ഐപിഎല്ലിന്റെ 14ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് ഏറ്റവുമധികം കിരീടസാധ്യതയുള്ള രണ്ടു ടീമുകളെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളാവുമെന്നാണ് വോന്‍ ട്വിറ്ററിലൂടെ പ്രവചിച്ചിരിക്കുന്നത്.
ഐപിഎല്‍ 2021നെക്കുറിച്ച് നേരത്തേ തന്നെ പ്രവചിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് കിരീടം നേടും. അസാധാരണമാംവിധം അവരുടെ ഫോം നഷ്ടമാവുകയാണെങ്കില്‍ കിരീടം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായിരിക്കുമെന്നും വോന്‍ ട്വീറ്റ് ചെയ്തു.
മുംബൈ ഇന്ത്യന്‍സിനെ നേരത്തേ പല തവണ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുള്ള വ്യക്തി കൂടിയാണ് വോന്‍. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ മുംബൈ ജേതാക്കളായപ്പോള്‍ ടി20 ലോകകപ്പ് നേടാന്‍ ശേഷിയുള്ള ടീമാണെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ മുംബൈയ്ക്കായി കളിക്കുന്ന ചില ഇന്ത്യന്‍ താരങ്ങള്‍ മിന്നിയപ്പോള്‍ ഇതു മുംബൈ ഇന്ത്യന്‍സിന്റെ വിജയമാണെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതേസമയം, വെള്ളിയാഴ്ചയാണ് ഐപിഎല്ലിന്റെ 14ാം സീസണിനു തുടക്കമാവുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മുംബൈയും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ കുറച്ചു സീസണുകളിലായി ആദ്യത്തെ മല്‍സരം തോറ്റു കൊണ്ടു തുടങ്ങുന്നതാണ് മുംബൈയുടെ പതിവ്. ആര്‍സിബിയാവട്ടെ ഇതുവരെ കളിച്ച ഒരു ഉദ്ഘാടന മല്‍സരം പോലും ജയിച്ചിട്ടില്ല. മുംബൈയുടെ കാര്യമെടുത്താല്‍ അവസാനമായി കളിച്ച നാലു ഓപ്പണിങ് മല്‍സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.
ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും ട്രോഫിയാണ് രോഹിത് ശര്‍മയും സംഘവും നോട്ടമിടുന്നത്. ടൂര്‍ണമന്റില്‍ മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടമാണിത്. ആദ്യ ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കീഴടക്കിയായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈയുടെ കിരീടധാരണം. തൊട്ടുമുമ്പത്തെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയായിരുന്നു ഫൈനലില്‍ മുംബൈ മുട്ടുകുത്തിച്ചത്.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ