ഫിഫ അണ്ടർ 17 ലോകകപ്പ്; മെക്സിക്കോയെ വീഴ്ത്തി ഇംഗ്ലണ്ട്! ജപ്പാനെതിരെ ഫ്രാൻസിന് വിജയം...

Posted By: ഡെന്നീസ്

ദില്ലി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനും വിജയം. കൊൽക്കൽത്ത വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ഏഷ്യൻ ശക്തികളായ ജപ്പാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.

കൊൽക്കത്തയിൽ നടന്ന ഇംഗ്ലണ്ട്-മെക്സിക്കോ മത്സരത്തിൽ ഇംഗ്ലണ്ടാണ് ആദ്യം ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ റിഹാൻ ബ്രസ്റ്ററാണ് 39-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇംഗ്ലണ്ട്, രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽ ലീഡുയർത്തി. ഫിൽ ഫോദന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ. പിന്നീട് 55-ാം മിനിറ്റിൽ ജാഡോൺ സാൻജോ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി. ബോക്സിനുള്ളിൽ വെച്ച് മെക്സിക്കോ ഹാൻഡ് ബോൾ വഴങ്ങിയതിനെ തുടർന്നാണ് ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിച്ചത്.

fifawc

മൂന്നു ഗോളിനു പിന്നിട്ടുനിന്നിട്ടും മെക്സിക്കോ നോക്കിനിന്നില്ല. തുടർച്ചയായുള്ള ആക്രമണങ്ങൾക്കൊടുവിൽ 65-ാം മിനിറ്റിൽ ഡീഗോ ലെയ്ൻസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ മടക്കി. തൊട്ടുപിന്നാലെ 72-ാം മിനിറ്റിലും ഡീഗോ ലെയ്ൻസ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. മെക്സിക്കോ തുടർച്ചയായി രണ്ടു ഗോളുകൾ മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി.

അമിനേ ഗൗയ്രിയാണ് ഫ്രാൻസിന്റെ വിജയശിൽപ്പി. 12-ാം മിനിറ്റിലും 70-ാം മിനിറ്റിലും അമിനേയാണ് ഫ്രാൻസിന് വേണ്ടി ഗോൾ നേടിയത്. ഇതിനിടെ പലതവണ ഗോൾ മടക്കാനായി ജപ്പാൻ ശ്രമിച്ചെങ്കിലും 72-ാം മിനിറ്റിലാണ് അവർക്ക് ലക്ഷ്യത്തിലെത്താനായത്. തയ്സൈ മിയാസിറോയാണ് ജപ്പാനു വേണ്ടി ഗോൾ നേടിയത്.

Story first published: Wednesday, October 11, 2017, 18:56 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍