
2013ലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനു പകരം രോഹിത് ശര്‍മ ആദ്യമായി മുംബൈയുടെ നായകസ്ഥാനത്തേക്കു വരുന്നത്. അന്നു മുതല്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്. രോഹിത്തിനു കീഴില്‍ മുംബൈ അഞ്ചു തവണ ഐപിഎല്‍ ട്രോഫി നേടി റെക്കോര്‍ഡിടുകയും ചെയ്തു. 2013ലെ സീസണിന്റെ മധ്യത്തില്‍ വച്ചായിരുന്നു പോണ്ടിങില്‍ നിന്നും ടീമിന്റെ കടിഞ്ഞാണ്‍ ഹിറ്റ്മാന്‍ ഏറ്റെടുത്തത്. തൊട്ടടുത്ത സീസണില്‍ ടീമിനു കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് 2015, 17, 18, 20 സീസണുകളിലും മുംബൈയെ രോഹിത് ചാംപ്യന്‍മാരാക്കി. അദ്ദേഹത്തിനു കീഴില്‍ 75 മല്‍സരങ്ങളിലാണ് ടീം ജയിച്ചത്. 50 കളികളില്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.

ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസമായ എംഎസ് ധോണിയുടെ പേരിലാണ്. 204 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. 2008 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ സിഎസ്‌കെയുടെ ഫുള്‍ടൈം ക്യാപ്റ്റനായിരുന്നു ധോണി. രണ്ടു സീസണുകളില്‍ സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനെയും അദ്ദേഹം നയിച്ചു. സിഎസ്‌കെയെ നാലു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് ധോണി. 2010, 11, 18, 21 സീസണുകളിലായിരുന്നു സിഎസ്‌കെയുടെ കിരീടവിജയങ്ങള്‍. ഈ സീസണിനു രണ്ടു ദിവസങ്ങള്‍ മുമ്പാണ് അദ്ദേഹം നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്കു കൈമാറിയത്.

എംഎസ് ധോണിക്കു പിറകില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ക്യാപ്റ്റനായ രണ്ടാമത്തെയാള്‍ വിരാട് കോലിയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അദ്ദേഹം 140 മല്‍സരങ്ങളിലാണ് നയിച്ചത്. എന്നാല്‍ ഈ സീസണില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പിന്തള്ളി രോഹിത് രണ്ടാംസ്ഥാനത്തേക്കു കയറുമെന്നു ഉറപ്പായിരിക്കുകയാണ്. കോലിക്കു കീഴില്‍ ആര്‍സിബി 64 മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ 69 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ചാണ് ക്യാപ്റ്റന്‍സി ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത്. ഈ സീസണില്‍ സൗത്താഫ്രിക്കയുടെ ഫഫ് ഡുപ്ലെസിയാണ് ആര്‍സിബിയെ നയിക്കുന്നത്.