകളിലൂടെ അവന്‍ പന്തിനെയും കൂട്ടി സവാരികള്‍ നടത്തി. അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം അവന്‍ പന്ത് കളിച്ച് അതില്‍ ആഹ്ലാദം കണ്ടെത്തി.

ഒരു ദിവസം പന്ത് കളിക്കവെ കാല്‍ വഴുതി ഡീഗോ സെപ്റ്റിക്ക് ടാങ്കില്‍ വീഴുക വരെ ചെയ്തു. അന്നു അദ്ദേഹത്തിനു 10 വയസ്സ് പോലും പ്രായമില്ലായിരുന്നു. കഴുത്തുവരെ താഴേക്കു മുങ്ങിയപ്പോഴും രക്ഷപ്പെടാനായിരുന്നില്ല മറിച്ച് കാണാതായ പന്ത് തപ്പിയെടുക്കാനായിരുന്നു ഡീഗോയുടെ ശ്രമം. തന്റെ ആത്മകഥയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്. അന്നു അമ്മാവനാണ് തന്നെ രക്ഷിച്ചതെന്നും മറഡോണ പറയുന്നു. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സെപ്റ്റിങ്ക് ടാങ്കിങില്‍ മുങ്ങി താന്‍ മരിക്കുമായിരുന്നുവെന്നും ആത്മകഥയില്‍ ഇതിഹാസം കുറിച്ചിരുന്നു.

10ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴേക്കും മറഡോണയും പന്തും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമായിരുന്നു. അച്ഛന്റെ ക്ലബ്ബായിരുന്ന എസ്‌ട്രെല്ല റോജയിലൂടെയാണ് മറഡോണ ഫുട്‌ബോളിലേക്കു ചുവടുവയ്ക്കുന്നത്. 1969ല്‍ മറഡോണയ്ക്കും രണ്ടു അടുത്ത സുഹൃത്തുക്കള്‍ക്കും പ്രിമേറ ഡിവിഷന്‍ ക്ലബ്ബായ അര്‍ജന്റിനോസ് ജൂനിയേഴ്‌സില്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അന്നു എട്ടു വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. രണ്ടു ബസ്സുകള്‍ കയറി ബുദ്ധിമുട്ടി ട്രയല്‍സിനെത്തിയ മറഡോണയെ കാത്തിരുന്നത് പക്ഷെ നിരാശയായിരുന്നു. പേമാരിയെ തുടര്‍ന്നു ട്രയല്‍സ് റദ്ദാക്കിയിരിക്കുന്നുവെന്നതായിരുന്നു ഇത്.

എങ്കിലും ഫുട്‌ബോളിന് മറഡോണയെ കൈവിട്ടു കളയാനാവില്ലായിരുന്നു. പ്രാദേശിക ക്ലബ്ബുകളിലൂടെ ജൂനിയര്‍ തലത്തില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 1976 മുതല്‍ 81 വരെ അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ക്ലബ്ബിനായി 167 മല്‍സരങ്ങളില്‍ നിന്നും 116 ഗോളുകള്‍ അടിച്ചുകൂട്ടി മറഡോണ വാര്‍ത്തകളില്‍ നിറഞ്ഞു. 1981ല്‍ മറഡോണ രാജ്യത്തെ വമ്പന്‍ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിന്റെ ഭാഗമായി. പക്ഷെ ഒരു സീസണ്‍ മാത്രമേ ബൊക്കയ്‌ക്കൊപ്പമുണ്ടായുള്ളൂ. ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, ന്യൂവെല്‍സ് ഓള്‍ഡ്‌ബോയ്‌സ് എന്നിവര്‍ക്കായി കളിച്ച ശേഷം 95ല്‍ പഴയ തട്ടകമായ ബൊക്കയില്‍ മടങ്ങിയെത്തി. നാപ്പോളിക്കു വേണ്ടിയാണ് മറഡോണ ഏറ്റവുധികം മല്‍സരങ്ങളില്‍ കളിച്ചത്. 188 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 81 ഗോളുകളും നേടി.

1977 മുതല്‍ 94 വരെ അര്‍ജന്റീനയുടെ ദേശീയ ടീമിനായി 91 മല്‍സരങ്ങളില്‍ നിന്നും 31 ഗോളുകളും മറഡോണ നേടി. നാലു ലോകകപ്പുകളില്‍ അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞ അദ്ദേഹം 1986ല്‍ രാജ്യത്തിനു കന്നി ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ മറഡോണ നേടിയ ഗോള്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോളായി ചരിത്രത്തിലും ഇടംപിടിച്ചു.

ബൊക്കയില്‍ രണ്ടാം തവണ കളിക്കാനെത്തിയപ്പോഴാണ് 37ാം വയസ്സില്‍ മറഡോണ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇതിനിടെ മയക്കുമരുന്നിന് അടിമയായ അദ്ദേഹത്തിന് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു 15 മാസം വിലക്ക് നേരിടേണ്ടി വരികയും ചെയ്തു. വിരമിച്ച ശേഷം പരിശീലകന്റെ റോളില്‍ മറഡോണ ഫുട്‌ബോളിലേക്കു മടങ്ങിവന്നു. 2008ല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം 2010ലെ ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുകയായിരുന്നു. യുഎഇ, മെക്‌സിക്കോ, അര്‍ജന്റീന എന്നീവിടങ്ങളിലെ ക്ലബ്ബുകളെയും മറഡോണ പരിശീലിപ്പിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, November 26, 2020, 0:02 [IST]
Other articles published on Nov 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X