കേരളത്തിന് തിരിച്ചടികളുടെ നാളുകള്‍, ബ്ലാസ്റ്റേഴ്സിന്‍റെ വഴിയെ ഗോകുലവും? ഐ ലീഗ് അരങ്ങേറ്റം പാളി

Written By:

ബെംഗളൂരു: ഫുട്‌ബോളില്‍ കേരളത്തിന് അത്ര മികച്ച സമയമല്ലെന്നു തോന്നുന്നു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു തുടര്‍ച്ചയായ രണ്ടു സമനിലകളോടെ തിരിച്ചടികള്‍ നേരിട്ടതിനു പിന്നാലെ ഐ ലീഗിലും കേരളത്തിന് തിരിച്ചടി. വലിയ ഇടവേളയ്ക്കു ശേഷം രാജ്യത്തെ പ്രധാന ലീഗായ ഐ ലീഗിലേക്ക് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്‌സിയുടെ അരങ്ങേറ്റം തോല്‍വിയില്‍ കലാശിച്ചു. ആദ്യറൗണ്ടില്‍ ലജോങ് ഷില്ലോങ് എഫ്‌സിയാണ് സുശാന്ത് മാത്യു നയിച്ച ഗോകുലം ടീമിനെ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലജോങിന്റെ വിജയം. ഷില്ലോങിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ആവേശകരമായിരുന്നു. ജയത്തിനു വേണ്ടി ഇരുടീമും ആവേശത്തോടെ തന്നെ പോരാടി.

1

ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം 78ാം മിനിറ്റില്‍ അലെന്‍ ഡിയോറി നേടിയ ഗോളാണ് ലജോങിന് നേരിയ വിജയമൊരുക്കിയത്. ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഡിയോറിയുടെ വിജയഗോള്‍. ഡിയോറിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഇടതു പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ അത് ഗോകുലം ഡിഫന്‍ഡറുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

2

ജര്‍മന്‍ ഗ്ലാമര്‍ ടീം ബൊറൂസ്യ ഡോട്മുണ്ട് ടീമിനെ അനുമസ്മരിപ്പിക്കുന്ന മഞ്ഞയും കറുപ്പും ചേര്‍ന്നുള്ള ജഴ്‌സിയിലാണ് ഗോകുലം ടീം മല്‍സരത്തില്‍ അണിനിരന്നത്. നിറഞ്ഞ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ വളരെ കുറച്ചു കാണികള്‍ മാത്രമാണ് ഗോകുലം-ലജോങ് കളി കാണാനെത്തിയത്. ആറാം മിനിറ്റില്‍ തന്നെ ലജോങ് ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ഇടതുമൂലയില്‍ നിന്നും വലയിലേക്ക് താഴ്ന്നിറങ്ങിയ ഗോകുലം ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു.

3

മല്‍സരത്തില്‍ ലജോങിനായിരുന്നു മുന്‍തൂക്കം. നിരവധി ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചു. അരങ്ങേറ്റക്കാരുടെ പരിഭ്രമം തുടകത്തില്‍ കാണിച്ച ഗോകുലം പിന്നീട് കളിയിലേക്കു തിരിച്ചുവരുന്നതാണ് കണ്ടത്. ചില മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഗോകുലത്തിന്റെ മഞ്ഞപ്പടയ്ക്കു സാധിച്ചെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല. ഡിസംബര്‍ നാലിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ച് ചെന്നൈ സിറ്റിക്കെതിരേയാണ് ഗോകുലത്തിന്‍റെ അടുത്ത മല്‍സരം.

Story first published: Tuesday, November 28, 2017, 12:54 [IST]
Other articles published on Nov 28, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍