ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

Written By:
IPL 2018: IPL എന്നും നമ്പര്‍ വണ്‍ തന്നെ | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ ഓരോ സീസണ്‍ കഴിയുന്തോറു മാറിക്കൊണ്ടിരിക്കുകയാണ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ നിന്നും ഇപ്പോള്‍ 2018ലെ ടൂര്‍ണമന്റ് എത്തിനില്‍ക്കുമ്പോള്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ആധുനിക ക്രിക്കറ്റിനൊപ്പം മുഖം മാറ്റുന്ന ഐപിഎല്‍ പുതിയ സീസണിലും ചില സര്‍പ്രൈസുകള്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ഐപിഎല്ലിനെ കോപ്പിയടിച്ച് ഐസിസിയിലുള്ള മറ്റു രാജ്യങ്ങളും സമാനമായ ടൂര്‍ണമെന്റുകള്‍ ആരംഭിച്ചെങ്കിലും ഇവയ്‌ക്കൊന്നും ഐപിഎല്ലിനെ കടത്തിവെട്ടാനായിട്ടില്ല. കാലത്തിന് അനുസരിച്ച് ഐപിഎല്ലില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് ഐപിഎല്ലിലെ ഇപ്പോഴും ഫ്രഷായി നിലനിര്‍ത്തുന്നത്. കഴിഞ്ഞ 10 സീസണുകള്‍ക്കിടെ ഐപിഎല്ലില്‍ സംഭവിച്ചിട്ടുള്ള പ്രധാനപ്പെട്ട ഏഴു മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സ്ട്രാറ്റെജിക് ടൈംഔട്ട്

സ്ട്രാറ്റെജിക് ടൈംഔട്ട്

2009ലെ ഐപിഎല്ലിന്റെ രണ്ടാം സീസണ്‍ മുതലാണ് സ്ട്രാറ്റെജിക് ടൈം ഔട്ട് എന്ന പുതിയ നിയമം ഐപിഎല്ലില്‍ പരീക്ഷിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഈ സംവിധാനം ഉപയോഗിച്ചത്. ഓരോ മല്‍സരത്തിലും ഇരുടീമിന്റെയും ഇന്നിങ്‌സിന്റെ പകുതിയില്‍ വച്ച് ഏഴര മിനിറ്റ് ബ്രേക്ക് നല്‍കുന്നതാണ് സ്ട്രാറ്റെജിക് ടൈംഔട്ട്.
എന്നാല്‍ ഇത്രയേറെ സമയം അനുവദിക്കപ്പെട്ടത് വലിയ വിമര്‍ശമങ്ങള്‍ക്കാണ് വഴിവച്ചത്. ഇതേ തുടര്‍ന്ന് 2010ലെ സീസണ്‍ മുതല്‍ സ്ട്രാറ്റെജിക് ടൈം ഔട്ട് രണ്ടര മിനിറ്റാക്കി കുറയ്ക്കുകയായിരുന്നു. സമയം കുറയ്ക്കാനുള്ള ആ തീരുമാനത്തെ ഫ്രാഞ്ചൈസികള്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
സ്ട്രാറ്റെജിക് ടൈം ഔട്ട് വിളിക്കാന്‍ ഇരുടീമിനും നാല് ഓപ്ഷനുകളാണുണ്ടാവുക. ബൗളിങ് ടീമിനാണെങ്കില്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് ഓവറുകളുടെ അവസാനത്തില്‍ ഇതിന് ആവശ്യപ്പെട്ടാം. ബാറ്റിങ് ടീമിനാണെങ്കില്‍ 13, 14, 15, 16 തിയ്യതികളിലായിരിക്കും സ്ട്രാറ്റെജിക് ടൈംഔട്ട് സ്വീകരിക്കുക.

നോക്കൗട്ട് മല്‍സരങ്ങളുടെ ഘടന

നോക്കൗട്ട് മല്‍സരങ്ങളുടെ ഘടന

നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളുടെ ഘടനയില്‍ വരുത്തിയ പരിഷ്‌കാരമാണ് ഐപിഎല്ലില്‍ വന്ന മറ്റൊരു മാറ്റം. ആദ്യ മൂന്നു സീസണുകള്‍ വരെ ഐപിഎല്ലിന്റെ നോക്കൗട്ട് റൗണ്ടില്‍ രണ്ടു സെമി ഫൈനലുകളും പിന്നീട് ഫൈനലുമാണുണ്ടായിരുന്നത്. 2010 മുതലാണ് പ്ലേഓഫ് മല്‍സരമെന്ന നിലയില്‍ ഒരു മല്‍സരം കൂടിയ അധികമായി ഉള്‍പ്പെടുത്തിയത്. നാലാം സീസണ്‍ മുതല്‍ പ്രാഥമിക റൗണ്ട് കഴിഞ്ഞാല്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെയായിരുന്നു ഫൈനലിലേക്കുള്ള വഴി.
ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഈ മല്‍സരത്തില്‍ മുഖാമുഖം വരുക. മൂന്നു നാലും സ്ഥാനങ്ങളിലെത്തുന്നവര്‍ എലിമിനേറ്ററില്‍ കൊമ്പുകോര്‍ക്കും.
ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്ന ടീം എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടും. ഇതാണ് ക്വാളിഫയര്‍ ടു ആയി മാറിയത്. ക്വാളിഫയര്‍ 2വില്‍ ജയിക്കുന്നവരാവും ഫൈനലില്‍ കളിക്കുന്ന രണ്ടാമത്തെ ടീം. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമാണ് പലപ്പോഴും ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയിട്ടുള്ളത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.

ലുക്ക് മാറ്റിയ ട്രോഫി

ലുക്ക് മാറ്റിയ ട്രോഫി

പിഎല്‍ വിജയികള്‍ക്കു സമ്മാനിക്കുന്ന ട്രോഫിയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യ മൂന്നു സീസണുകളിലും ചാംപ്യന്മാരായ ടീമുകള്‍ക്കു സമ്മാനിച്ചിട്ടുള്ള ട്രോഫി വജ്രത്തില്‍ തീര്‍ത്തതായിരുന്നു. ഇന്ത്യയുടെ ചെറിയ മാപ്പും ലോഗോയുമാണ് ട്രോഫിയുടെ പിറക് വശത്തുണ്ടായിരുന്നത്. മുന്‍വശത്ത് സ്വര്‍ണത്തില്‍ തീര്‍ത്ത ബാറ്റ്‌സ്മാന്റെ രൂപമാണ് ആലേഖനം ചെയ്തിരുന്നത്. ഇതില്‍ ഉപയോഗിച്ച ബാറ്റ് വജ്രത്തില്‍ പൊതിഞ്ഞതായിരുന്നു.
ആദ്യത്തെ മൂന്നു സീസണുകള്‍ മാത്രമാണ് ഈ ട്രോഫി ജേതാക്കള്‍ക്കു സമ്മാനിച്ചത്. നാലാം സീസണ്‍ മുതല്‍ ട്രോഫിക്കു മുകളില്‍ യാത്ര പ്രതിഭ അവസര പ്രപ്‌നോതിഹി എന്നു കൂടി ആലേഖനം ചെയ്തിരുന്നു. പ്രാഗല്‍ഭ്യം അവസരവുമായി സംഗമിക്കുന്നു എന്നതാണ് ഈ വാക്കുകള്‍ കൊണ്ട് അര്‍ഥമാക്കിയത്. ആദ്യ ട്രോഫിയും പിന്നീട് രൂപമാറ്റം വരുത്തിയ ട്രോഫിയും സ്വന്തമാക്കിയ ഏക ടീമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പേരിലാണ്.

മുഖ്യ സ്‌പോണ്‍സര്‍മാര്‍

മുഖ്യ സ്‌പോണ്‍സര്‍മാര്‍

10 സീസണുകള്‍ക്കിടെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിനായ ഡിഎല്‍എഫ് ആയിരുന്നു. 200 കോടി രൂപയ്ക്കാണ് ആദ്യ അഞ്ചു സീസണുകളിലെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി ഡിഎല്‍എഫ് ചെലവഴിച്ചത്. 2008 മുതല്‍ 2012 വരെ ഡിഎല്‍എഫ് ഐപിഎല്‍ എന്നായിരുന്നു ടൂര്‍ണമെന്റിന്റെ പേര്. ഡിഎല്‍എഫ് ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാന്‍ ഇത് ഇടയാക്കുകയും ചെയ്തു.
എന്നാല്‍ ആദ്യത്തെ അഞ്ചു സീസണുകള്‍ക്കു ശേഷം ഡിഎല്‍എഫുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. അടുത്ത അഞ്ചു സീസണുകളിലെ മുഖ്യ സ്‌പോണ്‍സര്‍മാരായി പിന്നീട് പെപ്‌സിക്കോ മാറുകയായിരുന്നു. 396.8 കോടി രൂപയാണ് അവര്‍ ഇതിനായി ചെലവഴിച്ചത്.
എന്നാല്‍ വാതുവയ്പ്പ് വിവാദങ്ങള്‍ ടൂര്‍ണമെന്റിന്റെ ഗ്ലാമറിനു മങ്ങലേല്‍പ്പിച്ചതിനെ തുടര്‍ന്നു മൂന്നു സീസണുകള്‍ക്കു ശേഷം പെപ്‌സിക്കോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്‍മാറി. 2016ലാണ് ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി മാറിയത്.

സ്റ്റംപുകളും മാറി

സ്റ്റംപുകളും മാറി

ട്രോഫി, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ മാത്രമല്ല ഐപിഎല്‍ മല്‍സരത്തില്‍ ഉപയോഗിക്കുന്ന സ്റ്റംപിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2016ലെ ഒമ്പതാം സീസണ്‍ മുതലാണ് ഇപ്പോള്‍ കാണുന്ന എല്‍ഇഡി ലൈറ്റോട് കൂടിയ സ്റ്റംപുകള്‍ ഐപിഎല്ലില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. ബ്രോന്റെ എക്കെര്‍മാന്‍ എന്ന ഓസ്‌ട്രേലിയന്‍ ഡിസൈനറാണ് ഇത്തരത്തിലുള്ള സ്റ്റംപുകള്‍ രൂപകല്‍പ്പന ചെയ്തത്. റണ്ണൗട്ടുകള്‍ പോലുള്ള സംഭവങ്ങളില്‍ ഇത്തരം സ്റ്റംപുകളുടെ ഉപയോഗം പെട്ടെന്ന് തീരുമാനമെടുക്കാന്‍ തേര്‍ഡ് അംപയര്‍മാരെ സഹായിക്കുകയും ചെയ്തു.
എന്നാല്‍ ഐപിഎല്ലില്‍ വരുന്നതിനു മുമ്പ് തന്നെ ഇത്തരം സ്റ്റംപുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. 2012ല്‍ ലെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലായിരുന്നു ആദ്യമായി ഇവ പരീക്ഷിക്കപ്പെട്ടത്. നിലവില്‍ ഐപിഎല്ലിനെ കൂടാതെ പാകിസ്താന്‍ പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലും ഇത്തരം സ്റ്റംപുകള്‍ ഉപയോഗിക്കുന്നുണ്ട്.

സംപ്രേക്ഷണാവകാശം

സംപ്രേക്ഷണാവകാശം

ഐപിഎല്ലിന്റെ സംപ്രേക്ഷണത്തിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യ പത്ത് സീസണുകളിലേക്കുള്ള സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്കും വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പും ചേര്‍ന്നാണ് സ്വന്തമാക്കിയത്. 8,200 കോടി രൂപയ്ക്കാണ് ഇവര്‍ സംപ്രേക്ഷണാവകാശം നേടിയെടുത്തത്. സോണി ഇന്ത്യയിലെ സംപ്രേക്ഷണമാണ് നിയന്ത്രിച്ചതെങ്കില്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ലോകത്തെ മറ്റു രാജ്യങ്ങളിലെ ചാനലുകള്‍ക്കാണ് ദൃശ്യങ്ങള്‍ കൈമാറിയത്.
ഐപിഎല്ലിന്റെ സമയത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കണ്ടിരുന്ന ചാനലെന്ന റെക്കോര്‍ഡ് സോണി മാക്‌സിനായിരുന്നു. 2017ലെ കഴിഞ്ഞ ഐപിഎല്‍ ടെലിവിഷനിലൂടെ കണ്ടത് 1.25 ബില്ല്യണ്‍ പേരാണ്. 2017 സപ്തംബറില്‍ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് കൈക്കലാക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം നേടിയെടുത്തത്. 16, 347 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ വാരിയെറിഞ്ഞത്. സംപ്രേക്ഷണാവകാശത്തിനു വേണ്ടി ചെലവഴിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്.

ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്)

ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്)

പുതിയ സീസണിലെ ഐപിഎല്ലില്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരമാണ് ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്). നേരത്തേ ഡിആര്‍എസിനെ മുഖം തിരിഞ്ഞുനിന്ന ബിസിസിഐ ഇത്തവണ പച്ചക്കൊടി കാട്ടുകായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അവസാനമായി ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാന്‍ അനുവദിച്ചതും ഇന്ത്യ തന്നെയാണ്. 2016-17 സീസണില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്.
2017 ഒക്ടോബര്‍ ഒന്ന് മുതലാണ് ട്വന്റി20 മല്‍സരങ്ങളില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. 2017ലെ പാകിസ്താന്‍ പ്രീമിയര്‍ ലീഗിലെ പ്ലേഓഫ് മല്‍സരങ്ങള്‍ മുതലാണ് ആദ്യമായി ഒരു ട്വന്റി20 ടൂര്‍ണമെന്റില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ തുടങ്ങിയത്. മല്‍സരത്തില്‍ ഇരുടീമിനും ഒരു തവണ അംപയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.

ഐപിഎല്‍: നരെയ്‌നില്ലാതെ എന്ത് കൊല്‍ക്കത്ത? ലിന്നുമുണ്ട്...

ഐപിഎല്‍ ഉദ്ഘാടനം; 5 കോടി രൂപ പ്രതിഫലത്തിന് രണ്‍വീര്‍ സിങ് എത്തില്ല

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 3, 2018, 10:28 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍