ഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്ക

Written By:

ദില്ലി: ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലില്‍ ബൗളര്‍മാരെ വില കുറച്ചു കാണാന്‍ വരട്ടെ. ബാറ്റ്‌സ്മാന്‍മാരുടെ അന്തകരായിട്ടുള്ള ബൗളര്‍മാരെയും ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്. നിരവധി ലോകോത്തര ബൗളര്‍മാരാണ് കഴിഞ്ഞ 10 സീസണുകളിലായി വിവിധ ടീമുകള്‍ക്കു വേണ്ടി വിക്കറ്റുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്. പക്ഷെ ബൗളര്‍മാരുടെ ഈ നേട്ടങ്ങള്‍ പലപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ക്കു മുന്നില്‍ നിറം മങ്ങിപ്പോവുകയായിരുന്നു.

ഐപിഎല്ലിലെ ഓരോ ടീമിനും കഴിഞ്ഞ 10 സീസണുകളായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാരുണ്ട്. ഓരോ ടീമിന്റെയും വിക്കറ്റ് വേട്ടക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ലസിത് മലിങ്ക (മുംബൈ)

ലസിത് മലിങ്ക (മുംബൈ)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം മുംബൈ ഇന്ത്യന്‍സിന്റെ ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയെന്നായിരിക്കും. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായയിരുന്നു ഈ താരം.
മുംബൈക്കു വേണ്ടി മാത്രമല്ല ഐപിഎല്ലില്‍ തന്നെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ ബൗളര്‍ മലിങ്കയാണ്. കഴിഞ്ഞ 10 സീസണുകളിലും മുംബൈക്കായി പന്തെറിഞ്ഞ മലിങ്ക 154 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഐപിഎല്ലിനെ കൂടാതെ ചാംപ്യന്‍സ് ലീഗ് ടിട്വന്റിയും കൂടി കൂട്ടുമ്പോള്‍ 179 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 6.88 ശരാശരിയിലാണ് മലിങ്ക ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമും താരത്തെ വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ മലിങ്ക കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുംബൈയുടെ ബൗളിങ് ഉപദേഷ്ടാവായി അദ്ദേഹം അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാവും.

ആര്‍ അശ്വിന്‍ (ചെന്നൈ)

ആര്‍ അശ്വിന്‍ (ചെന്നൈ)

മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനായി ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതത് മുന്‍ താരവും ഇന്ത്യന്‍ സ്പിന്നറുമായ ആര്‍ അശ്വിനാണ്. ചെന്നൈക്കു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അശ്വിനെ പിന്നീട് ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഏറെക്കാലം മൂന്നു ഫോര്‍മാറ്റിലും ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേയുള്ളൂ.
ചെന്നൈക്കു വേണ്ടി 120 വിക്കറ്റുകളാണ് ഐപിഎല്ലില്‍ അശ്വിന്‍ നേടിയത്്. 2010, 11 സീസണുകളിലെ ഐപില്ലില്‍ ചെന്നൈ ജേതാക്കളായപ്പോള്‍ താരം യഥാക്രമം 13ഉം 20ഉം വിക്കറ്റുകള്‍ വീഴത്തിയിരുന്നു. 6.66 ശരാശരിയിലാണ് ഐപിഎല്ലില്‍ ചെന്നൈക്കു വേണ്ടി അശ്വിന്‍ 120 പേരെ പുറത്താക്കിയത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ അശ്വിനെ ചെന്നൈ നിരയില്‍ കാണാനാവില്ല. ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ സ്വന്തമാക്കുകയായിരുന്നു. സീസണില്‍ പഞ്ചാബിനെ നയിക്കുന്നതും അശ്വിന്‍ തന്നെയാണ്.

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ പിഴുതത് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നാണ്. 113 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറായ നരെയ്ന്‍ കൊല്‍ക്കത്തയ്്ക്കു വേണ്ടി ആറു സീസണുകളിലാണ് പന്തെറിഞ്ഞത്. രണ്ടു തവണ ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും നരെയ്‌നു സാധിച്ചു.
രണ്ടു സീണുകളിലാണ് ഏറ്റവുമധികം വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് വെറും ഒരു വിക്കറ്റ് വ്യത്യാസത്തില്‍ നരെയ്‌ന് നഷ്ടമായത്. ബൗളറായി തിളങ്ങിയ താരം പിന്നീട് ഓപ്പണറായെത്തി ബാറ്റിങിലും മികച്ച പ്രകടനം നടത്തി.

ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)

ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ഹൈദരാബാദ് ഐപിഎല്ലില്‍ എത്തിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതില്‍ നാലു തവണയും ഭുവി ഹൈദരാബാദിനൊപ്പമുണ്ടായിരുന്നു. രണ്ടു സീസണുകളില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരത്തിനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.
ഹൈദരാബാദ് ഐപിഎല്ലില്‍ ഒരു തവണ ചാംപ്യന്‍മാരായപ്പോഴും ടീമിന്റെ തുറുപ്പു ചീട്ട് ഭുവിയായിരുന്നു. വെറും നാലു വര്‍ഷം കൊണ്ട് ഹൈദരാബാദിനു വേണ്ടി 87 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 7.25 ആയിരുന്നു ഭുവിയുടെ ശരാശരി.
പുതിയ സീസണിലും ഹൈദരബാദിനൊപ്പമുള്ള അദ്ദേഹം തന്റെ വിക്കറ്റ് നേട്ടം ഇനിയും വര്‍ധിപ്പിക്കാനുള്ള തയ്യാറടുപ്പിലാണ്.

പിയൂഷ് ചൗള (പഞ്ചാബ്)

പിയൂഷ് ചൗള (പഞ്ചാബ്)

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് വേട്ടക്കാരന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗളയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്പിന്നര്‍ ആറു സീസണുകളാണ് പഞ്ചാബിനു വേണ്ടി പന്തെറിഞ്ഞത്. 7.5 റണ്‍സ് ശരാശരിയില്‍ 84 വിക്കറ്റുകളും ചൗള വീഴ്ത്തിയിട്ടുണ്ട്.
നീണ്ട ആറു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് 2014ലാണ് ചൗള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തുന്നത്. പഞ്ചാബിനൊപ്പമുള്ള മികച്ച പ്രകടനം കൊല്‍ക്കത്തയുടെ ജഴ്‌സിയിലും താരം ആവര്‍ത്തിച്ചു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ അടുത്ത സീസണിലും ചൗള കൊല്‍ക്കത്തയുടെ ബൗളിങ് നിരയിലുണ്ടാവും.

ആര്‍ വിനയ്കുമാര്‍ (ബാംഗ്ലൂര്‍)

ആര്‍ വിനയ്കുമാര്‍ (ബാംഗ്ലൂര്‍)

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഇന്ത്യയുടെ മുന്‍ പേസറായ ആര്‍ വിനയ് കുമാറാണ്. കര്‍ണാക ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന വിനയ് അഞ്ചു സീസണുകള്‍ ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. 80 വിക്കറ്റുകളാണ് ബാംഗ്ലൂരിനായി താരം പോക്കറ്റിലാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് വിനയ്. 80 വിക്കറ്റുകളെന്ന വിനയ്‌യുടെ റെക്കോര്‍ഡിന് ഭീഷണിയുയര്‍ത്തി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ തൊട്ടരികിലുണ്ട്. 70 വിക്കറ്റുകളാണ് ബാംഗ്ലൂരിനായി ചഹല്‍ഇതുവരെ നേടിയത്.
2011നു ശേഷം ബാംഗ്ലൂരിനായി വിനയ് കളിച്ചിട്ടില്ല. പുതിയ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹം.

അമിത് മിശ്ര (ഡല്‍ഹി)

അമിത് മിശ്ര (ഡല്‍ഹി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ മുന്‍ഇന്ത്യന്‍ സ്പിന്നറായ അമിത് മിശ്രയാണ്. ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ബൗളര്‍ കൂടിയാണ് മിശ്ര.
രണ്ടു വ്യത്യസ്ത സീസണുകളില്‍ മിശ്ര ഡല്‍ഹിക്കായി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2010 വരെയായിരുന്നു ആദ്യത്തേത്. പിന്നീട് 2015ലും അദ്ദേഹം ഡല്‍ഹിക്കായി കളിച്ചു. രണ്ടു സീസണുകളിലായി ഡല്‍ഹിക്കു വേണ്ടി 78 വിക്കറ്റുകളാണ് മിശ്രയുടെ അക്കൗണ്ടിലുള്ളത്. പുതിയ സീസണിലും താരം ഡല്‍ഹിക്കൊപ്പമുണ്ടാവും. ഇത്തവണത്തെ ലേലത്തില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് മിശ്ര വീണ്ടും ഡല്‍ഹിക്കൊപ്പം ചേര്‍ന്നത്.

ഷെയ്ന്‍ വാട്‌സന്‍ (രാജസ്ഥാന്‍)

ഷെയ്ന്‍ വാട്‌സന്‍ (രാജസ്ഥാന്‍)

പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് തുറുപ്പുചീട്ട് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായശ ഷെയ്ന്‍ വാട്‌സനാണ്. രാജസ്ഥാനു വേണ്ടി 78 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 67 വിക്കറ്റുകളാണ് നേടിയത്. ആദ്യ സീസണില്‍ രാജസ്ഥാനെ ചാംപ്യന്‍മാരാക്കുന്നതിലും വാട്‌സന്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
2008, 13 സീസണുകളിലാണ് രാജസ്ഥാനു വേണ്ടി അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 17ഉം 13ഉംവിക്കറ്റുകള്‍ ഈ സീസണുകളില്‍ വാട്‌സന്‍ നേടിയിരുന്നു.
കഴിഞ്ഞ രണ്ടു സീസണികളും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന വാട്‌സന്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരിക്കും. ഇത്തവണ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് മുന്‍ ഓസീസ് സൂപ്പര്‍ താരത്തെ ചെന്നൈ സ്വന്തമാക്കിയത്.

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്

Story first published: Wednesday, March 14, 2018, 12:30 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍