ഐപിഎൽ തുടങ്ങാൻ ഇനി അധികനാളുകൾ ഇല്ല. ഇക്കുറി വീണ്ടുമൊരു ടി20 ലോകകപ്പ് നേട്ടത്തിന്റെ ആലസ്യത്തിലാണ് ഇന്ത്യ ഐപിഎല്ലിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഇത്രയധികം നേട്ടങ്ങൾ ഉണ്ടാക്കിയ വർഷങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് കടന്നുപോയത്. എങ്കിലും ഇതിഹാസ താരങ്ങളിൽ ചിലരുടെ ഭാവിയെ കുറിച്ച് അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ ചിലത് ഒട്ടും ആശാവഹമല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പ്രത്യേകിച്ച് രോഹിത് ശർമ്മയുടെ ഈ ഐപിഎൽ സീസണിലെ സ്ഥാനത്തെക്കുറിച്ചും നായകൻ ഹാർദിക് പാണ്ഡ്യയുടെ മുന്നറിയിപ്പിനെക്കുറിച്ചുമുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ആരാധകർക്ക് ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തവണ, 2024ൽ ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കോലിയും രോഹിതും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

അതിന് ശേഷം ചരിത്രത്തിൽ ആദ്യമായി ആർസിബി കിരീടം നേടിയതോടെ വിരാട് കോലിയെ സംബന്ധിച്ച് കഴിഞ്ഞ സീസൺ എന്തുകൊണ്ടും നല്ല പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. എന്നാൽ രോഹിത്തിന്റെ കാര്യം മറിച്ചാണ്. ടീം മൊത്തത്തിൽ ആയാലും, വ്യക്തിഗത പെർഫോമൻസ് ആയാലും അത്ര നല്ല സീസൺ ആയിരുന്നില്ല രോഹിത് ശർമ്മക്ക് കഴിഞ്ഞത്.
അതിനിടയിലാണ് രോഹിതിന് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ മുന്നറിയിപ്പ് നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അവർ തന്നെ വ്യക്തമാക്കുന്നു. റൺസ് നേടുന്നതിൽ പരാജയപ്പെട്ടാൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന് ഹർദിക് മുൻ നായകന് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു പ്രചാരണം.
'ഐപിഎൽ 2026 മുന്നിൽക്കണ്ട് ഹാർദിക് പാണ്ഡ്യ രോഹിത് ശർമ്മക്ക് മുന്നറിയിപ്പ് നൽകി' എന്ന തലക്കെട്ടോടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ ഒരു ഉപയോക്താവ് പോസ്‌റ്റ് പങ്കുവെച്ചത്. റൺസ് നേടുന്നതിൽ രോഹിത് പരാജയപ്പെട്ടാൽ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് ഹർദിക് ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും പോസ്‌റ്റിൽ പറയുന്നു. ഇതോടെയാണ് ആരാധകർ വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നതും ഇത് വിവാദമാവുന്നതും.
കഴിഞ്ഞ 10-12 വർഷമായി സീസണിൽ വെറും 200-300 റൺസ് മാത്രം നേടി 120-നടുത്ത് സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന രോഹിത്തിന്റെ പ്രകടനത്തിൽ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് അതീവ നിരാശരാണെന്നും, ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരിലൊരാളായിട്ടും ഇത് അംഗീകരിക്കാനാവില്ലെന്നും പോസ്‌റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഈ ആരോപണങ്ങളെ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഹർദിക്കിന്റെ ഒരു ജിഫ് സഹിതം 'കുച്ച് ഭി (എന്തും)' എന്ന് കുറിച്ചുകൊണ്ട് അവർ ഈ പ്രചാരണങ്ങളെ പുച്ഛിച്ച് തള്ളുകയായിരുന്നു. പിന്നാലെ മുംബൈ ഇന്ത്യൻസിന്റെയും രോഹിത് ശർമ്മയുടെയും ആരാധകർ പിന്തുണയുമായി എത്തിയിരിക്കുകയാണ്.
അഞ്ചു വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച് ഇത്തവണ ആറാം ഐ.പി.എൽ. ട്രോഫി നേടാനാണ് മുംബൈ ഇന്ത്യൻസ് ഒരുങ്ങുന്നത്. അവസാന കിരീടം 2020-ലായിരുന്നു. ഒരു പതിറ്റാണ്ടോളം ടീമിനെ നയിച്ച് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത രോഹിതിനെ മാറ്റി 2024-ൽ ഹർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ടീമിലെത്തിച്ച് നായകനായി അവരോധിച്ചിരുന്നു.
എന്നാൽ ഹർദിക്കിന്റെ കീഴിൽ ആദ്യ സീസണിൽ തന്നെ മുംബൈ അവസാന സ്ഥാനത്തായിപ്പോയിരുന്നു. കഴിഞ്ഞ വർഷം പ്ലേഓഫിലെത്തിയെങ്കിലും രണ്ടാം ക്വാളിഫയറിൽ തോറ്റ് ഫൈനൽ പ്രവേശനം എന്ന ആഗ്രഹം മുടങ്ങി. ഇതോടെ പല ആരാധകരും രോഹിതിനെ നായക സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്ന ആവശ്യമായി രംഗത്ത് വന്നിരുന്നു.
അതേസമയം, കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തിഗത പ്രകടനത്തിൽ രോഹിത്തിന്റെ ബാറ്റിംഗ് ഫോം ആശങ്കയുണർത്തുന്ന ഒന്നാണ്. 2013-ന് ശേഷം ഒരു സീസണിലും 500 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 29.86 ശരാശരിയിൽ നാല് അർധ സെഞ്ചുറികളടക്കം 418 റൺസ് മാത്രമാണ് രോഹിത് നേടിയത്.