ഐപിഎല്‍: വാംഖഡെയിലെ വീരനാര്? ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം... ഇവര്‍ തീരുമാനിക്കും, മല്‍സരവിധി

Written By:
കളിയുടെ ഗതി മാറ്റാൻ കഴിയുന്ന ഈ 5 താരങ്ങൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുംബൈയിലലെ വാംഖഡെ സ്റ്റേഡിയം ക്രിക്കറ്റ് പൂരത്തിന്റെ കൊടിയേറ്റത്തിന് സാക്ഷിയാവാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. രാത്രി എട്ടു മണിക്കു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊമ്പുകോര്‍ക്കും.

വാതുവയ്പ്പുമായി ബന്ധപ്പെട്ടു രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്കുള്ള ചെന്നൈയുടെ തിരിച്ചുവരവ് കൂടിയാണ് ഉദ്ഘാടന മല്‍സരം. ഇതു വരെ കളിച്ചിട്ടുള്ള മുഴുവന്‍ എഡിഷനിലും നോക്കൗട്ട്‌റൗണ്ടില്‍ കടന്ന ടീം കൂടിയായ ചെന്നൈ ഇത്തവണയും തങ്ങളുടെ ഈ റെക്കോര്‍ഡ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും പാഡണിയുക.
മുംബൈ- ചെന്നൈ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഇരുടീമിലെയും ചില മിന്നും താരങ്ങളായിരിക്കും. മല്‍സരവിധി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മൂന്നു തവണ മുംബൈയെ ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിച്ച വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരമാണ്. മല്‍സരവിധി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് രോഹിത്. ടൂര്‍ണമെന്റിന്റെ മുമ്പത്തെ സീസണില്‍ ഒന്നിലേറെ തവണ അദ്ദേഹം അതു തെളിയിച്ചിട്ടുണ്ട്. ടീം തോല്‍ക്കുമെന്ന ഘടത്തില്‍ ക്രീസിലെത്തിയ രോഹിത് എത്രയെത്ര അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെയാണ് മുംബൈക്കു ത്രസിപ്പിക്കുന്ന ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഉദ്ഘാടന മല്‍സരത്തിലെയും നിര്‍ണായക താരങ്ങളിലൊരാള്‍ രോഹിത്തായിരിക്കും.
ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ മൂന്നാമത്തെ താരം കൂടിയാണ് ഹിറ്റ്മാന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഹിത്. 172 സിക്‌സറുകളാണ് ഇതുവരെ അദ്ദേഹം നേടിയിട്ടുള്ളത്. 130.89 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയും മുംബൈ ക്യാപ്റ്റന്റെ പേരിലുണ്ട്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുംബൈക്ക് രോഹിത്താണെങ്കില്‍ ചെന്നൈയുടെ തുറുപ്പുചീട്ട് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. ചെന്നൈയുടെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ചെന്നൈ ഐപിഎല്ലില്‍ നിന്നും വിലക്കപ്പെടുന്നതുവരെയുള്ള എല്ലാ സീസണുകളിലും ടീമിന്റെ നെടുംതൂണായി റെയ്‌നയുണ്ടായിരുന്നു. ഇടയ്ക്കും പരിക്കും മോശം ഫോമുമെല്ലാം താരത്തെ വലച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദേശീയ ടീമില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഫോം വീണ്ടെടുത്ത റെയ്‌ന അടുത്തിടെ ഇന്ത്യന്‍ ജഴ്‌സി വീണ്ടുമണിഞ്ഞിരുന്നു.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റെയ്‌ന. ക്രീസിലെത്തിയാല്‍ ആദ്യ പന്ത് മുതല്‍ ഷോട്ട് കളിക്കാനുള്ള മിടുക്കാണ് റെയ്‌നയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 31 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമടക്കം 4540 റണ്‍സ് റെയ്‌ന അടിച്ചുകൂട്ടിയിട്ടുണ്ട്. 2008 മുതല്‍ 14 വരെ തുടര്‍ച്ചയായി ഏഴു ഐപിഎല്ലുകളില്‍ 400ല്‍ കൂടുതല്‍ റണ്‍സെടുത്ത ഏക താരം കൂടിയാണ് അദ്ദേഹം.

കിരോണ്‍ പൊള്ളാര്‍ഡ്

കിരോണ്‍ പൊള്ളാര്‍ഡ്

മുംബൈയുടെ ഫിനിഷറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ കിരോണ്‍ പൊള്ളാര്‍ഡ്. ഏതു ബൗളറെയും അനായാസം ബൗണ്ടറിയിലേക്കും സിക്‌സറിലേക്കും പറത്താന്‍ മിടുക്കനാണ് പൊള്ളാര്‍ഡ്. 2010 മുതല്‍ മുംബൈ ടീമിനൊപ്പം അദ്ദേഹമുണ്ട്. മൂന്നു തവണ മുംബൈ ഐപിഎല്‍ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ പൊള്ളാര്‍ഡിനനു കഴിഞ്ഞിരുന്നു. ഇത്തവണ ലേലത്തില്‍ മുംബൈ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
123 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 147 സിക്‌സറുകളുടെ അകമ്പടിയോടെ 2343 റണ്‍സ് പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. 146.52 എന്ന മികച്ച സ്‌ക്ക്രൈ് റേറ്റാണ് താരത്തിനുള്ളത്. 56 വിക്കറ്റുകളും നേടാന്‍ പൊള്ളാര്‍ഡിനായിട്ടുണ്ട്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ഇത്തവണ മുംബൈ ബൗളിങ് നിരയില്‍ ഇല്ലാത്തതിനാല്‍ ഈ കുറവ് നികത്തുകയെന്ന ചുമതല ഇന്ത്യന്‍ യുവ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരിക്കും. ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്തി പിന്നീട് സ്ഥിരസാന്നിധ്യമായി മാറിയ ബുംറ ഐപിഐപിഎഎല്ലില്‍ വര്‍ഷങ്ങളായി മുംബൈ ബൗളിങിന്റെ കുന്തമുനയാണ്. 2013ലാണ് താരം മുംബൈ ടീമിനൊപ്പം ചേര്‍ന്നതെങ്കിലും 2016ലാണ് സമയം തെളിയുന്നത്. 15 വിക്കറ്റുകള്‍ പിഴുത ബുംറ ന്യൂസിലന്‍ഡിന്റെ മിച്ചെന്‍ മക്ലെനഗനൊപ്പം മുംബൈയുടെ പ്രധാന ബൗളറായി മാറുകയും ചെയ്തു.
2017ലും ബുംറ ഫോം ആവര്‍ത്തിച്ചു. മുംബൈയെ മൂന്നാം ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായകപങ്കാണ് താരം വഹിച്ചത്. ഗുജറാത്തില്‍ നിന്നുള്ള പേസര്‍ ഐപിഎല്ലില്‍ ഇതുവരെ 46 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അനായായം യോര്‍ക്കറുകള്‍ എറിയാന്‍ ശേഷിയുള്ള ബുംറയ്ക്ക് അവസാന ഓവറുകളിലും റണ്‍സ് വിട്ടുകൊടുക്കാതെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാനാവും.

എംഎസ് ധോണി

എംഎസ് ധോണി

കരിയറിന്റെ അസ്തമയത്തിലേക്ക് അടുക്കുകയാണെങ്കിലും എംഎസ് ധോണി ഇപ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ക്രിക്കറ്റ് തചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ചെന്നൈ ഐപിഎല്‍ നേട്ടത്തിലേക്കു നയിച്ച ധോണി ടീമിന് ഇത്തവണ മൂന്നാം കിരീടം നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ എട്ടാംസ്ഥാനത്തു ധോണിയുണ്ടാവും. 3561 റണ്‍സാണ് അദ്ദദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സ്. 17 ഫിഫ്റ്റികളും നേടിയിട്ടുള്ള ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാള്‍ കൂടിയാണ്.

ഐപിഎല്‍: കിരീടമാര്‍ക്ക്? പ്രവചനം ഇങ്ങനെ... മുംബൈ നേടില്ല!! സാധ്യത രണ്ട് ടീമുകള്‍ക്ക്

ഐപിഎല്‍: വാംഖഡെ വിളിക്കുന്നു... പൂരത്തിന് കൊടിയേറ്റം, ആരു നേടും കന്നിയങ്കം?


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 11:21 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍