
മിന്നിയത് ഡിവില്ലിയേഴ്‌സും ഡികോക്കും
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സിന്റെയും (57) ക്വിന്റണ്‍ ഡി കോക്കിന്റെയും (45) ഇന്നിങ്‌സുകളാണ് ആര്‍സിബിയുടെ വിജയത്തിന് അടിത്തറയിട്ടത്.
ഒരു ഘട്ടത്തില്‍ ലക്ഷ്യം ബാംഗ്ലൂരില്‍ നിന്നും അകന്നുപോയെങ്കിലും ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് അവരെ ജയത്തിനോട് അടുപ്പിച്ചു. 40 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറും എബിഡിയുടെ ബാറ്റില്‍ നിന്നും പറന്നു.
ഡികോക്ക് 34 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 45 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോലി (21), ബ്രെന്‍ഡന്‍ മക്കുല്ലം (0), സര്‍ഫ്രാസ് ഖാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇവരില്‍ മക്കുല്ലവും സര്‍ഫ്രാസും ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. 21 റണ്‍സോടെ മന്‍ദീപ് സിങും ഒമ്പതു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യത്തെയും മൂന്നാമത്തെയും പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ച് സുന്ദര്‍ ആര്‍സിബിയുടെ വിജയം പൂര്‍ത്തിയാക്കി. പഞ്ചാബിനു വേണ്ടി ക്യാപ്റ്റന്‍ അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു.

മാലപ്പടക്കം പോലെ കത്തിത്തീര്‍ന്ന് പഞ്ചാബ്
മാലപ്പടക്കത്തിന് തീ കൊളുത്തിയതു പോലെയായിരുന്നു പഞ്ചാബിന്റെ ഇന്നിങ്‌സ്. സ്‌ഫോടനാത്മക ശൈലിയില്‍ തുടങ്ങിയ പഞ്ചാബ് പക്ഷെ അവസാന 10 ഓവറില്‍ ചീട്ട്‌കൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. ഇന്നിങ്‌സില്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കവെയാണ് പഞ്ചാബ് 155 റണ്‍സിനു കൂടാരത്തില്‍ മടങ്ങിയെത്തിയത്.
തുടക്കം കണ്ടപ്പോള്‍ പഞ്ചാബ് 200നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന സൂചന നല്‍കിയെങ്കിലും ആര്‍സിബി തകര്‍പ്പന്‍ ബൗളിങിലൂടെ പഞ്ചാബിനെ പിടിച്ചുകെട്ടുകയായിരുന്നു. ഒരാള്‍ പോലും പഞ്ചാബ് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല.

രാഹുല്‍ ടോപ്‌സ്‌കോറര്‍
47 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 30 പന്തുകളില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ 33 റണ്‍സെടുത്തു മടങ്ങിയപ്പോള്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ 29 റണ്‍സെടുത്തു. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. ഒരോവറില്‍ മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് വോക്‌സ്, കുല്‍വന്ത് കെജ്രോലിയ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

നിര്‍ണായകമായത് യാദവിന്റെ ബൗളിങ്
10 ഓവര്‍ കഴിയുമ്പോള്‍ പഞ്ചാബ് മൂന്നു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ശേഷിച്ച 10 ഓവറില്‍ വെറും 68 റണ്‍സെടുക്കാനേ പഞ്ചിബാനായുള്ളൂ. ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ പോലും അവര്‍ക്കു സാധിച്ചില്ല. ഇടിവെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ രാഹുലും മയാങ്ക് അഗര്‍വാളും ചേര്‍ന്നു പഞ്ചാബിന് നല്‍കിയത്. മൂന്നോവറില്‍ ഇരുവരും 32 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ ഉമേഷ് യാദവ് എറിഞ്ഞ നാലാം ഓവര്‍ പഞ്ചാബിനെ സ്തബ്ധരാക്കി. ആദ്യ പന്തില്‍ അഗര്‍വാളിനെയും തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസിലെത്തിയ ആരോണ്‍ ഫിഞ്ചിനെയും യാദവ് പുറത്താക്കി. അവസാന പന്തില്‍ യുവരാജ് സിങിനെ യാദവ് ബൗള്‍ഡാക്കിയതോടെ പഞ്ചാബ് മൂന്നിന് 36. എന്നാല്‍ രാഹുല്‍- കരുണ്‍ ജോടി പഞ്ചാബിനെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു.

ഗെയ്ല്‍ പുറത്തുതന്നെ
ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങാണ് തിരഞ്ഞെടുത്തത്. ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. ഡേവിഡ് മില്ലര്‍ക്കു പകരം ആരോണ്‍ ഫിഞ്ച് ടീമിലെത്തി. മറുഭാഗത്ത് ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് പരാജയപ്പെട്ട അതേ ഇലവനെ തന്നെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ബാംഗ്ലൂര്‍: വിരാട് കോലി (ക്യാപ്റ്റന്‍), ബ്രെന്‍ഡന്‍ മക്കുല്ലം, ക്വിന്റണ്‍ ഡികോക്ക്, എബി ഡിവില്ലിയേഴ്‌സ്, മന്‍ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് വോക്‌സ്, കുല്‍വന്ത് കെജ്രോലിയ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.
പഞ്ചാബ്: ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, മാര്‍കസ് സ്റ്റോണിസ്, അക്ഷര്‍ പട്ടേല്‍, ആന്‍ഡ്രു ടൈ, മുജീബ് സദ്രാന്‍, മോഹിത് ശര്‍മ