സാവോപോളോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരവും ഇതിഹാസവുമായ പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
Also Read: കോലിയില്ല, ബാബര്‍ നാലാമന്, 2022ലെ ബെസ്റ്റ് ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
ഫുട്‌ബോള്‍ ലോകകപ്പ് ഇത്തവണ ഖത്തറില്‍ ആവേശകരമായി നടക്കുമ്പോള്‍ പെലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും വേട്ടയാടിയ താരം ആരോഗ്യ നില വീണ്ടെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ലോക ഫുട്‌ബോളില്‍ പെലെയെപ്പോലെ ആരാധക ഹൃദയങ്ങളെ സ്വാധീനിച്ച മറ്റൊരു താരമില്ലെന്ന് പറയാം. മൂന്ന് തവണ ബ്രസീലിനൊപ്പം ലോകകപ്പില്‍ മുത്തമിട്ട താരമാണ് പെലെ. 1958, 1962, 1970 എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ ലോകകപ്പ് നേട്ടം.
മൂന്ന് ലോകകപ്പ് നേടിയ ഏക താരമെന്നതടക്കം പെലെയുടെ പല റെക്കോഡുകളും ഇന്നും ആര്‍ക്കും തകര്‍ക്കാനാവാത്തതാണ്. 15ാം വയസില്‍ ബ്രസീലിലെ സാന്റോസ് ക്ലബ്ബിനൊപ്പം കരിയര്‍ ആരംഭിച്ച പെലെ 1957ല്‍ അര്‍ജന്റീനക്കെതിരെയാണ് ബ്രസീല്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് 16 വയസും 9 മാസവുമായിരുന്നു പെലെയുടെ പ്രായം.
കരിയറില്‍ നടന്നു നീങ്ങിയ വഴികളിലെല്ലാം അതുല്യ നേട്ടങ്ങളും പെലെ ഒപ്പം കൂട്ടിയിരുന്നു. 17ാം വയസില്‍ ലോകകപ്പില്‍ മുത്തമിട്ട് ലോകകപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെ സ്വന്തം പേരിലാക്കിയിരുന്നു.
ബ്രസീലിന്റെ റെക്കോഡ് ഗോള്‍ നേട്ടക്കാരനാണ് പെലെ. ദേശീയ ടീമിനായി 95 ഗോളുകളാണ് പെലെ നേടിയത്. ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട ശേഷം ബിസിനസിലേക്ക് തിരിഞ്ഞ പെലെ 1995ല്‍ ബ്രസീലിന്റെ കായിക മന്ത്രിയായി. 2000ല്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പെലെയെ നൂറ്റാണ്ടിന്റെ താരമായും ഇതേ വര്‍ഷം ഫിഫ നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ താരമായും തിരഞ്ഞെടുത്തു.
പന്തടക്കത്തിലെ മികവിനും കൃത്യതയ്ക്കുമൊപ്പം ഓട്ടത്തിലെ വേഗത്തിന്റെ നിയന്ത്രണമായിരുന്നു പെലെയുടെ ശക്തി. എതിരാളികളുടെ നീക്കത്തെ ഒരുപടി മുന്നില്‍ക്കാണുന്നതാണ് മികച്ച ഫുട്‌ബോള്‍ ബുദ്ധിയും പെലെയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി.
ഇരു കാലുകൊണ്ടും മിന്നല്‍ ഷോട്ട് തൊടുക്കാന്‍ കഴിവുള്ള പെലെ ഉയര്‍ന്ന് ചാടി ഹെഡ്ഡറിലൂടെ ഗോള്‍ നേടാനും മിടുക്കന്‍. സഹ കളിക്കാരുടെ പോലും ആദരവ് പിടിച്ചുപറ്റാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള അപൂര്‍വ്വ പ്രതിഭകളിലൊരാള്‍.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം
ഫുട്‌ബോളിലെ ഇതിഹാസമാരെന്ന ചോദ്യത്തിന് പെലെ, മറഡോണ, ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി പല അഭിപ്രായങ്ങളും ഉയര്‍ന്നേക്കും.
എന്നാല്‍ ഇന്നത്തെ അത്ര ടെലിവിഷനോ സോഷ്യല്‍ മീഡിയയോ സജീവമല്ലാത്ത കാലത്ത് ഇത്രത്തോളം ആരാധക മനസിനെ തൊടുകയെന്നത് പെലെക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇനി എല്ലാം ഓര്‍മകള്‍ മാത്രം. പെലെയുടെ കാലുകള്‍ സഞ്ചരിച്ച മൈതാനങ്ങളും നേടിയെടുത്ത ഗോളുകളുമെല്ലാം ഇനി ചരിത്രത്തിലെ മായാത്ത അടയാളപ്പെടുത്തലുകള്‍.